‘പ്രോജക്ട് സീറോ’; 850 സർക്കാർ ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ, ഉദ്യോഗസ്ഥർക്കെതിരെ പരാതി പ്രളയം

തിരുവനന്തപുരം: അഴിമതിക്കെതിരേ വിജിലൻസ് ‘പ്രോജക്ട് സീറോ’ പ്രഖ്യാപിച്ചതിനു പിന്നാലെ പരാതി പ്രളയം. ഫോൺ, വാട്‌സാപ്പ്, സാമൂഹികമാധ്യമ പേജുകൾ വഴിയൊക്കെ സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് വ്യാപക പരാതികളാണ് ലഭിക്കുന്നത്. സംസ്ഥാനത്താകെ 850 ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിലാണ്.
അഴിമതിക്കുസാധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി നിരീക്ഷിച്ച് തടയുകയെന്നതും പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളുടെ പട്ടികയും വിജിലൻസ് തയ്യാറാക്കി. കൈക്കൂലി ട്രാപ്പ് കേസുകൾ 25 ശതമാനം വർധിപ്പിക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. വിജിലൻസ് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ ഇന്റലിജൻസ് വിഭാഗത്തെയും സജ്ജമാക്കി. ഇവർ അഴിമതിയുണ്ടെന്ന് സംശയിക്കപ്പെടുന്ന രണ്ടുവകുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
അന്വേണ ഉദ്യോഗസ്ഥർ മാസത്തിൽ ഒരു ഉറവിട വിവരമെങ്കിലും നൽകണം. വർഷത്തിൽ രണ്ടു കേസുകളും ആറു പ്രാഥമികാന്വേഷണവും ഒാരോ അന്വേഷണോദ്യോഗസ്ഥരും പൂർത്തിയാക്കണം. അന്വേഷണകാലത്തുതന്നെ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണം. അനധികൃതമായി സമ്പാദിച്ച സ്വത്ത് മരവിപ്പിക്കാനും കണ്ടുകെട്ടാനുമുള്ള നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
’പ്രോജക്ട് സീറോ’യുടെ ഭാഗമായി ഡിവൈ.എസ്.പി. ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു. 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചേർത്തലയിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിലായത്. ഇയാളും വിജിലൻസിന്റെ നിരീക്ഷണപട്ടികയിലുള്ള ഉദ്യോഗസ്ഥനാണ്. നേരിട്ടും ഫോണിലൂടെയും സാമൂഹികമാധ്യമങ്ങൾ വഴിയും മറ്റും പ്രതിമാസം മൂവായിരത്തോളം പരാതി ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
Content Highlights: Implementation of Project Zero to monitor corruption-prone government departments., 850 government officials currently under active Vigilance surveillance., Mandatory targets for investigating officers to increase trap cases by 25%., Focus on immediate arrest of accused and freezing of illicitly acquired assets., Streamlined reporting channels via phone, WhatsApp, and social media.