കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രയ്ക്ക് വ്യാഴാഴ്ച ചെർക്കളയിൽ തുടക്കമാകും

ചെർക്കള(കാസർകോട്): മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരളയാത്രയ്ക്ക് വ്യാഴാഴ്ച ചെർക്കളയിൽ തുടക്കമാകും. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന് ചെർക്കള നൂറുൽ ഉലമ എം.എ. ഉസ്താദ് നഗർ സജ്ജമായി. ഉച്ചയ്ക്ക് 12.30-ന് ഉള്ളാൾ ദർഗയിൽ സിയാറത്ത് നടത്തിയശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാരും കേരളയാത്ര സമിതി ചെയർമാൻ കുമ്പോൽ കെ.എസ്. ആറ്റക്കോയ തങ്ങളും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് പതാക കൈമാറും. ഇബ്രാഹിം ഖലീൽ ബുഖാരിയും പേരോട് അബ്ദുറഹ്‌മാൻ സഖാഫിയുമാണ് ഉപനായകർ. സമസ്തയുടെയും പോഷകസംഘടനകളുടെയും 40 നേതാക്കൾ യാത്രയിലുണ്ടാകും.
ഉച്ചക്ക് 2.30-ന് ജില്ലാ അതിർത്തിയായ തലപ്പാടിയിൽ സ്വീകരണം നൽകും. വൈകിട്ട് നാലിന് 313 അംഗ സെന്റിനറി ഗാർഡിന്റെ നേതൃത്വത്തിൽ ചെർക്കളയിലെ സമ്മേളനനഗരിയിലേക്ക് സ്വീകരിച്ചാനയിക്കും. അഞ്ചിന് പൊതുസമ്മേളനം ആരംഭിക്കും.
Content Highlights: Kerala Muslim Jama`ath`s `Kerala Yatra` kicks off Thursday in Cherkala, led by Kanthapuram AP Aboobacker Musliyar with the theme `Manushyarkkoppam` (With Humans).