പീഡനപരാതി: ടാറ്റു സ്റ്റുഡിയോ ഉടമ അറസ്റ്റില്‍

പ്രതി സുജീഷ്
പ്രതി സുജീഷ്

കൊച്ചി: ടാറ്റു ചെയ്യാന്‍ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ടാറ്റു പാര്‍ലര്‍ ഉടമ അറസ്റ്റിലായി. കൊച്ചി ചേരാനെല്ലൂരിലെ 'ഇന്‍ക്‌ഫെക്ടഡ് ടാറ്റു പാര്‍ലര്‍' ഉടമ പി.എസ്. സുജീഷിനെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ടാറ്റു സ്റ്റുഡിയോയില്‍ പീഡനത്തിനിരയായെന്നു പറഞ്ഞ് ആറ് യുവതികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം മുറുകിയതോടെ ഇയാള്‍ പോലീസിന് കീഴടങ്ങിയതാണെന്നാണ് വിവരം. രാത്രിയോടെ സുജീഷിനെ ചേരാനല്ലൂര്‍ സ്റ്റേഷനില്‍ എത്തിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

സുജീഷിനെതിരേ ആറ് ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചേരാനെല്ലൂരിലെ ടാറ്റു സ്റ്റുഡിയോയില്‍ ശനിയാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു.

സി.സി.ടി.വി. യുടെ ഡി.വി.ആര്‍., കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. പരാതികള്‍ വന്നതോടെ ടാറ്റു പാര്‍ലര്‍ പൂട്ടി. ഇവിടെയുണ്ടായിരുന്ന ജീവനക്കാരുടെയും ആര്‍ട്ടിസ്റ്റുകളെയും ചോദ്യം ചെയ്തു.

ആറുമാസം മുമ്പ് പീഡനത്തിനിരയായ യുവതിയാണ് ആദ്യം പരാതി നല്‍കിയത്. മറ്റു പീഡനങ്ങള്‍ രണ്ടുവര്‍ഷം മുമ്പ് നടന്നതാണ്. ഇതിനാല്‍ത്തന്നെ മതിയായ തെളിവുകള്‍ ശേഖരിക്കുക വെല്ലുവിളിയാണ്. നാല് കേസുകള്‍ പാലാരിവട്ടം സ്റ്റേഷനിലും രണ്ട് കേസുകള്‍ ചേരാനെല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്വകാര്യസ്ഥലത്ത് ടാറ്റു ചെയ്യാന്‍ വന്ന യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് കൂടുതല്‍ യുവതികള്‍ സുജീഷിനെതിരേ രംഗത്തുവരികയായിരുന്നു.

Content Highlights: Kochi Tattoo Studio Case, Sujeesh Arrest