‘സർക്കാർ അറിഞ്ഞിട്ടില്ല’; കൊച്ചി മെട്രോയുടെ പേരുമാറ്റില്ലെന്ന് മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
കൊച്ചി മെട്രോ റെയിൽ, വി.ഡി സതീശൻ | Photo: Mathrubhumi
കൊച്ചി മെട്രോ റെയിൽ, വി.ഡി സതീശൻ | Photo: Mathrubhumi

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുമെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാർ ഒന്നും അറിഞ്ഞിട്ടില്ല, പേരുമാറ്റാനുള്ള ചർച്ച സർക്കാരിന്റെ പരിഗണനയിലും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാവിലെ പത്രവാർത്തകൾ കണ്ടാണ് താൻ ഈ വിവരം അറിഞ്ഞത് പോലും. അങ്ങനെ ഒരു വാർത്ത വന്നിട്ടുണ്ടെങ്കിൽ അത് സിഎംആർഎല്ലിന്റെ ഏകപക്ഷീയമായ പ്രഖ്യാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാഴാഴ്ചയാണ്‌ കൊച്ചി മെട്രോ റെയിലിന്റെ പേരു മാറ്റുന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. കൊച്ചി മെട്രോ 'കേരളം മെട്രോ' റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെ.എം.ആർ.എൽ. എംഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചതായിരുന്നു റിപ്പോർട്ട്. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം. നാഗ്പൂർ മെട്രോ 'മഹാരാഷ്ട്ര മെട്രോ' ആയും ലഖ്നൗ മെട്രോ 'ഉത്തർപ്രദേശ് മെട്രോ' ആയും അഹമ്മദാബാദ് മെട്രോ 'ഗുജറാത്ത് മെട്രോ' ആയും പുനഃസംഘടിപ്പിച്ച മാതൃക പിന്തുടർന്നാണ് നീക്കം.

പേര് മാറ്റാൻ ആദ്യം സംസ്ഥാന സർക്കാരിന്റെ അനുമതിയാണ് വേണ്ടത്. അനുമതി ലഭിച്ചാൽ മറ്റ് നടപടികളിലേക്ക് കടക്കും. ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരങ്ങൾക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുകയെന്ന് കെ.എം.ആർ.എൽ. അറിയിച്ചിട്ടുണ്ട്.

പേര് മാറ്റുന്നത് കെ.എം.ആർ.എൽ കമ്പനിയുടെ നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാർ, നിയമപരമായ നിലനിൽപ്പ് എന്നിവയെ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്ന് തുക വിനിയോഗിച്ചായിരിക്കും ബ്രാൻഡിംഗും മാറ്റങ്ങളും നടപ്പാക്കുകയെന്നും എംഡി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Chief Minister VD Satheesan stated the government has no plans or discussions regarding renaming Kochi Metro., KMRL MD Loknath Behera reportedly proposed renaming Kochi Metro to Kerala Metro Rail Limited., The proposal mimics models in Nagpur, Lucknow, and Ahmedabad., Final approval requires state, central, and corporate ministry clearances.