പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ദാഹിക്കുന്നു, ഇപ്പോൾ നടക്കുന്നത് ലാവ്‌ലിൻ വേട്ടയാടലിന്റെ റീമേക്ക് -കെ.കെ. രാഗേഷ്

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ, കെ.കെ. രാഗേഷ് | ചിത്രങ്ങൾ: മാതൃഭൂമി
പിണറായി വിജയൻ, കെ.കെ. രാഗേഷ് | ചിത്രങ്ങൾ: മാതൃഭൂമി

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന് പിന്തുണയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. എക്‌സാലോജിക്-സിഎംആർഎൽ ഇടപാടിൽ പിണറായി വിജയനെതിരെ കേസെടുക്കാൻ കേരളാ പോലീസിനോട് ഇ.ഡി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പിന്തുണ. പിണറായി വിജയന്റെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ദാഹിക്കുന്നു എന്ന് കെ.കെ. രാഗേഷ് പറഞ്ഞു. 'ക്വട്ടേഷൻ സംഘം വീണ്ടും രക്തത്തിനായി ദാഹിക്കുന്നു' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രാഗേഷ് ഇക്കാര്യം പറഞ്ഞത്.

ലാവ്‌ലിൻ കാലത്ത് സിൻഡിക്കേറ്റ് മാധ്യമങ്ങൾ മെനഞ്ഞെടുത്ത കഥകൾ ഓരോന്നായി പൊളിഞ്ഞുവീഴുന്നത് കേരളം കണ്ടതാണ്. ഇതേ അന്ത്യം തന്നെയാണ് പുതിയ വ്യാജകഥകളേയും കാത്തിരിക്കുന്നത്. അന്ന് പിണറായി വിജയന്റെ ചോരയ്ക്കായി ആർത്തിപൂണ്ട അതേ മാധ്യമ ക്വട്ടേഷൻ സംഘം തന്നെയാണ് ഇന്നും പുതിയ വേഷത്തിൽ രംഗത്തുള്ളതെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

'ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന തിരക്കഥകൾ സംഘപരിവാറിന്റെ ആലയിൽ വെച്ച് മിനുക്കിയെടുത്തതാണ്. യുഡിഎഫും മാധ്യമ ക്വട്ടേഷൻ സംഘവും അതിന് ഒത്താശ ചെയ്യുന്നുവെന്ന് മാത്രം. സഖാവ് പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരെ ബിജെപിയും കോൺഗ്രസും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഈ നീക്കങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് തലയ്ക്കകത്ത് ആൾത്താമസമുള്ള ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ്.' -രാഗേഷ് തുടർന്നു.

ലാവലിൻ കാലത്ത് കേരളം കണ്ട വേട്ടയാടൽ നാടകങ്ങളുടെ റീമേക്ക് ഇറക്കി പിണറായി വിജയനെയും ഇടതുപക്ഷത്തെയും തകർക്കാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അവർക്ക് വീണ്ടും നിരാശപ്പെടേണ്ടി വരുമെന്ന് പറഞ്ഞാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സത്യമെന്താണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. ലാവ്‌ലിൻ കാലത്തെ നുണവെള്ളപ്പാച്ചിലിന് തടയിട്ടാണ് പിണറായി 10 വർഷം ജനകീയഭരണം നടത്തിയത്. എന്നിട്ടും പഠിക്കാതെ നുണപ്രചാരണങ്ങൾ തുടരാനാണ് ഭാവമെങ്കിൽ കാലത്തിന്റെ കുപ്പത്തൊട്ടി കാത്തിരിക്കുന്നുണ്ട് എന്നും കെ.കെ. രാഗേഷ് പറഞ്ഞു.

കെ.കെ. രാഗേഷിന്റെ പോസ്റ്റ്

കൊട്ടേഷൻ സംഘം വീണ്ടും രക്തത്തിനായി ദാഹിക്കുന്നു!

ലാവ്ലിൻ കേസിൽ കണ്ടതുപോലെ സഖാവ് പിണറായി വിജയന്റെ ചോരയ്ക്കായി ഇഡി മുതൽ വിഡി വരെ വീണ്ടും അണിനിരന്നിരിക്കുന്നു. അന്ന് സിൻഡിക്കേറ്റ് മാധ്യമങ്ങൾ മെനഞ്ഞെടുത്ത കഥകൾ ഓരോന്നായി പൊളിഞ്ഞുവീഴുന്നത് കേരളം കണ്ടതാണ്. ടെക്നിക്കാലിയ, കമല ഇന്റർനാഷണൽ, വരദാചാരിയുടെ തല തുടങ്ങി അവർ തകർത്താടിയ വ്യാജ ആഖ്യാനങ്ങൾക്കൊടുവിൽ എന്ത് സംഭവിച്ചു? ഇതേ അന്ത്യം തന്നെയാണ് പുതിയ വ്യാജകഥകളെയും കാത്തിരിക്കുന്നത്.

