'കേരളം മെട്രോ',പേരുമാറ്റം അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി, സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന് ബെഹ്റ

കൊച്ചി മെട്രോ റെയിൽ, വി.ഡി സതീശൻ | Photo: Mathrubhumi
കൊച്ചി മെട്രോ റെയിൽ, വി.ഡി സതീശൻ | Photo: Mathrubhumi

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റത്തിനുള്ള നീക്കം വിവാദത്തിലേക്ക്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് മാറ്റാൻ ശ്രമം നടക്കുന്നതായി വാർത്ത വന്നതോടെയാണ് വിവിധ മേഖലകളിൽനിന്ന് എതിർപ്പുയർന്നത്. സർക്കാരും അതൃപ്തി അറിയിച്ചതോടെ പേരുമാറ്റം പ്രതിസന്ധിയിലായി.

പേരുമാറ്റം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സർക്കാരിനോട് ആലോചിക്കാതെയാണ് കെ.എം.ആർ.എൽ. വാർത്ത നൽകിയത്. പേരുമാറ്റത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേരുമാറ്റത്തിന് അംഗീകാരംതേടി സംസ്ഥാനസർക്കാരിന് ശുപാർശ സമർപ്പിച്ചിട്ടുണ്ടെന്നാണ് കെ.എം.ആർ.എൽ. വ്യാഴാഴ്ച വ്യക്തമാക്കിയത്. സംസ്ഥാനത്തൊട്ടാകെയുള്ള മെട്രോ പദ്ധതികളുടെ ചുമതലവഹിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പേര് നിർദേശിച്ചതെന്നും കെ.എം.ആർ.എൽ. പറയുന്നു. പേരുമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണ്. പേരുമാറ്റത്തിനെതിരേ ഹൈബി ഈഡൻ എം.പി. മുൻ മന്ത്രി പ്രൊഫ. കെ.വി. തോമസ്, ടി.ജെ. വിനോദ് എം.എൽ.എ. എന്നിവർ മുഖ്യമന്ത്രിക്ക് കത്തയച്ചു.

അന്തിമതീരുമാനം സംസ്ഥാനസർക്കാരിന്റേത് -ലോക്‌നാഥ് ബെഹ്‌റ

പേരുമാറ്റം സംബന്ധിച്ച അന്തിമതീരുമാനം സംസ്ഥാന സർക്കാരിന്റേതാണെന്ന് കെ.എം.ആർ.എൽ. എം.ഡി. ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സർക്കാരിന് ശുപാർശ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. പേരുമാറ്റം സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും അദ്ദേഹം ‘മാതൃഭൂമി’യോട് പറഞ്ഞു. സംസ്ഥാനത്തെ വിവിധ മെട്രോ പദ്ധതികൾ നടപ്പാക്കുമ്പോൾ അത് പൊതുവായ ഒരു കമ്പനിയുടെ കീഴിലാകുന്നത് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: KMRL proposed renaming Kochi Metro to Kerala Metro Rail Limited., The Kerala government expressed dissatisfaction, stating the move was done without prior consultation., Chief Minister clarified that the name change is not currently under consideration., Several leaders including Hibi Eden and K.V. Thomas wrote to the CM opposing the renaming., KMRL MD Loknath Behera stated that the final decision rests with the state government.