വീടുകളിൽ ആനക്കൊമ്പ് മുതൽ കാട്ടുപോത്തിന്റെ തല വരെ; വെളിപ്പെടുത്തലുമായി ഉടമകൾ, വനംവകുപ്പ് പരിശോധന

കൊച്ചി: സംസ്ഥാനത്തെ ചിലവീടുകളിൽ ആനക്കൊമ്പുകളും കടുവാത്തോലുകളും പുലിത്തോലുകളും കാട്ടുപോത്തിന്റെ തലകളുമുണ്ടെന്നു വെളിപ്പെടുത്തൽ. ഇത്തരം വസ്തുക്കൾ കൈവശമുള്ളവർക്ക് അതു വെളിപ്പെടുത്താൻ അവസരം നൽകണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാർച്ചിൽ വനംവകുപ്പ് പ്രത്യേക വിജ്ഞാപനമിറക്കി. തുടർന്നാണ് സ്വകാര്യവ്യക്തികളുടെ വെളിപ്പെടുത്തലുകൾ. ഈ വീടുകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിവരുകയാണ്.
അവയുടെ അളവ്, സ്വഭാവം എന്നിവ മാത്രമേ പരിശോധനയിൽ രേഖപ്പെടുത്തുന്നുള്ളൂ. ആനയും കടുവയും പുലിയും ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിതമൃഗങ്ങളാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിതവിഭാഗത്തിലെ വന്യജീവികളുടെ ശരീരഭാഗങ്ങൾ, ഉത്‌പന്നങ്ങൾ തുടങ്ങിയവ അനുമതിയില്ലാതെ കൈവശംവെക്കുന്നത് ഏഴു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽകുറ്റമാണ്.
തലമുറകൾ കൈമാറിക്കിട്ടിയതാണ് ഇവയെന്നാണ് പലരുടേയും അവകാശവാദം. 1978, 1986, 1991, 2003 എന്നീ വർഷങ്ങളിൽ വെളിപ്പെടുത്താൻ അവസരം നൽകിയിരുന്നു. അന്ന് വിവരം നൽകാതിരുന്നവരാണ് ഇപ്പോൾ വിവരം നൽകിയത്. ആനക്കൊമ്പുകളും ആനക്കൊമ്പിൽത്തീർത്ത കരകൗശല വസ്തുക്കളുമാണ് ഇതിലധികവും. കടുവയുടെയും പുലിയുടെയും തോലുകൾക്കു പുറമേ അവയുടെ പല്ലുകളും നഖങ്ങളും മ്ലാവ്, പുള്ളിമാൻ, കേഴമാൻ, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകളും പല വീടുകളിലുമുണ്ട്.
കൈവശംവെച്ചിരിക്കുന്നവർ ഇവ എങ്ങനെ ലഭിച്ചെന്ന് വെളിപ്പെടുത്തണം. പരമ്പര്യമായി കിട്ടിയെന്ന് അവകാശപ്പെടുന്നവയുടെ ശാസ്ത്രീയ പരിശോധന നടത്തി കാലപ്പഴക്കം വനംവകുപ്പ് കണ്ടെത്തേണ്ടി വരും. വന്യജീവി സംരക്ഷണനിയമം വരുംമുൻപേ കൈവശമുള്ളതാണെന്നും തെളിയണം.
വിൽപ്പന വ്യാപകം
രാജ്യത്ത് വന്യജീവിവേട്ടയും ആനക്കൊമ്പ്, കടുവ, പുലി എന്നിവയുടെ തോലുകളുടെയും പല്ലുകളുടെയും നഖങ്ങളുടെയും വിൽപ്പനയും വ്യാപകമാണ്. കേരളത്തിലും ഇത്തരം കേസുകളുണ്ട്. രണ്ട് വർഷം മുൻപ് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ സംഘം പുലിത്തോൽ കടത്തുകാരെ പിടികൂടാൻ കേരളത്തിലെത്തിയിരുന്നു.
Content Highlights: Kerala Forest Department is inspecting private homes for illegal wildlife trophies including ivory and tiger skins. R