ലാവലിൻ കേസിൽ സിബിഐ കെട്ടിപ്പൊക്കിയ വാദങ്ങളെ കാലത്തിന്റെ ചവറ്റുകുട്ടയിലെറിഞ്ഞ്, കോടതി നടത്തിയ പരാമർശം ഈ വേളയിൽ ഓർക്കേണ്ടതുണ്ട്. 'A person having a modicum of law in his cranium cannot accept such an absurd proposition propounded by the prosecution and the prosecution cannot be permitted to project such an absurd proposition in support of its case.' അതായത്, പച്ചമലയാളത്തിൽ പറഞ്ഞാൽ തലമണ്ടയിൽ ഒരിറ്റെങ്കിലും നിയമബോധമുള്ള ഒരാൾക്ക് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന ഇത്തരം അസംബന്ധങ്ങളെ അംഗീകരിക്കാനോ, കേസിന്റെ ആവശ്യത്തിനായി അത് അവതരിപ്പിക്കാൻ പ്രോസിക്യൂഷനെ അനുവദിക്കാനോ കഴിയില്ല എന്ന്! ആ വിധിപ്രസ്താവത്തോടെ അമ്പേ തകർന്നടിഞ്ഞത് സിൻഡിക്കേറ്റ് മാധ്യമങ്ങളുടെ വിശ്വാസ്യത (?) കൂടിയായിരുന്നു. അന്ന് സഖാവിന്റെ ചോരയ്ക്കായി ആർത്തിപൂണ്ട അതേ മാധ്യമ ക്വട്ടേഷൻ സംഘം തന്നെയാണ് ഇന്നും പുതിയ വേഷത്തിൽ രംഗത്തുള്ളത്.

ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന തിരക്കഥകൾ സംഘപരിവാറിന്റെ ആലയിൽ വെച്ച് മിനുക്കിയെടുത്തതാണ്. യുഡിഎഫും മാധ്യമ ക്വട്ടേഷൻ സംഘവും അതിന് ഒത്താശ ചെയ്യുന്നുവെന്ന് മാത്രം. സഖാവ് പിണറായി വിജയനും മകൾ ടി. വീണയ്ക്കുമെതിരെ ബിജെപിയും കോൺഗ്രസ്സും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന ഈ നീക്കങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് തലയ്ക്കകത്ത് ആൾത്താമസമുള്ള ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ്.

വീണയുടെ കമ്പനിയായ എക്സാലോജിക് സിഎംആർഎൽ-ൽ നിന്നും സേവനങ്ങൾക്കുള്ള പ്രതിഫലമായാണ് പണം സ്വീകരിച്ചത്. അതുതന്നെ ജിഎസ്ടി ഉൾപ്പെടെയുള്ള നികുതികൾ അടച്ച് ബാങ്ക് വഴി തികച്ചും സുതാര്യമായി കൈമാറിയ തുകയാണ്.

പ്രളയ ദുരന്തനിവാരണത്തിന്റെ ഭാഗമായി തോട്ടപ്പള്ളിയിൽ നടത്തിയ മണൽവാരൽ സിഎംആർഎൽ-നെ സഹായിക്കാനായിരുന്നു എന്ന വാദം വസ്തുതകൾക്കു നിരക്കാത്തതാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ അവർക്ക് ലഭിക്കുന്ന ഇൽമനൈറ്റ് പൂർണ്ണമായും സ്വന്തം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്, അവർ അത് സിഎംആർഎല്ലി-ന് വിൽക്കുന്നില്ല. കെഎംഎംഎൽ- സ്വന്തം ആവശ്യത്തിനുള്ള ഇൽമനൈറ്റ് പോലും ലഭ്യമാവാത്തതിനാൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IREL-ൽ നിന്നുൾപ്പെടെ ഇത് വാങ്ങേണ്ട നിലയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IREL ആണ് സിഎംആർഎൽ-നും ഇൽമനൈറ്റ് നൽകുന്നത്. ഇതിൽ കേരള സർക്കാരിന് യാതൊരു പങ്കുമില്ല.

പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ സ്വകാര്യ കമ്പനിയായ സിഎംആർഎൽ-ൽ നിന്നും സിന്തറ്റിക്ക് റൂട്ടൈൽ വാങ്ങി അവരെ സാമ്പത്തികമായി സഹായിച്ചു എന്നതാണ് മറ്റൊരു ആരോപണം. കെഎംഎംഎൽ സിന്തറ്റിക് റൂട്ടൈൽ വാങ്ങുന്നത് നിയമാനുസൃതമായ സുതാര്യ ടെൻഡറിലൂടെയാണ്. പ്രധാനമായും വാങ്ങിയത് തമിഴ്നാട്ടിലെ കമ്പനിയിൽ നിന്നാണ്. എന്നാൽ തോട്ടപ്പള്ളിയിലെ മണൽവാരൽ തുടങ്ങിയ 2020 മെയ് മാസത്തിന് ശേഷം കെഎംഎംഎൽ ഒരു കമ്പനിയിൽ നിന്നും സിന്തറ്റിക് റൂട്ടൈൽ വാങ്ങിയിട്ടില്ല.

