വി.സി നിയമനത്തർക്കം; ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക്‌ സാധ്യത

ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ | Photo: മാതൃഭൂമി
ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തർക്കത്തിൽ ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക്‌ സാധ്യത. പ്രശ്നപരിഹാരത്തിനുള്ള സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണിത്. തടസ്സം നീക്കാൻ ഗവർണറെ നേരിൽക്കണ്ട് സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‌ നിയമോപദേശം ലഭിച്ചതായാണ് വിവരം.

ഗവർണറും മുഖ്യമന്ത്രിയും നിലവിൽ തലസ്ഥാനത്തില്ല. വി.സി. കേസ് വ്യാഴാഴ്ചത്തേക്കാണ് കോടതി മാറ്റിയത്. ചർച്ച അതിനുമുൻപ്‌ നടന്നേക്കും.

ഡിജിറ്റൽ സർവകലാശാലയിലേക്ക്‌ വി.സി.യായി മുഖ്യമന്ത്രി നിർദേശിച്ച ഡോ. സജി ഗോപിനാഥിനെ ഗവർണർ അംഗീകരിച്ചില്ല. സാങ്കേതിക സർവകലാശാലയിലേക്ക്‌ ഗവർണർ തിരഞ്ഞെടുത്ത ഡോ. സിസാ തോമസിനെ മുഖ്യമന്ത്രിയും എതിർത്തു. ഈ രണ്ടുപേരുകളിലും ഇരുവരും വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറായിട്ടില്ല. ഇരുകൂട്ടർക്കും എതിർപ്പില്ലാത്ത മറ്റുപേരുകളിലേക്ക് കടന്നാൽ തർക്കം അവസാനിക്കും.

ഗവർണർ മനംമാറ്റത്തിന്റെ ലക്ഷണം പ്രകടിപ്പിച്ചിട്ടില്ല. കണ്ണൂർ സർവകലാശാലാക്കേസിൽ, വി.സി. നിയമനത്തിൽ ചാൻസലർക്കാണ് പരമാധികാരമെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്നാണ് ഗവർണറുടെ നിലപാട്. തർക്കം അവസാനിച്ചില്ലെങ്കിൽ രണ്ടിടത്തും വി.സി.മാരെ നിയമിക്കാൻ സുപ്രീംകോടതി നിർബന്ധിതമാവും. ഇത് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Content Highlights: Governor and CM likely to meet in Thiruvananthapuram to resolve VC appointment disputes in digital & technical universities, following Supreme Court suggestions. Details inside.