ടിപിയുടെ ചോരവീണ ദിനത്തിൽ ആർ.എം.പി.ഐ.ക്ക് മധുരപ്രതികാരം; 'കുലംകുത്തി'യെന്ന് വിളിച്ചവർക്ക് മറുപടി

#സ്വന്തം ലേഖകൻ
കെ.കെ. രമ(ഇടത്ത്, ഫയല്‍ചിത്രം) വിജയം ഉറപ്പിച്ചശേഷം കെ.കെ. രമ ടി.പി. ചന്ദ്രശേഖരന്റെ പ്രതിമയ്ക്കുമുന്നില്‍ വികാരാധീനയായപ്പോള്‍(വലത്ത്) |-ഫോട്ടോ: പി. കൃഷ്ണപ്രദീപ്
കെ.കെ. രമ(ഇടത്ത്, ഫയല്‍ചിത്രം) വിജയം ഉറപ്പിച്ചശേഷം കെ.കെ. രമ ടി.പി. ചന്ദ്രശേഖരന്റെ പ്രതിമയ്ക്കുമുന്നില്‍ വികാരാധീനയായപ്പോള്‍(വലത്ത്) |-ഫോട്ടോ: പി. കൃഷ്ണപ്രദീപ്

വടകര: മേയ് നാല് എന്നാൽ ഒടുങ്ങാത്ത വേദനയുടെ ഓർമ്മപ്പെടുത്തലാണ് ആർ.എം.പി. പ്രവർത്തകർക്ക്. പ്രിയ സഖാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ദിനം. ടി.പി.യുടെ 14-ാം രക്തസാക്ഷിത്വവാർഷികദിനം, പക്ഷേ, അവർക്ക് ഇക്കുറി മധുരപ്രതികാരത്തിന്റെ ദിവസമായി. ടി.പി.യെ 'കുലംകുത്തി'യെന്ന് വിളിച്ചവർക്ക് മറുപടിനൽകാൻ ഈ ദിവസംതന്നെ കാത്തുവെച്ചത് കാലത്തിന്റെ കാവ്യനീതിയെന്നാണ് ആർ.എം.പി.യുടെ പക്ഷം.

നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ആർ.എം.പി.ഐ. സ്ഥാനാർഥി കെ.കെ. രമയ്ക്ക് ഉജ്ജ്വലവിജയം. ഒപ്പം ഇടതുകോട്ടകൾ തകർത്ത് യു.ഡി.എഫിന്റെ തേരോട്ടം. ടി.പി. ചന്ദ്രശേഖരന്റെ പാത പിന്തുടർന്ന് പാർട്ടിയെ വെല്ലുവിളിച്ച് പുറത്തിറങ്ങിയ പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദനും ഉൾപ്പെടെയുള്ളവരുടെ വിജയം ആർ.എം.പി.ഐ. മേയ് നാലിന്റെ വിളംബരമായി ഉയർത്തിക്കാട്ടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി പുറത്തുവന്നയുടൻതന്നെ കെ.കെ. രമയും ആർ.എം.പി.ഐ.- യു.ഡി.എഫ്. നേതാക്കളും ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞിരുന്നു. ''മേയ് നാല് ഞങ്ങൾക്ക് മധുരപ്രതികാരത്തിന്റെ ദിനമാണ്... അന്ന് എൽ.ഡി.എഫ്. ഭരണത്തിന് അന്ത്യംകുറിക്കും...''- തിരഞ്ഞെടുപ്പ് പ്രചാരണത്തിലെല്ലാം ഇത് ആവർത്തിച്ചു. വൈകാരികമായി ഏറെ അടുപ്പമുള്ള ദിവസം ഫലംവരുമ്പോൾ ടി.പി.യുടെ പ്രസ്ഥാനം തോൽക്കരുതെന്ന നിർബന്ധത്തിലായിരുന്നു പാർട്ടിപ്രവർത്തകർ. അത് യാഥാർഥ്യമായി.

2008-ൽ പാർട്ടിയുടെ നയവ്യതിയാനത്തെ ചോദ്യംചെയ്താണ് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒഞ്ചിയത്തെ സി.പി.എമ്മിലെ വലിയൊരു വിഭാഗം പാർട്ടിവിട്ട് പുറത്തേക്ക് വന്നത്. പിന്നാലെ ആർ.എം.പി. എന്ന പ്രസ്ഥാനം രൂപവത്കരിച്ചു. 2012 മേയ് നാലിന് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയതോടെ കേരളം അന്നേവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിന് നാട് സാക്ഷ്യംവഹിച്ചു. സി.പി.എം. പ്രതിക്കൂട്ടിലായി. പാർട്ടിനേതാക്കളും പ്രവർത്തകരും കൊലക്കേസിൽ അറസ്റ്റിലായി. പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തു. അതുവരെ ഒഞ്ചിയം മേഖലയിൽമാത്രം ഒതുങ്ങിനിന്ന പ്രസ്ഥാനം പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്നിധ്യമറിയിച്ചു. 2021-ൽ യു.ഡി.എഫ്. പിന്തുണയോടെ കെ.കെ. രമ വടകരയിൽ മത്സരിച്ച് വിജയിച്ചതോടെ നിയമസഭയിലും ആർ.എം.പി.യുടെ ശബ്ദമുയർന്നു. ഇത്തവണ ഭൂരിപക്ഷം കുത്തനെ ഉയർത്തിക്കൊണ്ട് വിജയം ആവർത്തിച്ചതോടെ കെ.കെ. രമയിലൂടെ ഒരു മന്ത്രിസ്ഥാനമോ, സ്പീക്കർസ്ഥാനമോ ആർ.എം.പി.ഐ. സ്വപ്നം കാണുന്നുണ്ട്.

Content Highlights: KK Rema wins Vadakara constituency in the 2026 assembly elections., The victory coincides with the 14th death anniversary of TP Chandrasekharan., RMPI frames the electoral success as a symbolic act of political justice., The party eyes potential cabinet or speaker roles following increased margins., The election results signal a shift in political influence in the region.