വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കാൻ വനത്തിൽ മൃഗങ്ങൾക്ക് ‘കൂടുമാറ്റം’; ആദ്യം വയനാട്ടിൽ

തിരുവനന്തപുരം: വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കാൻ വനത്തിനുള്ളിൽത്തന്നെ വന്യജീവികളുടെ ശാസ്ത്രീയ പുനരധിവാസത്തിന് (ട്രാൻസ്‌ലൊക്കേഷൻ) കേരളം ഒരുങ്ങുന്നു. ഒരിടത്ത് അമിതമായി കേന്ദ്രീകരിച്ചിട്ടുള്ള വന്യജീവികളെ അതേ ജീവിവർഗത്തിന്റെ എണ്ണം കുറവുള്ള അനുയോജ്യമായ വനമേഖലകളിലേക്കു മാറ്റുന്ന പദ്ധതിയാണ് ആദ്യഘട്ടത്തിൽ വയനാട്ടിൽ നടപ്പാക്കുക.
പദ്ധതി വിജയിച്ചാൽ മറ്റു വനമേഖലകളിലേക്കും വ്യാപിപ്പിക്കും. വയനാട്ടിലെ വിവിധ വനമേഖലകളിൽ ഓരോ ജീവിവർഗത്തിന്റെയും സാന്ദ്രതയും വനത്തിന്റെ വാഹകശേഷിയും കണ്ടെത്താൻ കോയമ്പത്തൂരിലെ സലീം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയെ (സാക്കോൺ) വനംവകുപ്പ് ചുമതലപ്പെടുത്തി.
മന്ത്രി ഷിബു ബേബി ജോൺ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് രൂപമായത്. കുരങ്ങുകൾ, മയിലുകൾ തുടങ്ങി പുനരധിവാസം ആവശ്യമാണെന്നു കണ്ടെത്തുന്ന എല്ലാ ജീവിവർഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.
വയനാട്ടിൽനിന്നുള്ള വന്യജീവികളെ മാറ്റണമെങ്കിൽ സമീപജില്ലകളിലെ വനമേഖലകളിലും സമാനസർവേ നടത്തേണ്ടിവരും. ആവശ്യമായ സാഹചര്യമുണ്ടെങ്കിൽ അയൽസംസ്ഥാനങ്ങളിലെ വനമേഖലകളിലേക്കും ജീവികളെ മാറ്റുന്നതും പരിഗണനയിലുണ്ട്.
നിലവിലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഇതിന് ചില പരിമിതികളുണ്ടെങ്കിലും വന്യജീവി പുനരധിവാസത്തിൽ സംസ്ഥാന അതിർത്തികൾ തടസ്സമാകരുതെന്ന സമീപനമാണ് കേന്ദ്രതലത്തിൽ പരിഗണിക്കുന്നത്. ആവശ്യമെങ്കിൽ നിയമഭേദഗതിയും ആലോചനയിലുണ്ട്.
മൃഗങ്ങൾ ‘പറക്കും’
വലിയ വന്യജീവികളുടെ പുനരധിവാസത്തിന് വ്യോമസേനയുടെ സഹായവും കേരളം തേടിയിട്ടുണ്ട്. മയക്കുവെടിവെച്ചശേഷം കൂട്ടിലാക്കി ഹെലികോപ്റ്ററിനുള്ളിലോ ആവശ്യമായാൽ ഉരുക്കുവടം ഉപയോഗിച്ച് തൂക്കിയോ ലക്ഷ്യസ്ഥാനത്തെത്തിക്കും. പൂർണബോധം വീണ്ടെടുത്ത് സുരക്ഷിതമായി വനത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കിയേ വെറ്ററിനറി സംഘം മടങ്ങൂ.
രാജ്യത്തെ പ്രധാന വന്യജീവി പുനരധിവാസ പദ്ധതികൾ
2008: രാജസ്ഥാനിലെ രൺതംഭോർ കടുവാസങ്കേതത്തിൽനിന്ന് ഹെലികോപ്റ്റർ മാർഗം കടുവകളെ സരിസ്‌ക ടൈഗർ റിസർവിലേക്ക് മാറ്റി.
2009: മധ്യപ്രദേശിലെ കൻഹ, ബാന്ധവ്ഗഢ് ടൈഗർ റിസർവുകളിൽനിന്ന് കടുവകളെ പന്ന ടൈഗർ റിസർവിലേക്ക് മാറ്റി.
2011: മധ്യപ്രദേശിലെ കൻഹ ടൈഗർ റിസർവിൽനിന്ന് 50 കാട്ടുപോത്തുകളെ ബാന്ധവ്ഗഢിലേക്ക് പുനരധിവസിപ്പിച്ചു.
നഷ്ടപരിഹാരത്തുക 50 ശതമാനം വർധിപ്പിക്കും -മന്ത്രി ഷിബു ബേബി ജോൺ
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വനാതിർത്തിപങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവിഭീഷണി ലഘൂകരിക്കാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത കർമപദ്ധതി ആസൂത്രണം ചെയ്യും. നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യാൻ ഓഗസ്റ്റിൽ അദാലത്തുകൾ സംഘടിപ്പിക്കും.
നാടൻകുരങ്ങിനെ ഷെഡ്യൂൾ ഒന്നിൽനിന്ന് ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റാനുള്ള നിയമഭേദഗതി കൊണ്ടുവരുന്നകാര്യം കേന്ദ്ര വനംമന്ത്രി തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഷൂട്ടർമാരുടെ എണ്ണം കുറവാണെങ്കിൽ റൈഫിൾസ് ക്ലബ്ബുകളുടെ സേവനവും ഉപയോഗപ്പെടുത്താം.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചുകയറ്റാൻ അധികമായി 25 റാപ്പിഡ് റെസ്പോൺസ് ടീമുകളും രൂപവത്കരിക്കും. വനാതിർത്തിമേഖലകൾ സംഘർഷരഹിതമാക്കാൻ ശാസ്ത്രീയപഠനത്തിന് തദ്ദേശവകുപ്പിന്റെ സഹകരണം യോഗത്തിൽ മന്ത്രി കെ.എം. ഷാജി ഉറപ്പുനൽകി.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, വനം സെക്രട്ടറി കെ. ബിജു, വനം മേധാവി രാജേഷ് രവീന്ദ്രൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി. കൃഷ്ണൻ, തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Scientific translocation of wildlife to areas with lower density. Initial phase launching in Wayanad district., SACON appointed to study carrying capacity and wildlife density. Potential use of Air Force helicopters for large animal transport. Center considering legal amendments to facilitate interstate wildlife relocation.