കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള വഖഫ് ബോർഡ് പിരിച്ചുവിട്ടു; എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ

തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു സർക്കാർ. മുസ്ലിം ലീഗ് നേതാവ് എം.സി മായിൻ ഹാജിയാണ് ബോർഡിന്റെ പുതിയ ചെയർമാൻ. കുറുക്കോളി മൊയ്തീൻ എംഎൽഎ, മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്.
അമുസ്ലിം അംഗങ്ങളെ നാമനിർദേശം ചെയ്തിട്ടില്ല. സുപ്രിംകോടതിയിലും ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നത് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വഖഫ് ബോർഡ് പുനഃസംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്. നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായിരുന്നു മായിൻ ഹാജി. എൽഡിഎഫ് സർക്കാർ നിയമിച്ച കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള ബോർഡിലെ മുഴുവൻ അംഗങ്ങളെയും മാറ്റിയിട്ടുണ്ട്.
ഉമർ ഫൈസി മുക്കം ഉൾപ്പെടെയുള്ളവർ ഇതിലുണ്ടായിരുന്നു. ഒമ്പത് അംഗങ്ങളെയാണ് പുതുതായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ മുജാഹിദ് വിഭാഗത്തിനടക്കം പ്രാതിനിധ്യം ഉണ്ടെങ്കിലും കാന്തപുരം സുന്നി വിഭാഗത്തിലെ ആരും ഇല്ല.
കുറുക്കോളി മൊയ്തീൻ, സിറാസ് ഡി കാപ്സി, തൊടിയൂർ മമ്മദ് കുഞ്ഞ് മൗലവി, സജ്ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൾ മജീദ്, സലാഹി മദീന ബീഗം, മുസ്തഫൽ ഫൈസി എന്നിവരാണ് അംഗങ്ങൾ. എംഎൽഎമാരുടെ പ്രതിനിധിയായിട്ടാണ് കുറുക്കോളി മൊയ്തീൻ വഖഫ് ബോർഡിൽ ഇടംപിടിച്ചത്.
Content Highlights: Kerala government dissolved the K.S. Hamza-led Waqf Board committee., Muslim League leader M.C. Mayin Haji appointed as the new chairman., Nine new members appointed with no non-Muslim members included., Decision made following Kerala High Court directives regarding board issues.