കൂലിയില്ല, കടം പറഞ്ഞ് സർക്കാർ; ഓണത്തിനും ഖാദിയിൽ വറുതി

കണ്ണൂർ: സർക്കാർ നൽകാനുള്ള കുടിശ്ശിക കിട്ടാത്തതിനാൽ ഖാദിത്തൊഴിലാളികൾക്ക് ഓണക്കാലത്തും വേതനമില്ല. സംസ്ഥാനത്തെ പതിമൂവായിരത്തോളം തൊഴിലാളികൾക്ക് വേതനം മുടങ്ങിയിട്ട് ഒന്നരവർഷത്തോളമായി. ഓണത്തിന് മുൻപ് കൊടുത്തുതീർക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് പ്രതീക്ഷയില്ല.
ഖാദി ബോർഡിന് കീഴിലുള്ള തൊഴിലാളികൾക്ക് 15 മാസത്തെയും ബോർഡിതര സ്ഥാപനങ്ങളിൽ 18 മാസത്തെയും മിനിമം കൂലിയാണ് നൽകാനുള്ളത്. പൂരകവേതനപദ്ധതി പ്രകാരം സംസ്ഥാനസർക്കാരാണ് തൊഴിലാളികൾക്ക് കുറഞ്ഞവേതനത്തിനുള്ള തുക അനുവദിക്കുന്നത്. ഖാദി ബോർഡിനുകീഴിലുള്ള തൊഴിലാളികൾക്ക് 2023 മേയിലാണ് അവസാനമായി വേതനം കിട്ടിയത്. പ്രൊഡക്ഷൻ ഇൻസെന്റീവ് 2022 ഡിസംബറിലാണ് ബോർഡിതര സ്ഥാപങ്ങളിലെ തൊഴിലാളികൾക്ക് കിട്ടിയത്. ബോർഡിനുകീഴിലുള്ള തൊഴിലാളികൾക്ക് 2023 മാർച്ച് വരെയുള്ളത് കിട്ടി.
സർക്കാർ നൽകാനുള്ള കുടിശ്ശിക കുന്നുകൂടിയതോടെ ഖാദിമേഖലയാകെ പ്രതിസന്ധിയിലാണ്. തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് സ്കീം, വസ്ത്രങ്ങൾക്കുള്ള റിബേറ്റ്, നൂൽപ്പുകാർക്കും നെയ്ത്തുകാർക്കും നൽകുന്ന ഉത്പാദക ബോണസ്, ഉത്സവബത്ത എന്നിവയെല്ലാം ഇതിൽപ്പെടും. 2024 മേയ് വരെയുള്ള കണക്കുപ്രകാരം 80 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. ഇൻകം സപ്പോർട്ട് ഇനത്തിൽ 38 കോടി, ഉത്പാദക ബോണസ് ഇനത്തിൽ ഏഴുകോടി, റിബേറ്റ് ഇനത്തിൽ 35 കോടി എന്നിങ്ങനെ. എന്നാൽ റിബേറ്റ് ഇനത്തിൽ 60 കോടിയെങ്കിലും നൽകാനുണ്ടാവുമെന്നാണ് സംഘങ്ങളുടെ വിലയിരുത്തൽ. നിർമാണസാമഗ്രികളുടെ വിലക്കയറ്റവും ദൗർലഭ്യവും കൂടിയായതോടെ ചെറുകിട, ഇടത്തരം സംഘങ്ങൾ ചിലത് അടച്ചിട്ടിരിക്കുകയാണ്. മറ്റുള്ളവ ഭാഗികമായാണ് പ്രവർത്തിക്കുന്നത്. സാധാരണ ഓണം, വിഷു സീസണുകളിലാണ് ഖാദി മേഖലയുടെ 60 ശതമാനം വരുമാനവും ലഭിക്കാറുള്ളത്.
പണിയുമില്ല, കൂലിയുമില്ല
പണിയുമില്ല, കൂലിയുമില്ല എന്ന അവസ്ഥയിലാണ്. നിർമാണസാമഗ്രികളില്ലാത്തതിനാൽ ജോലി ചെയ്യാനാവുന്നില്ല. ചെയ്താലും കൂലിയില്ല. 15 മാസമൊക്കെ മുടങ്ങുന്നത് ആദ്യമാണ്. പല സംഘങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. പലരും തൊഴിലുറപ്പ് പണിക്കൊക്കെ പോകാൻതുടങ്ങി.- വി.കെ. ഉഷ, ഖാദി തൊഴിലാളി, തേർത്തല്ലി, ആലക്കോട്.
ഓണത്തിന് മുൻപ് നൽകാനാകും
ഓണത്തിന് മുൻപ് തൊഴിലാളികളുടെ വേതനം നൽകാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ. സർക്കാർ നൽകാനുള്ള കുടിശ്ശിക ഉടനെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയതാണ്. ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെ കൂടുതൽ വിപണി കണ്ടെത്താനുള്ള ശ്രമം വിജയം കാണുന്നുണ്ട്.-പി. ജയരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ.
Content Highlights: Khadi workers do not get wages during Onam since they do not get dues to be paid by government