മന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മൂന്ന് പേർക്ക് ഷിഗെല്ല, വില്ലൻ മയോണൈസ്?

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നവരിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കടവന്ത്രയിൽ പ്രവർത്തിക്കുന്ന അൽ റീം ഹോട്ടലിൽനിന്ന് നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവമുണ്ടായത്. 15 പേരോളം ചികിത്സയിൽ ഉണ്ടായിരുന്നു. ഇതിൽ മൂന്ന് പേർക്കാണ് ഇപ്പോൾ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനമനുസരിച്ച് ഭക്ഷണത്തോടൊപ്പം വിളമ്പിയ മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് കരുതുന്നത്. മയോണൈസ് കഴിക്കാത്തവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭക്ഷണം കഴിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഭക്ഷ്യവിഷബാധയേറ്റവരുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. പലർക്കും കഠിനമായ ക്ഷീണവും ശാരീരിക അസ്വസ്ഥതകളും തുടരുകയാണ്. മരുന്ന് കഴിച്ചപ്പോൾ ആദ്യം രോഗലക്ഷണങ്ങളിൽ കുറവ് കണ്ടെങ്കിലും, രണ്ടു ദിവസത്തിന് ശേഷം കഠിനമായ വയറുവേദനയും വയറിളക്കവും വീണ്ടും അനുഭവപ്പെട്ടതായി കടയിൽ നിന്ന് പതിവായി മന്തി വാങ്ങാറുള്ള നൈസ് ജോണി മാതൃഭൂമിയോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കടയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ വിഷബാധയുടെ കൃത്യമായ കാരണം വ്യക്തമാകൂ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മയോണൈസ് പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയാണോ ഇത്രയധികം പേർക്ക് രോഗം വരാൻ കാരണമായതെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.

Content Highlights: Three individuals tested positive for Shigella in Kochi., Initial investigation points to mayonnaise served with mandi., Health department and food safety officials have launched an inquiry., Victims continue to suffer from severe abdominal pain and exhaustion.