കിളിമാനൂരിലെ ദമ്പതികളുടെ മരണം: പ്രതി വിഷ്ണു പോലീസ് പിടിയിൽ

തിരുവനന്തപുരം: കിളിമാനൂരിൽ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രക്കാരായ ദമ്പതികൾ മരിച്ച സംഭവത്തിൽ വാഹന ഉടമ വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ പോലീസ് പിടികൂടി. നെയ്യാറ്റിൻകരയിൽനിന്നാണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിഷ്ണുവിന്റെ സുഹൃത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു. സംസ്ഥാനത്തിന് പുറത്തേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലായിരുന്നു വിഷ്ണുവിനെ പിടികൂടിയത് എന്നാണ് വിവരം.
വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി ഇന്നലെ തള്ളിയിരുന്നു. അപകടത്തിൽ ദമ്പതികൾ മരിച്ച് ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാൻ സാധിക്കാത്തതിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അപകടസമയത്ത് ജീപ്പ് ഓടിച്ചിരുന്നത് വിഷ്ണു ആണോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ദമ്പതികളെ ഇടിച്ചിട്ട വാഹനത്തിനുള്ളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നും ഇവരെ സംരക്ഷിക്കാനുള്ള നീക്കമുണ്ടായി എന്നാണ് മരിച്ച ദമ്പതിമാരുടെ ബന്ധുക്കളുടെ ആരോപണം. ജീപ്പിൽ അപകട സമയത്ത് മൂന്നുപേർ ഉണ്ടായിരുന്നു എന്നാണ് സാക്ഷിമൊഴി. അപകടത്തിന് പിന്നാലെ വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വീഴ്ചയുണ്ടായതിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ദക്ഷിണ മേഖല ഐജി സസ്പെൻഡ് ചെയ്തിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി, സാക്ഷി മൊഴിയടക്കം രേഖപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായി എന്നായിരുന്നു കണ്ടെത്തൽ. ജനുവരി നാലിന് വൈകിട്ട് പാപ്പാലയിൽ നടന്ന അപകടത്തിലാണ് കൊല്ലം കുമ്മിൾ പഞ്ചായത്തിലെ എം.രജിത്ത് (41) ഭാര്യ അംബിക (36) എന്നിവർ മരിച്ചത്.
Content Highlights: Police arrest Vishnu, the owner of the jeep involved in the fatal accident that killed a couple in Kilimanoor. Escaping to another state thwarted.