കനത്ത ചൂട് ഇന്നും തുടരും; തിങ്കളാഴ്ച മുതൽ മഴ

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ചയും കടുത്ത ചൂടുതുടരും. തിങ്കളാഴ്ച മുതൽ ചൂടിന് ആശ്വാസമായി മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്തമഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പും നൽകിയിട്ടുണ്ട്.
നേരിയതോതിൽ വേനൽമഴ പെയ്തതോടെ ചിലയിടങ്ങളിൽ ചൂടിൽ നേരിയ കുറവുണ്ട്. എന്നാൽ, പാലക്കാടും പുനലൂരും ചൂട് ഉയർന്നുതന്നെ തുടരുന്നു. 39.8 ഡിഗ്രിയാണ് രണ്ടിടത്തും രേഖപ്പെടുത്തിയത്. പുനലൂരിൽ ശരാശരിയിൽനിന്ന് അഞ്ച് ഡിഗ്രി കൂടുതലാണ്. പാലക്കാട് 3.5 ഡിഗ്രിയും. കോട്ടയത്ത് 4.4 ഡിഗ്രി കൂടി 38.3 ഡിഗ്രിയിലെത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നാമമാത്രമായ കുറവേയുണ്ടായുള്ളൂ.
ഞായറാഴ്ച പാലക്കാട് 40 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയും പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കാട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രിയും താപനില എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തെ ചുട്ടുപൊള്ളിച്ച പ്രതിചക്രവാതച്ചുഴി ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് മുകളിലാണ്. ഇപ്പോൾ ഇത് കേരളത്തെ ബാധിക്കുന്നില്ല.
Content Highlights: Continued heatwave conditions across Kerala on Sunday., IMD predicts relief with rainfall starting from Monday., Yellow alerts issued for Pathanamthitta, Idukki, Kannur, and Kasaragod., Palakkad and Punalur recorded highest temperatures at 39.8°C., Anti-cyclonic circulation has moved away from Kerala towards Maharashtra.