ട്രാൻസ്‌ജെൻഡറുകൾക്ക് സർക്കാർജോലിയിൽ സംവരണത്തിന് ശുപാർശ

പ്രതീകാത്മക ചിത്രം : മാതൃഭൂമി
പ്രതീകാത്മക ചിത്രം : മാതൃഭൂമി

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർജോലികളിൽ സംവരണമേർപ്പെടുത്താൻ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ശുപാർശ. സംവരണമേർപ്പെടുത്തണമെന്ന് പിഎസ്‌സിയോട് ആവശ്യപ്പെട്ടതായി മന്ത്രി ആർ. ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു. കോളേജ് പ്രവേശനത്തിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു സീറ്റ് നേരത്തേ സംവരണംചെയ്തിരുന്നു.

എൽഎൽബി പ്രവേശനത്തിനും സംവരണംനൽകും. നോളജ് ഇക്കോണമി മിഷനുമായിച്ചേർന്ന് തൊഴിൽപരീശിലനപരിപാടിയും സംഘടിപ്പിക്കും -മന്ത്രി പറഞ്ഞു.

ഈവർഷത്തെ ട്രാൻസ്‌ജെൻഡർ കലോത്സവം ‘വർണപ്പകിട്ട്’ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കോഴിക്കോട്ടുനടക്കും. ആദ്യദിനം ട്രാൻസ്ജെൻഡർ നയം നടപ്പാക്കിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിദഗ്ധരും പങ്കെടുക്കുന്ന ദേശീയസമ്മേളനം നടക്കും.

വിവിധമേഖലകളിൽ കഴിവുതെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള അവാർഡുദാനവും ഭവനപദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനച്ചടങ്ങിൽ നടക്കും.

Content Highlights: Kerala`s Higher Education Dept recommends job reservations for transgender individuals