ഉണർന്നത് വളർത്തുനായയുടെ കുരകേട്ട്, കാല് വെച്ചതും രാജവെമ്പാല; കുട്ടിയെ എടുത്ത് പുറത്തേക്കിറങ്ങി ഷീജ

കുളത്തൂപ്പുഴ: ഒരുവയസ്സുകാരൻ മകനുമായി ഉച്ചമയക്കത്തിനിടെ വളർത്തുനായയുടെ കുരകേട്ടാണ് അമ്പതേക്കർ വില്ലുമല ആദിവാസി ഉന്നതിയിൽ കുന്നുംപുറത്തുവീട്ടിൽ ഷീജ വീടിനു പുറത്തേക്കിറങ്ങാൻ തുനിഞ്ഞത്. ഇറങ്ങവേ വരാന്തയിൽ കണ്ടത് രാജവെമ്പാലയെ...!
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വളർത്തുനായ്ക്കളുടെ നിർത്താതെയുള്ള കുരകേട്ടുണർന്ന ഷീജ പുറത്തിറങ്ങിയപ്പോൾ വരാന്തയിലിട്ടിരുന്ന കസേരയുടെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. സമീപത്തെ വനത്തിൽനിന്ന് ഇഴഞ്ഞെത്തി വീട്ടുപറമ്പിൽ കയറിയ പാമ്പ് നായ്ക്കൾ തുരത്തുന്നതിനിടെ വീട്ടിനുള്ളിലേക്ക് ഇഴഞ്ഞെത്തിയതെന്ന് കരുതുന്നു.
ഭയന്ന് ഒരുവയസ്സുകാരനുമായി വീടിനു പുറത്തിറങ്ങിയ ഷീജ നാട്ടുകാരുടെയും പഞ്ചായത്ത് അംഗത്തിന്‍റെയും സഹായത്തോടെ തെന്മല വനം ദ്രുതകർമസേയെ വിവരമറിയിച്ചു. സംഘമെത്തി പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടെ, പാമ്പ് ഇഴഞ്ഞ് തൊട്ടടുത്ത തോട്ടിലെ പാറക്കെട്ടിനുള്ളിൽ മറഞ്ഞു.
നാട്ടുകാരുടെ സഹായത്തോടെ ഏറെനെരത്തെ പരിശ്രമത്തിനൊടുവിലാണ് വനപാലകർക്ക് പാമ്പിനെ കണ്ടെത്തി പിടിക്കാനായത്. പിന്നീട് ശെന്തുരുണി വന്യജീവിസങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടു.
Content Highlights: A King Cobra was discovered in the veranda of a house in Kulathupuzha., The resident was alerted to the danger by her continuously barking pet dogs., The Thenmala Forest Rapid Response Team was called to the scene., After a prolonged effort, the snake was successfully captured by the team., The rescued King Cobra was later released into the Shendurney Wildlife Sanctuary.