3 ജില്ലകളിൽ റെഡ് അലേർട്ട്, കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത; 'ഡോൾഫിൻ' ചുഴലിക്കാറ്റ് ചൈനീസ് തീരത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്നു ജില്ലകളിൽ റെഡ്അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച്അലേർട്ട് ആണ്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ്:
റെഡ് അലർട്ട്:
06/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി
ഓറഞ്ച് അലർട്ട്:
06/08/2026: കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്.
07/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
യെല്ലോ അലർട്ട്:
06/08/2026: തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
07/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്.
08/08/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
പത്തനംതിട്ട ജില്ലയിൽ ശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മാറിയിരുന്നെങ്കിലും വിവിധയിടങ്ങളിൽ വെള്ളക്കെട്ട് നിലനിൽക്കുകയാണ്. വീണ്ടും മഴ പെയ്യുന്ന സാഹചര്യം ആശങ്ക ഉയർത്തുന്നുണ്ട്.
കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനു പിന്നിൽ ശാന്തസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനവും ഉണ്ടെന്നാണ് വിലയിരുത്തൽ. ഈ ചുഴലിക്കാറ്റ് ശനിയാഴ്ചയ്ക്കുശേഷം ചൈനയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ദുർബലമാകുന്നതോടെ കേരളത്തിലും മഴയുടെ ശക്തി കുറയും. ഇതിനു പുറമേ ഫിലിപ്പീൻസിന് സമീപത്തായി കുജിര ചുഴലിക്കാറ്റുമുണ്ട്.
Content Highlights: Red alert issued for Pathanamthitta, Kottayam, and Idukki districts., Orange alert in place for Kollam, Alappuzha, Ernakulam, Kannur, and Kasaragod., Heavy rainfall linked to the distant influence of Cyclone Dolphin moving toward China., Strong winds expected in Pathanamthitta district., Rainfall intensity expected to decrease once Cyclone Dolphin weakens.