ബയോമെഡിക്കൽ മാലിന്യവും ശേഖരിക്കും; കിലോയ്ക്ക് 50-ൽ നിന്ന് 12 രൂപയായി കുറച്ചു - | Mathrubhumi Impact

കൊച്ചി: ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ശാശ്വത പരിഹാരവുമായി കൊച്ചി കോർപ്പറേഷൻ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തത്തിന് ശേഷം സാനിറ്ററി പാഡുകൾ, ഡയപ്പർ തുടങ്ങിയവ ശേഖരിക്കാതെ വന്നതോടുകൂടി ദുരിതത്തിൽ ആയിരുന്നു ജനങ്ങൾ. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മാതൃഭൂമി ഡോട്ട് കോം വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കോർപ്പറേഷന്റെ നടപടി.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. ഓരോ വാർഡുകളിലും ഓരോ ദിവസമാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. കിലോയ്ക്ക് 12 രൂപയാണ് മാലിന്യം ശേഖരിക്കുമ്പോൾ നൽകേണ്ടത്. ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി നാപ്കിനുകൾ, സിറിഞ്ചുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ, മരുന്നു കുപ്പികൾ, സ്ട്രിപ്പുകൾ, സൂചികൾ, ഡ്രസിംഗ് കോട്ടണുകൾ തുടങ്ങിയവ വീടുകളിലെത്തി ശേഖരിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800 890 5089 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ആക്രി ഓൺലൈൻ പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് സംവിധാനമൊരുക്കിയിരിക്കുന്നത്.
നേരത്തെ ഒരു കിലോ ബയോമെഡിക്കൽ മാലിന്യത്തിന് 50 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ 12 രൂപയാക്കി കുറച്ചത്. വാർഡ് തലത്തിൽ ശേഖരിക്കുന്നതിനും ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. ബയോമെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കാതിരുന്നതോടെ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, കിടപ്പ് രോഗികൾ തുടങ്ങിയവരുടെ കുടുംബങ്ങൾ ദുരിതത്തിൽ ആയിരുന്നു. മാലിന്യം ശേഖരിക്കാൻ തീരുമാനമായതോടുകൂടി ആശ്വാസത്തിലാണ് ജനങ്ങൾ.
Read more at: കൊച്ചിക്കാര്‍ ചോദിക്കുന്നു: ഈ പാഡും ഡയപ്പറുമെല്ലാം ഞങ്ങളെന്ത് ചെയ്യണം?
Content Highlights: kochi corporation waste issue mathrubhumi dotcom impact