സിഎംആർഎൽ-ന്റെ ഉപകമ്പനിയായ KREML-ന് ഭൂപരിധി ഇളവ് നൽകി എന്ന ആരോപണമാണ് അവസാനത്തേത്. പിണറായി വിജയൻ സർക്കാർ ഭൂപരിധി ഇളവ് തേടിക്കൊണ്ടുള്ള സിഎംആർഎല്ലിന്റെ അപേക്ഷ തള്ളിക്കളയുകയാണ് ചെയ്തത്. വീണ ചെയ്ത ജോലിക്ക് സിഎംആർഎൽ-ൽ നിന്നും പണം വാങ്ങിയ ശേഷമാണ് സർക്കാർ ഭൂപരിധിയിൽ ഇളവുതേടിയ ഈ അപേക്ഷ നിരസിച്ചത്. 'മാസപ്പടി' എന്ന പേരിൽ മനോരമ വാർത്ത ചമയ്ക്കുന്നതിനും വളരെ മുൻപാണ് ഈ അപേക്ഷ തള്ളിയതെന്നും കാണാം.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ മൂന്ന് ആരോപണങ്ങൾ തലങ്ങും വിലങ്ങും വീശിക്കൊണ്ടാണ് പുതിയ കാലത്തെ മാധ്യമ സിൻഡിക്കേറ്റുകൾ കോലാഹലം ഉണ്ടാക്കുന്നത്. ഇതേ വാദങ്ങളുമായാണ് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോയത്. ഹൈക്കോടതി തള്ളിയ ആ കേസിൽ സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷനുമായി പോയ കുഴൽനാടന് രാജ്യത്തെ പരമോന്നത കോടതിയിൽ നിന്നും കനത്ത പ്രഹരമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കുഴൽനാടന്റെ കേസ് തള്ളിക്കളഞ്ഞ സുപ്രീം കോടതി, ഇഡി ഇപ്പോൾ ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു വിജിലൻസ് അന്വേഷണത്തിന്റെ യാതൊരു ആവശ്യവുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഇഡി ഇപ്പോൾ സംസ്ഥാന ആഭ്യന്തര വകുപ്പിനെക്കൊണ്ട് നടത്തിപ്പിക്കാൻ ശ്രമിക്കുന്ന ഇതേ വിജിലൻസ് അന്വേഷണം നേരത്തെ തന്നെ സുപ്രീം കോടതി തള്ളിക്കളഞ്ഞതാണ് എന്ന് സാരം.

രാഷ്ട്രീയമായി നേരിടാൻ കഴിയില്ലെന്ന് വരുമ്പോൾ കേന്ദ്ര ഏജൻസികളെയും വലതുപക്ഷ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് വ്യക്തിഹത്യ നടത്തുക എന്നത് സംഘപരിവാർ - കോൺഗ്രസ്സ് കൂട്ടുകെട്ടിന്റെയും അവരുടെ മാധ്യമങ്ങളുടെയും സ്ഥിരം തന്ത്രമാണ്. എന്നാൽ, വസ്തുതകളുടെയും സത്യത്തിന്റെയും കരുത്തിന് മുന്നിൽ ഇത്തരം നുണക്കോട്ടകൾ തകർന്നടിയുന്നത് നാം കണ്ടു. അതുതന്നെ ഇനിയും ആവർത്തിക്കും. ലാവലിൻ കാലത്ത് കേരളം കണ്ട ആ വേട്ടയാടൽ നാടകങ്ങളുടെ റീമേക്ക് ഇറക്കി പിണറായി വിജയനെയും ഇടതുപക്ഷത്തെയും തകർക്കാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അവർക്ക് വീണ്ടും നിരാശപ്പെടേണ്ടി വരും. സത്യമെന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി ബോധ്യമുണ്ട്. ലാവ്ലിൻ കാലത്തെ നുണവെള്ളപ്പാച്ചലിന് തടയിട്ടുകൊണ്ടുതന്നെയാണ് പിണറായി 10 വർഷം ഈ നാട്ടിൽ ജനകീയഭരണം നടത്തിയത്. എന്നിട്ടും പഠിക്കാതെ നുണപ്രചാരണങ്ങൾ നിങ്ങൾ തുടരാൻ തന്നെയാണ് ഭാവമെങ്കിൽ കാലത്തിന്റെ കുപ്പത്തൊട്ടി നിങ്ങളെ ഇനിയും കാത്തിരിക്കുന്നുണ്ട് എന്നുമാത്രം അറിയുക.

Content Highlights: CPM Kannur District Secretary KK Ragesh defended Pinarayi Vijayan against ED allegations in the Exalogic-CMRL deal, calling the probe a political conspiracy and comparing it to Lavalin-era media witch-hunts.