വിവരാവകാശം: സ്ഥിരം പരാതിക്കാർക്കെതിരേ വിജിലൻസ് അന്വേഷണത്തിന് കൊച്ചി കോർപറേഷൻ; തട്ടിപ്പുകാരെ ഒതുക്കാനെന്ന് മേയർ

#ന്യൂസ് ഡെസ്ക്
വി.കെ. മിനിമോൾ | Photo: Mathrubhumi
വി.കെ. മിനിമോൾ | Photo: Mathrubhumi

കൊച്ചി: നിരന്തരം വിവരാവകാശ നിയമം ഉപയോഗിച്ച് വസ്തുതകൾ തേടുന്നവരെ നിലയ്ക്കുനിർത്താൻ കൊച്ചി കോർപ്പറേഷൻ രംഗത്ത്. ചിലർ വിവരാവകാശ നിയമം ദുരുപയോഗം ചെയ്ത് അഴിമതിക്കും സാമ്പത്തിക തട്ടിപ്പിനുമായി കോക്കസ് പോലെ പ്രവർത്തിക്കുന്നുവെന്നാണ് കോർപ്പറേഷന്റെ കണ്ടെത്തൽ. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ കൊച്ചി കോർപ്പറേഷൻ യോഗം തീരുമാനിച്ചു.

തുടർച്ചയായി പരാതികൾ ഉന്നയിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും വിവരങ്ങൾ ശേഖരിച്ച് അന്വേഷണത്തിനായി വിജിലൻസിന് കൈമാറാനാണ് ബുധനാഴ്ച ചേർന്ന കോർപ്പറേഷൻ കൗൺസിൽ തീരുമാനം. ഇതിനായി കോർപ്പറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വിവരാവകാശ അപേക്ഷകളുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെ പേരിൽ കൃത്രിമമായി തയ്യാറാക്കിയ പരാതികൾ നൽകി ചിലർ തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഫോർട്ട്കൊച്ചി സോണിലെ വിജിലൻസ് നടപടികളുടെ പശ്ചാത്തലത്തിലും വില്ലേജ് ഓഫീസർ ഉൾപ്പെടെ പിടിയിലായ അഴിമതിക്കേസുകളിലും ഇത്തരം വിവരാവകാശ ദുരുപയോഗത്തിന്റെ വിവരങ്ങൾ വിജിലൻസ് കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചില ഉദ്യോഗസ്ഥർക്കും ഇത്തരം മാഫിയകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മേയർ വി.കെ. മിനിമോൾ പറഞ്ഞു.

പരാതി നൽകാനുള്ള പൗരന്മാരുടെ അവകാശത്തെ തടയില്ല, എന്നാൽ 2005-ലെ വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ല. കോർപ്പറേഷനിൽ ഒരു പരിധിയിലധികം ആവർത്തിച്ച് പരാതികൾ നൽകിയിട്ടുള്ള വ്യക്തികൾ, സംഘടനകൾ എന്നിവരുടെ കൃത്യമായ കണക്കുകളും പേരുവിവരങ്ങളും വിജിലൻസിന് കൈമാറും. ഇത്തരക്കാരുടെ പ്രധാന ഉപജീവനമാർഗം, സാമ്പത്തിക സ്രോതസ്സ്, മറ്റ് തൊഴിൽ പശ്ചാത്തലങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസിനോട് ആവശ്യപ്പെടാനാണ് കൗൺസിൽ യോഗത്തിൽ ധാരണയായത്.

അനാവശ്യ വിവരാവകാശ പരാതിക്കാർക്കെതിരേ അന്വേഷണം വേണമെന്ന 41-ാം ഡിവിഷൻ കൗൺസിലർ ജിസൺ ജോർജിന്റെ ആവശ്യത്തിൻമേലാണ് നടപടി. ഒരാൾ പതിനഞ്ചിൽ കൂടുതൽ വിവരാവകാശ അപേക്ഷകൾ നൽകിയാൽ അവർക്കെതിരേ അന്വേഷണം വേണമെന്നാണ് ജിസൺ ജോർജ് ആവശ്യപ്പെട്ടത്.

മുന്നറിയിപ്പില്ലാതെ നിസ്സാരമായ സാങ്കേതിക പിഴവുകൾ പോലും വൻ ക്രമക്കേടുകളായി ചിത്രീകരിച്ച് കെട്ടിട ഉടമകളെ ഭീഷണിപ്പെടുത്തുന്നതാണ് ഇത്തരക്കാരുടെ രീതി. കെട്ടിട ഉടമകളെ സമ്മർദത്തിലാക്കി പണംതട്ടലും സാമ്പത്തിക സെറ്റിൽമെന്റുകളുമാണ് പലരുടെയും ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്ന ഇത്തരം സ്ഥിരം പരാതിക്കാരെയും മാഫിയകളെയുമാണ് താൻ ചോദ്യം ചെയ്തതെന്നും, സ്വന്തം വീടിന് സമീപത്തെ നിയമലംഘനങ്ങൾക്കെതിരേ സാധാരണക്കാർ നൽകുന്ന ന്യായമായ പരാതികളെ എതിർക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരാവകാശവും പരാതികളും ജനാധിപത്യ അവകാശം

വിവരാവകാശ അപേക്ഷകളും പരാതികളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും, അത് വർഷങ്ങളായി തുടരുന്ന ജനാധിപത്യപരമായ അവകാശമാണെന്നും തേവര 53-ാം ഡിവിഷൻ കൗൺസിലർ എലിസബത്ത് ടീച്ചർ. വിവരാവകാശ പരാതിക്കാർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ലെന്ന് അവർ പറഞ്ഞു. നമ്മൾ തെറ്റുകൾ ഒന്നും ചെയ്തിട്ടില്ലെങ്കിൽ പരാതികളെ ഭയപ്പെടേണ്ട സാഹചര്യമില്ല. പരാതികളിൽ ന്യായമുണ്ടെങ്കിൽ അത് പരിശോധിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടതെന്നും എലിസബത്ത് വ്യക്തമാക്കി.

Content Highlights: Kochi Corporation decides to take strict action against the misuse of the RTI Act., Details of individuals and organizations repeatedly filing complaints will be handed over to the Vigilance., Corporation Secretary is assigned to collect data and submit a report., Measures aimed at stopping extortion mafias targeting building owners.