'കാണണമെന്ന് പറഞ്ഞിരുന്നു, പലതവണ വിളിച്ചെങ്കിലും ഫോണെടുത്തില്ല, ഇന്നദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു'

ഡോ. എം. കുഞ്ഞാമൻ, കെ.എം. ഷാജഹാൻ | ഫോട്ടോ: മാതൃഭൂമി
ഡോ. എം. കുഞ്ഞാമൻ, കെ.എം. ഷാജഹാൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പ്രമുഖ ദളിത് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.എം. കുഞ്ഞാമനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത് സുഹൃത്തും പൊതുപ്രവർത്തകനുമായ കെ.എം. ഷാജഹാന്‍. കുഞ്ഞാമനെ വീട്ടിൽ സന്ദർശിക്കുന്നതിന് എത്തയപ്പോഴാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ഷാജഹാൻ പറഞ്ഞു. മരണം ആത്മഹത്യയാണോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

'ഇന്നലെ ഉച്ചയായപ്പൊൾ എന്നെ കുഞ്ഞാമന്‍ സാര്‍ വിളിച്ചിരുന്നു. ഞാനൊരു മീറ്റിങ്ങിലായിരുന്നു. രാത്രിയിലും വിളിച്ചിരുന്നു. തിരക്കിലായതുകൊണ്ട് നാളെ കണ്ടാല്‍ പോരേ എന്ന് ഞാന്‍ ചോദിച്ചു. വൈകീട്ട് നാല് മണിക്ക് വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു. ഞാനും എന്റെ സുഹൃത്ത് പ്രസാദ് സോമരാജനും നാല് മണിക്ക് വന്നു. വരുന്നവഴിക്കുതന്നെ രണ്ട് നമ്പറിലേക്കും ഞങ്ങള്‍ വിളിച്ചെങ്കിലും എടുത്തില്ല', ഷാജഹാന്‍ പറഞ്ഞു. 

'വീട്ടിലെത്തിയപ്പൊൾത്തന്നെ എന്തോ ദുരൂഹത തോന്നി. കാരണം, പുറത്ത് ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നു. ചെരിപ്പ് പുറത്തുണ്ടായിരുന്നു. ഹിന്ദു പത്രമാണ് സാര്‍ വായിക്കാറ്. അത് വായിക്കാത്ത നിലയിലായിരുന്നു. ബെഡ് റൂമില്‍ ലൈറ്റും ഫാനും ഉണ്ടായിരുന്നു. പത്തുപതിനഞ്ച് മിനുറ്റ് ഞങ്ങള്‍ വിളിച്ചെങ്കിലും ഒരു മറുപടിയുമുണ്ടായില്ല. പിന്നെ ഞങ്ങള്‍ റെസിഡന്റ്‌സ് അസോസിയേഷന്‍കാരെ വിളിച്ചുകൊണ്ടുവന്നു. ഇന്നലെ പുറത്ത് പോയി സാധനങ്ങള്‍ വാങ്ങുന്നത് കണ്ടെന്നും ഇന്ന് പുറത്ത് കണ്ടില്ലെന്നുമാണ് അവര്‍ പറഞ്ഞത്. അവരാണ് പോലീസിനെ വിളിച്ചത്. പോലീസാണ് വീട്ടില്‍ കയറി നോക്കാന്‍ പറഞ്ഞത്.'

'അകത്ത് കയറി നോക്കിയപ്പോഴാണ് ഡൈനിങ് ഹാളില്‍ നിലത്ത് മലര്‍ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ഛര്‍ദ്ദിച്ചതിന്റെ അവശിഷ്ടം മുഖത്തുണ്ടായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുള്ളതായാണ് കണ്ടപ്പൊ എനിക്ക് തോന്നിയത്', ഷാജഹാൻ പറഞ്ഞു.

'പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സാർ ഒരു ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഉറക്കഗുളിക കഴിച്ചായിരുന്നു അത്. ഞാനാണ് അന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയത്. ആ എന്നെ തന്നെയാണ് സമാനമായ സന്ദര്‍ഭത്തില്‍ അദ്ദേഹം വിളിച്ചത് എന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. ആത്മഹത്യയാണോ അല്ലയോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ, ഇന്നലെ എന്നെ വിളിച്ചതില്‍ നിന്ന് അദ്ദേഹത്തിന് എന്നോട് എന്തോ പറയാനുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അത് ആത്മഹത്യയെ കുറിച്ചായിരുന്നോ എന്ന് എനിക്ക് അറിയില്ല. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന് ഒരാള്‍ പറഞ്ഞത് കേട്ടു', ഷാജഹാന്‍ പറഞ്ഞു. 

Content Highlights: KM Shajahan who saw deadbody of M Kunjaman first speaks to media.