മാലിന്യമുക്ത കേരളം പെരുവഴിയിൽ; മാലിന്യം 'മുൻഗണനാ' പട്ടികയ്ക്ക് പുറത്ത്

#എം.കെ. സുരേഷ്
കോഴിക്കോട് ടാഗോർഹാൾ വളപ്പിൽ ശേഖരിച്ചുവെച്ചിരിക്കുന്ന അജൈവമാലിന്യം (ഫയൽ) |ഫോട്ടോ: മാതൃഭൂമി
കോഴിക്കോട് ടാഗോർഹാൾ വളപ്പിൽ ശേഖരിച്ചുവെച്ചിരിക്കുന്ന അജൈവമാലിന്യം (ഫയൽ) |ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഒന്നരവർഷംമുൻപ്, കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്ത കേരളം പെരുവഴിയിൽ. ഇതോടെ കേരളം സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യം അകലെയായി. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതടക്കമുള്ള ശിക്ഷ ഒരിടത്തും നടപ്പാക്കുന്നില്ല.

അജൈവ മാലിന്യ സംസ്‌കരണത്തിൽ സംസ്ഥാനം വലിയ മുന്നേറ്റം കൈവരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2025 മാർച്ച് 30-ലെ അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനത്തിൽ 99 ശതമാനം ഗ്രാമപ്പഞ്ചായത്തുകളും മാലിന്യമുക്തമായി പ്രഖ്യാപിച്ചത്.

1200-ൽ 1021 തദ്ദേശസ്ഥാപനങ്ങൾ അന്ന് മാലിന്യമുക്തമായതോടെ ദ്രവമാലിന്യ സംസ്‌കരണത്തിലെ മുന്നേറ്റമായിരുന്നു അടുത്തലക്ഷ്യം. സാനിറ്ററി മാലിന്യം സംസ്‌കരിക്കാൻ നാലു മേഖലാ പ്ലാന്റുകൾക്കും ടെൻഡറായിരുന്നു.

ഇതിനിടെ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ജോലികൂടി വന്നതോടെ, മാലിന്യം തദ്ദേശസ്ഥാപനങ്ങളുടെ മുൻഗണനാപട്ടികയ്ക്ക് പുറത്തായി.

ഇപ്പോൾ നടക്കുന്നത്

  • ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം സമയത്ത് തരംതിരിക്കാനോ സംസ്‌കരണത്തിന് മാറ്റാനോ കഴിയുന്നില്ല.
  • ശേഖരിക്കുന്ന ഖരമാലിന്യം റോഡരികിൽ ചാക്കിൽക്കെട്ടി സൂക്ഷിക്കുന്നു.
  • നടപടി ഇല്ലാതായതോടെ, വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം നിരത്തിലേക്ക് ജനം വലിച്ചെറിയുന്നു.
  • പലയിടത്തും വാർഡുതോറും സംഭരണ -തരംതിരിക്കൽ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ ഹരിതകർമസേനയും വിഷമത്തിൽ. ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കുന്നില്ല.

സർക്കാർ പറയുന്നത്

മാലിന്യശേഖരണ, സംസ്‌കരണ രംഗത്ത് ശുചിത്വമിഷനും ക്ലീൻ കേരള കമ്പനിയുമുൾപ്പെടെ നിരവധി ഏജൻസികളുണ്ട്. ഇവയെ ഒരു കുടക്കീഴിലാക്കി പ്രത്യേക അതോറിറ്റിയുണ്ടാക്കും. മേൽനോട്ടവും ഏകോപനവും അതോറിറ്റി നടത്തും. മാലിന്യം കുറയ്ക്കാനും അവ പൊതുസ്ഥലത്ത് എത്താതിരിക്കാനും കടുത്ത വ്യവസ്ഥകൾ നടപ്പാക്കും. നടപടിക്ക് നിയമപരിരക്ഷ ആവശ്യമാണ്. അതോറിറ്റി രൂപവത്കരിക്കാൻ തയ്യാറെടുക്കുന്നു.

Content Highlights: Kerala's goal to become a completely waste-free state has stalled due to election duties and lack of enforcement., Haritha Karma Sena is struggling as collected solid waste is left piled on roadsides due to delayed processing., The government is planning to form a special authority to streamline waste management and enforce strict regulations.