വിസിയെ വെല്ലുവിളിച്ച് രജിസ്ട്രാര്‍; ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത്

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് എത്തി. വിസിയുടെ വിലക്ക് മറികടന്നാണ് അനില്‍കുമാര്‍ സർവകലാശാലയിൽ എത്തിയത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിലേ താന്‍ മുന്നോട്ടുപോകൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
രജിസ്ട്രാര്‍ സസ്പെന്‍ഷനിലാണെന്നും ഓഫീസില്‍ ഹാജരാവുന്നത് നിയമവിരുദ്ധമാണെന്നും പറഞ്ഞ് താത്കാലിക വിസി ഡോ. സിസാ തോമസ് ചൊവ്വാഴ്ച രാത്രി അനില്‍കുമാറിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്, തന്നെ നിയമിച്ച സിന്‍ഡിക്കേറ്റ് സസ്പെന്ഷന് റദ്ദാക്കിയിട്ടുണ്ടെന്നും പദവിയില്‍ തുടരാന്‍ നിയമപരമായി തടസ്സമില്ലെന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നു.
ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാലയിലെ ഓഫീസിലെത്തിയത്. ഓഫീസിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകും,' അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാന്‍ സിസ തോമസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശം അനുസരിച്ചില്ല.
നിലവില്‍ വിസി, രജിസ്ട്രാറുടെ താല്കാലിക ചുമതല ഏല്‍പ്പിച്ചിട്ടുള്ളത് മിനി കാപ്പനാണ്. എന്നാല്‍, അവര്‍ ഇതുവരെയും ഈ ചുമതല ഏറ്റെടുത്തിട്ടില്ല. അവര്‍ യൂണിവേഴ്സിറ്റിക്കുള്ളില്‍ തന്നെയുണ്ട്. അവര്‍ ഈ ചുമതല ഏറ്റെടുക്കാന്‍ രജിസിട്രാറുടെ ഓഫീസില്‍ എത്തുകയും സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്താൽ അനില്‍കുമാര്‍ എങ്ങിനെ പ്രതിരോധിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല ഏറ്റെടുത്താല്‍, അനില്‍കുമാറിനെ പുറത്താക്കാനുള്ള നിര്‍ദേശം നല്‍കും. ഈ നിര്‍ദേശം അനുസരിക്കാന്‍ യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഓഫീസര്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. മാത്രമല്ല, ഇത്തരമൊരു സാഹചര്യത്തിലെ സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട്, വിസി നേരത്തെ ഡിജിപിയോട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, മിനി കാപ്പനെ സംരക്ഷിക്കാന്‍ പോലീസും നിര്‍ബന്ധിതരാകും.
അനില്‍കുമാറിനെ യൂണിവേഴ്സിറ്റിയില്‍നിന്ന് പുറത്തിറക്കാനുള്ള ഏതെങ്കിലും തരത്തിലുള്ള ശ്രമമുണ്ടായാല്‍, അതിനെ പ്രതിരോധിക്കാനായി യൂണിവേഴ്സിറ്റിക്കുള്ളില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകരും കൂടിയിട്ടുണ്ട്. സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തിയ എഐഎസ്എഫ് മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
Content Highlights: kerala university registrar ks anilkumar arrived at his office thiruvananthapuram