'12-നെ ആറുകൊണ്ട് ഹരിച്ചാൽ ഉത്തരം എട്ട്'; കണക്കുതെറ്റി അഞ്ചാം ക്ലാസ് പാഠപുസ്തകം

അഞ്ചാംക്ലാസ് കണക്കുപുസ്തകത്തിൽ, 12-നെ ആറുകൊണ്ട് ഹരിക്കുമ്പോൾ എട്ട് കിട്ടുന്നതായി കാണിച്ചിരിക്കുന്ന ഭാഗം
അഞ്ചാംക്ലാസ് കണക്കുപുസ്തകത്തിൽ, 12-നെ ആറുകൊണ്ട് ഹരിക്കുമ്പോൾ എട്ട് കിട്ടുന്നതായി കാണിച്ചിരിക്കുന്ന ഭാഗം

പത്തനംതിട്ട: 12-നെ ആറുകൊണ്ട് ഹരിച്ചാൽ ഉത്തരം എട്ടായിരിക്കുമെന്ന് അഞ്ചാം ക്ലാസിലെ പാഠപുസ്തകം. വിദഗ്ധർ തയ്യാറാക്കുകയും പലവട്ടം പരിശോധന നടത്തി പുറത്തിറക്കുകയുംചെയ്ത പുസ്തകത്തിലാണ് ന്യായീകരണമില്ലാത്ത തെറ്റ്. ഇംഗ്ലീഷ്, മലയാളം മീഡിയം പുസ്തകങ്ങളിൽ രണ്ടിലും തെറ്റുണ്ട്.

രണ്ടാംവാല്യം പുസ്തകത്തിന്റെ 127-ാം പേജിലാണിത്. ചതുരാകൃതിയിലുള്ള വിഭജനം എന്ന ശൈലിയിലുള്ള ഹരണമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. സംഖ്യയെ ഘടകങ്ങളാക്കി ഹരിക്കുന്ന രീതിയാണിത്. 102 എന്ന സംഖ്യയെ ഘടകങ്ങളാക്കി ഹരിക്കുന്നതാണ് പാഠത്തിൽ കാണിച്ചിരിക്കുന്നത്. അവസാന ഭാഗത്താണ് 12-നെ ആറ് കൊണ്ട് ഹരിക്കേണ്ട ഘട്ടംവരുന്നത്. അതിന്റെ ഉത്തരം ഇടതുഭാഗത്ത് കാണിച്ചിട്ടുണ്ട്. രണ്ട് എന്ന ശരിയുത്തരത്തിനു പകരം എട്ട് എന്നാണ് എഴുതിയിരിക്കുന്നത്.

അച്ചടിപ്പിശക് എന്ന വിശദീകരണത്തിലൊതുക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. വലിയ ചർച്ചയും മറ്റും നടത്തിയാണ് പുസ്തകം തയ്യാറാക്കിയത്.

കാസറഗോഡ് എന്ന് വേറെ തെറ്റും

ഇതേ പുസ്തകത്തിൽ തന്നെ 137-ാം പേജിൽ കാസർകോട് ജില്ലയുടെ പേര് കൊടുത്തിരിക്കുന്നത് കാസറഗോഡ് എന്നാണ്. സംസ്ഥാനത്തെ ജില്ലകളും ജനസംഖ്യയും കാണിച്ചിരിക്കുന്ന പട്ടികയിൽനിന്ന് സംഖ്യകളുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ എഴുതി ശീലിക്കാനുള്ള ഭാഗമാണിത്. ജില്ലയുടെ പേര് ഇംഗ്ലീഷ് മീഡിയം പുസ്തകത്തിലും kasaragodu എന്നാണ് എഴുതിയിരിക്കുന്നത്.

13 വർഷമായി തിരുത്താത്ത തെറ്റ് രണ്ടാംക്ലാസിൽ

13 വർഷമായി രണ്ടാം ക്ലാസിലെ കേരളപാഠാവലി മലയാളം പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ ഒരു അക്ഷരത്തെറ്റ് മാറ്റമില്ലാതെ തുടരുന്നു. അണ്ണാൻകുഞ്ഞും ആനമൂപ്പനും എന്ന അഞ്ചാം അധ്യായത്തിലാണ്, തയ്യാറാക്കാം എന്ന വാക്കിനെ 'തയാറാക്കാം' എന്നെഴുതിയിരിക്കുന്നത്. പുസ്തകം പലതവണ തെറ്റുകൾ തിരുത്തിയിറക്കിയെങ്കിലും ഇതുമാത്രം മാറിയില്ല.

 രണ്ടാംക്ലാസ് മലയാളം പുസ്തകത്തിൽ 'തയാറാക്കാം' എന്ന തരത്തിൽ അച്ചടിച്ചിരിക്കുന്ന തെറ്റ്

ലിപിയിലും അക്ഷരശുദ്ധിയിലും ജാഗ്രതവേണമെന്ന് പറയുമ്പോഴാണ് അക്ഷരത്തെറ്റ് പുസ്തകത്തിൽ തുടരുന്നത്- അതും മലയാളം പുസ്തകത്തിൽ.

Content Highlights: Kerala`s school textbooks contain mathematical and spelling errors, including a division problem.