മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതുവരെ കേന്ദ്ര സർക്കാർ കൂടെയുണ്ടാകും- കിരൺ റിജിജു

കൊച്ചി: മുനമ്പം നിവാസികളുടെ ഭൂമിയിൽ അവർക്ക് പൂർണ അധികാരം തിരിച്ചുലഭിക്കുന്നതുവരെ നരേന്ദ്ര മോദി സർക്കാരും ബിജെപിയും ഒപ്പമുണ്ടാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ-പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. വഖഫ് ഭേദഗതി നിയമമാക്കിയതിൽ മുനമ്പം ജനതയുടെ 'നന്ദി.. മോദി' ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.
"വഖഫ് ബോർഡിന് അനിയന്ത്രിതങ്ങളായ അധികാരങ്ങൾ നൽകിയ നിയമത്തെയാണ് പുതിയ ഭേദഗതിയിലൂടെ മോദി സർക്കാർ ജനാധിപത്യപരവും മതേതരവുമാക്കി നവീകരിച്ചത്. ഏത് ഭൂമിയിലും അവകാശവാദമുന്നയിക്കാവുന്ന സ്ഥിതി ഇനി രാജ്യത്തുണ്ടാകുകയില്ല. ഇതൊരു മുസ്ലീം വിരുദ്ധ നിയമ ഭേദഗതിയാണെന്നാണ് കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രചരിപ്പിക്കുന്നത്. ഇത് സാധാരണക്കാരായ മുസ്ലീങ്ങൾ ഉൾപ്പടെ ലക്ഷണക്കണക്കിനാളുകൾക്ക് പ്രയോജനം ലഭിക്കുന്നതാണ്", കിരൺ റിജിജു പ്രതികരിച്ചു. ആയിരക്കണക്കിന് മുസ്ലീം സ്ത്രീകളാണ് പ്രധാനമന്ത്രിയെ അഭിനന്ദനം അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരമായ കാര്യങ്ങളിലല്ല വഖഫ് സ്വത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ മാത്രമാണ് നിയമം ബാധിക്കുന്നത്. നിയമ ഭേദഗതിക്കനുസരിച്ച് ചട്ടങ്ങൾ നടപ്പിൽവരും. എന്നാൽ, സംസ്ഥാന സർക്കാരിന് കൃത്യമായ നിർദ്ദേശം നൽകി പ്രശ്നം പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഭരണം നിങ്ങൾ കണ്ടതാണെന്നും അവർക്കൊന്നും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും കിരൺ റിജിജു വിമർശിച്ചു. എന്നാൽ, നരേന്ദ്രമോദി സർക്കാർ ഈ പ്രശ്നം പരിഹരിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: kiren Rijiju in nanni modi about waqf issue