കള്ളുഷാപ്പുകളുടെ അടുക്കളകൾ ഇനി വെടിപ്പാകും; നേരിട്ടുള്ള പരിശോധനയ്ക്ക് എക്സൈസ്, ഭക്ഷ്യസുരക്ഷാ സംഘം

#ടിജോ ജോസ്
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

പാലക്കാട്: ‘വാഴയിലയിൽ ആവി പറക്കുന്ന കപ്പയും കരിമീൻ പൊള്ളിച്ചതും... നാടൻ തലക്കറിയും കുരുമുളകിട്ട ബീഫ് ഫ്രൈയും’... വെയിലായാലും മഴയായാലും കള്ളുഷാപ്പ് വിഭവങ്ങളിൽ കണ്ണുടക്കാത്തവർ കുറവ്. എന്നാലിത് വെച്ചുണ്ടാക്കി വിളമ്പുന്ന ഇടങ്ങളെക്കുറിച്ച് അതുചെയ്യുന്നവർക്ക് പോലും അത്ര മതിപ്പില്ല. ഷാപ്പുകളിലെ അടുക്കളകളെ ‘നന്നാക്കാൻ’ എക്സൈസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഇനി ഒന്നിച്ച് രംഗത്തിറങ്ങും.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 3,913 കള്ളുഷാപ്പുകളിൽ 2,310 എണ്ണത്തിൽ ഭക്ഷണവിതരണവും ഉണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കണക്ക്. വാടകക്കെട്ടിടങ്ങളിലാണ് ഷാപ്പുകളിലേറെയും നടത്തുന്നത്. അതുകൊണ്ടുതന്നെ അടുക്കളകൾക്കും ഒട്ടേറെ പരിമിതികളുണ്ട്. ഉള്ളസ്ഥലത്ത് ലഭിക്കുന്ന ഭക്ഷണത്തിന്റെ ശുചിത്വവും നിലവാരവും ഉറപ്പാക്കാനാണ് ശ്രമമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൃത്രിമക്കള്ള് ഉത്പാദനവും വിൽപ്പനയും തടയാൻ ‘ഓപ്പറേഷൻ ശുദ്ധി’യുടെ ഭാഗമായി എല്ലാ ജില്ലകളിലും മൂന്നുവീതം എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡുകൾ ഒരുക്കാൻ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പമാവും ഭക്ഷ്യസുരക്ഷാ അധികൃതരും രംഗത്തിറങ്ങുക.

ഷാപ്പുകളിലെ പാചകപ്പുരകളിൽ ഇടവിട്ടുള്ള മിന്നൽ പരിശോധനകളുണ്ടാവും. ആഴ്ചയിൽ കുറഞ്ഞത് ആറിടങ്ങൾ വീതം പരിശോധിക്കാനാണ് തീരുമാനം. വൃത്തിഹീനമായ അടുക്കളകൾ നവീകരിക്കാൻ നടത്തിപ്പുകാർക്കും ലൈസൻസിക്കും നിർദേശം നൽകുമെന്നും അധികൃതർ പറഞ്ഞു. ഗുരുതര പോരായ്മകൾ കണ്ടെത്തുന്ന പാചകപ്പുരകൾ പൂട്ടാനും നടപടിയുണ്ടാവും.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഹോട്ടലുകൾക്കുള്ള എല്ലാ നിബന്ധനകളും കള്ളുഷാപ്പുകളിലെ ഭക്ഷണപ്പുരകൾക്കും ബാധകമാണെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി അധികൃതർ പറഞ്ഞു. പോരായ്മകൾ കണ്ടാൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.

Content Highlights: Joint inspection drive by Kerala Excise and Food Safety Authority., Focus on improving kitchen hygiene in 2,310 food-serving toddy shops., Implementation of 'Operation Shuddhi' to curb adulteration and poor sanitation., Strict enforcement including potential closure of unhygienic kitchens., Public can report violations via toll-free number 1800 425 1125.