മലപ്പുറത്ത് മാലിന്യ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ 3 ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു

മലപ്പുറം: അരീക്കോട് മാലിന്യക്കുഴിയിൽ വീണ് മൂന്ന് ഇതരസംസ്ഥാനത്തൊഴിലാളികൾ മരിച്ചു. കോഴിമാലിന്യ സംസ്കരണപ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അസമിലെ തമുല്‍പൂര്‍ കമലകാന്തയുടെ മകന് ഹിതേഷ് ശരണിയ (46), ഗോയല്‍പുര സൊബറുദ്ദീന്റെ മകന് സമദ് അലി(20), ബിഹാര്‍ സ്വദേശിയും സംസ്കരണ കമ്പനിയിലെ മെക്കാനിക്കുമായ രാംദയാല്‍ കപൂറിന്റെ മകന് വികാസ് കുമാര്‍ (29) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ അരീക്കോടിനടുത്ത് വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലെ കെമിക്കൽ ടാങ്കിലാണ് അപകടമുണ്ടായത്.
അനുഗ്രഹ ഹാച്ചറി പൗള്‍ട്രി ഫാം റെന്ഡറി യൂണിറ്റിന്റെ പ്ലാന്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. രാവിലെ തൊഴിലാളികളെ ഫോണില്‍ മാനേജര്‍ വിളിച്ചപ്പോള്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മാലിന്യപ്ലാന്റ് വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആൾക്ക് ശ്വാസതടസം നേരിട്ട് പ്ലാന്റിനുള്ളിൽ ബോധരഹിതനായി വീണതോടെ രക്ഷിക്കാനായി മറ്റുരണ്ടുപേർ ഇറങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉടൻതന്നെ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Content Highlights: Three Migrant Workers Die in Malappuram Waste Pit Accident