മൂല്യനിർണയം നടത്തിയത് ഹൈദരാബാദിലെ പ്രസ്സിൽ; സർവകലാശാലാ ഗോഡൗണിൽ എഴുതാത്ത ഉത്തരക്കടലാസ്, ഹാൾടിക്കറ്റുകൾ

തിരുവനന്തപുരം: കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമനക്കേസ് കുറ്റപത്രത്തിലേക്കെത്തുന്നത് 18 വർഷത്തിനുശേഷം. ലോകായുക്തയിൽ ജസ്റ്റിസ് എൻ. കൃഷ്ണൻനായരുടെ മുൻപാകെയാണ് കേസ് ആദ്യം വരുന്നത്. കേസിലെ പ്രതികളെയെല്ലാം പ്രോസിക്യൂട്ട് ചെയ്യാനും നിയമനം ലഭിച്ചവരെ പിരിച്ചുവിടാനും അദേഹം ഉത്തരവിട്ടു. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കോടതി തന്നെ ജില്ലാ ജഡ്ജി സുകുമാരൻ അധ്യക്ഷനായി അന്വേഷണകമ്മിഷനെ നിയോഗിച്ചു. കമ്മിഷനും ക്രമക്കേട് ശരിെവച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. അന്വേഷണത്തിലും നിയമനത്തിൽ വ്യാപകമായ അഴിമതി നടന്നുവെന്ന് കണ്ടെത്തി കുറ്റപത്രം സമർപ്പിച്ചു. ഇതിനെതിരേ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. കുറ്റപത്രംതടഞ്ഞ കോടതി നിയമനം ലഭിച്ചവരെക്കൂടി എതിർകക്ഷികളാക്കി പുനരന്വേഷണറിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകാൻ ഉത്തരവിട്ടു.
ഉമ്മൻചാണ്ടി സർക്കാർ മാറി പിണറായിസർക്കാർ വന്നതോടെ പുനരന്വേഷണം നടത്തി കുറ്റപത്രം നൽകുന്നതിനുപകരം കേസ് എഴുതിത്തള്ളാനായിരുന്നു ക്രൈംബ്രാഞ്ച് തീരുമാനം. പരാതിക്കാരനായ മുൻ സെനറ്റ് അംഗം സുജിത് എസ്. കുറുപ്പിന്റെ മൊഴിപോലും രേഖപ്പെടുത്താതെ അതീവരഹസ്യമായി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. സുജിത് തടസ്സഹർജി നൽകി. കേസ് പുനരന്വേഷണം നടത്തിയാലും ഉത്തരക്കടലാസ് കണ്ടെത്താനോ ഉത്തരവാദികളെ കണ്ടെത്താനോ സാധിക്കില്ലെന്ന നിലപാടായിരുന്നു അന്ന് സർക്കാർ സ്വീകരിച്ചത്. തുടർന്ന് പലതവണ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിലെത്തുമ്പോൾ അന്വേഷണോദ്യോഗസ്ഥർ അവധിയെടുക്കുകയും സ്ഥലംമാറ്റപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
കേസ് ഇനി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കുറ്റപത്രം മൂന്നു മാസത്തിനകം ഫയൽചെയ്യണമെന്നും കോടതി കർശന നിലപാട് സ്വീകരിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് ഉണർന്നു. സംസ്ഥാനത്ത് ഇപ്പോൾ ഭരണമാറ്റം വന്നതും കേസ് കോടതിയിൽ എത്തുന്ന സാഹചര്യം സൃഷ്ടിച്ചു.
സിഡിയിൽ ക്രമക്കേട്
ഉത്തരക്കടലാസ് നശിപ്പിച്ചിരുന്നെങ്കിലും സർവകലാശാലാ ഗോഡൗണിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ചോദ്യപേപ്പർ, എഴുതാത്ത ഉത്തരക്കടലാസ്, ഹാൾടിക്കറ്റുകൾ തുടങ്ങിയവ കണ്ടെത്തി. മൂല്യനിർണയം നടത്തിയതും ചോദ്യപേപ്പർ അച്ചടിച്ച ഹൈദരാബാദിലെ പ്രസ്സിലായിരുന്നു. അവിടെനിന്ന് നൽകിയ മൂല്യനിർണയഫലം അടങ്ങിയ സിഡിയിൽ ക്രമക്കേട് നടത്തിയശേഷമാണ് അഭിമുഖത്തിനായി അതിന്റെ ഉള്ളടക്കം ഉപയോഗിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയത് വഴിത്തിരിവായി. തിരഞ്ഞെടുപ്പ് നടപടികളുടെ രേഖകളടങ്ങിയ വിസിയുടെ ലാപ് ടോപ്പ് കാണാതായതും എന്നാൽ അതു സംബന്ധിച്ച പരാതി കേസ് ആരോപണം വന്നശേഷം മാത്രം നൽകിയതും കുറ്റപത്രത്തിലുണ്ട്.
Content Highlights: Kerala University assistant appointment corruption case reaches charge sheet stage after 18 years., Crime Branch investigation confirmed widespread irregularities and tampering with CDs from the printing press., Court ordered the filing of the charge sheet within three months, overcoming multiple attempts to derail the case.