സൂംബ വിവാദം: സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന സമീപനം മതപണ്ഡിതരില്‍ നിന്നും ഉണ്ടാകരുത്-കെ എന്‍ എം

കോഴിക്കോട്: പൊതുസമൂഹത്തില്‍ വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും തിരികൊളുത്തുന്ന പ്രസ്താവനകളില്‍ നിന്നും നിലപാടുകളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎന്‍ എം) സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു. കെഎന്‍എം സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയത കത്തിക്കുന്നവര്‍ക്ക് അത് അണയ്ക്കാന്‍ കഴിയില്ല എന്ന കാര്യം തിരിച്ചറിയണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം അടിസ്ഥാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്നതിനെ കരുതിയിരിക്കണമെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു.
സൂംബ വിവാദത്തിന്റെ മറവില്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കരുതിയിരിക്കാനും മതപണ്ഡിതര്‍ വളരെ പക്വതയോടെ സംസാരിക്കാനും പഠിക്കണം. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന സമീപനം മതപണ്ഡിതരില്‍ നിന്നും ഉണ്ടാകരുതെന്നും കെ എന്‍ എം പ്രസിഡന്റ് ആവശ്യപ്പെട്ടു
ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് വോട്ടര്‍ പട്ടികയുടെ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ സംശയം എത്രയും വേഗം ദൂരീകരിക്കണമെന്നും പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. വോട്ടര്‍ പട്ടിക പരിശോധനക്ക് നിലവില്‍ സ്വീകരിക്കുന്ന രേഖകള്‍ക്ക് പുറമെ പൗരത്വം ചോദ്യം ചെയ്യുന്ന രൂപത്തിലുള്ള ഇടപെടല്‍ സംശയം ഉണ്ടാക്കുന്നതാണ്. എന്‍ആര്‍സിക്കെതിരേ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്ന ഘട്ടത്തില്‍ പിന്‍വാങ്ങിയ കേന്ദ്ര സര്‍ക്കാര്‍ തന്ത്രപരമായി രാജ്യത്തെ പൗരന്മാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും എടുത്ത് മാറ്റണമെന്ന ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവനയും അതിനു പിന്തുണ നല്‍കുന്ന ഭരണഘടനാ സ്ഥാപന മേധാവികളുടെ വാക്കുകളും അങ്ങേയറ്റം ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ചട്ടങ്ങളും വ്യവസ്ഥകളും റദ്ദ് ചെയ്തു ഏകാധിപത്യത്തിലേക്ക് വഴി വെട്ടുന്നത് ഒറ്റകെട്ടായി തടയണമെന്നും കെ എന്‍ എം സംസ്ഥാന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
'പവിത്ര കുടുംബം പരിശുദ്ധ ബന്ധങ്ങള്‍' എന്ന പ്രമേയത്തില്‍ നടക്കുന്ന കെ എന്‍ എം ശാഖാ കുടുംബ സംഗമം കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. പ്രൊഫ എൻ വി അബ്ദു റഹ്‌മാൻ,ഡോ ഹുസൈൻ മടവൂർ, എം ടി അബ്ദു സമദ് സുല്ലമി, എ അസ്ഗർ അലി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,ഡോ.സുൾഫിക്കർ അലി, അബ്ദു റഹ്‌മാൻ പാലത്ത്,സി. മുഹമ്മദ് സലീം സുല്ലമി,ഡോ പി പി അബ്ദുൽ ഹഖ് , സുഹ്‌റ മമ്പാട്, കെ എം എ അസീസ്,റഹ്മത്തുല്ല സ്വലാഹി സുഹ്ഫി ഇമ്രാൻ, അമീൻ അസ്‌ലഹ് ,അസീം തെന്നല എന്നിവർ പ്രസംഗിച്ചു.
Content Highlights: KNM State President urges against divisive statements, highlights concerns over zumba controversy