സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ തയ്യാറെടുത്ത് ഗവർണർ

തിരുവനന്തപുരം: സർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ, സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ തയ്യാറെടുത്ത് ഗവർണർ. ഭരണമാറ്റത്തിനുശേഷമുള്ള സർവകലാശാലാ സിൻഡിക്കേറ്റുകളുടെ പുനഃസംഘടന ഉടൻ നടത്തുമെന്ന പ്രതീക്ഷയിലാണ് ലോക്ഭവൻ. അതു പൂർത്തിയായാൽ, ഉടൻ സ്ഥിരം വി.സി.മാരെ നിയമിക്കാനുള്ള നടപടികളിലേക്കു പ്രവേശിക്കുമെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ കാലിക്കറ്റ്, ആരോഗ്യം, ഡിജിറ്റൽ, കെ.ടി.യു. എന്നിങ്ങനെ നാലെണ്ണത്തിൽമാത്രമേ സ്ഥിരം വി.സി.മാരുള്ളൂ. സർക്കാരിനു കീഴിൽ നിയമസർവകലാശാല ഉണ്ടെങ്കിലും ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് അവിടെ വി.സി.യെ നിയമിക്കാനുള്ള അധികാരം. ബാക്കിയുള്ളവയിൽ ചാൻസലറെന്ന നിലയിൽ ഗവർണർക്കാണ്.
സ്ഥിരം വി.സി.മാരെ നിയമിക്കാൻ എൽ.ഡി.എഫ്. സർക്കാരിന്റെ അവസാനവേളയിൽ ഗവർണർ -മുഖ്യമന്ത്രി തലത്തിൽ ധാരണയായെങ്കിലും നടപടികളുണ്ടായില്ല. പുതിയ സർക്കാർ സ്ഥിരം വി.സി. നിയമനത്തിന് താത്‌പര്യമെടുക്കുമെന്ന പ്രതീക്ഷയിലാണ് ലോക്ഭവൻ. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ സന്ദർശിച്ച വേളയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. എം.ജി., കാർഷിക സർവകലാശാലകളിലെ വി.സി. നിയമനങ്ങൾ ഇപ്പോൾ വിവാദമായെങ്കിലും അതെല്ലാം താത്‌കാലിക ചുമതല മാത്രമാണെന്നും സർക്കാരുമായി കൂടിയാലോചിച്ച് ഉടൻ സ്ഥിരംനിയമനങ്ങളിലേക്കു കടക്കാമെന്ന നിലപാടിലാണ് ലോക്ഭവൻ.
യു.ജി.സി. മാനദണ്ഡമനുസരിച്ച് വി.സി. നിയമനത്തിനായി യു.ജി.സി., ചാൻസലർ, സർവകലാശാലാ പ്രതിനിധികൾ ഉൾപ്പെട്ട മൂന്നംഗ സെർച്ച് കമ്മിറ്റി വേണം. സർവകലാശാലാ പ്രതിനിധികളെ അതതു സെനറ്റുകൾ തിരഞ്ഞെടുത്ത് ചാൻസലറായ ഗവർണർക്കു നൽകണം. മറ്റു രണ്ടു പ്രതിനിധികളെ ഗവർണർക്ക് എളുപ്പത്തിൽ ലഭിക്കും.
ചാൻസലറുടെ പ്രതിനിധിയെ സർക്കാരുമായി കൂടിയാലോചിച്ച് നിയമിക്കുന്നതാണ് കീഴ് വഴക്കമെങ്കിലും ഇപ്പോഴത്തെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ എന്തുണ്ടാവുമെന്നു വ്യക്തമല്ല. എൽ.ഡി.എഫിന്റെ കാലത്തുള്ള സിൻഡിക്കേറ്റുകൾ പുനഃസംഘടിപ്പിക്കാതെ, വി.സി. നിയമനങ്ങളിലേക്കു കടക്കാനാവില്ലെന്നതാണ് സർക്കാരിന്റെ മുൻപിലെ തടസ്സം.
-----------------------------------------------------------
കാർഷിക സർവകലാശാലാ വി.സി. നിയമനം: സർക്കാർ പട്ടിക കൈമാറിയിട്ടില്ലെന്ന് ലോക്ഭവൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ വി.സി. നിയമനത്തിനായി സർക്കാർ പട്ടിക കൈമാറിയിട്ടില്ലെന്ന് ലോക്ഭവൻ. അതേസമയം, കൃഷിമന്ത്രിയുടെ ഓഫീസ് ലോക്ഭവനുമായി നടത്തിയ ആശയവിനിമയത്തിൽ വി.സി.യായി പരിഗണിക്കാൻ ഒരാളുടെ പേര് ഉയർന്നിരുന്നു. അതു പരിഗണിക്കാതെ, ഏറ്റവും സീനിയറായ ആളെന്ന നിലയിലാണ് ഡോ. ടി. സജിതാ റാണിയെ വി.സി.യായി ഗവർണർ നിയമിച്ചതെന്നും ലോക്ഭവൻ വൃത്തങ്ങൾ വിശദീകരിച്ചു. വി.സി.യായിരുന്ന ഡോ. ബി. അശോക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായ പശ്ചാത്തലത്തിലാണ് താത്‌കാലിക വി.സി.യെ നിയമിക്കേണ്ടിവന്നത്. സർക്കാരുമായി ചർച്ച ചെയ്ത് ചാൻസലർ നിയമനം നടത്തണമെന്നാണ് സർവകലാശാലാ നിയമം. അതനുസരിച്ച്, പ്രോ-ചാൻസലറായ കൃഷി മന്ത്രി ടി. സിദ്ദിഖുമായി ഗവർണർ കൂടിയാലോചന നടത്തിയിരുന്നു. എന്നാൽ, മൂന്നുപേരുടെ പാനൽ സർക്കാർ നൽകിയിട്ടില്ലെന്നാണ് ലോക്ഭവന്റെ വാദം.
പ്രൊഫസർമാരിൽ ഏറ്റവും സീനിയർ എന്ന നിലയിലാണ് ടി. സജിതാ റാണിയെ പരിഗണിച്ചത്. തുടർന്ന്, ഡോ. തോമസ് ജോർജിനെ നിയമിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, സീനിയോറിറ്റി പട്ടികയിൽ അദ്ദേഹം ആറാം സ്ഥാനത്തായിരുന്നെന്നു ലോക്ഭവൻ ചൂണ്ടിക്കാട്ടി.
കാർഷിക സർവകലാശാലയിലെ അധ്യാപകരായ മൂന്നുപേരുടെ പാനൽ നൽകിയിരുന്നെന്നാണ് സർക്കാരിന്റെ വിശദീകരണം. ദേശീയ-അന്താരാഷ്ട്ര തലത്തിൽ പ്രഗല്ഭനായ ഒരാളുടെ പേര് പ്രോ-ചാൻസലറെന്ന നിലയിൽ നിർദേശിച്ചതായി മന്ത്രിയും വ്യക്തമാക്കിയിരുന്നു.
Content Highlights: Governor plans to appoint permanent VCs after university syndicate reorganization., Only four universities currently have permanent VCs., Search committee process requires UGC compliance and senate representation., Governor expects cooperation from the new government for 2026 appointments.