ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പ്: ഏകപക്ഷീയമായി നിർത്താൻ പാടില്ല, നിയന്ത്രണം വേണമെന്ന് തന്ത്രി സമാജം

#സ്വന്തം ലേഖകൻ
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കൊച്ചി: ഏകപക്ഷീയമായി ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പുകൾ നിർത്താൻ പാടില്ലെന്ന് അഖില കേരള തന്ത്രി സമാജം. എഴുന്നള്ളിപ്പുകൾ കർശന നിയന്ത്രണങ്ങളോടുകൂടി നടപ്പിലാക്കണം. മാനദണ്ഡങ്ങൾ കർശനമാക്കി പാപ്പാന്മാർക്ക് യോഗ്യമായ പരിശീലനമുണ്ടെന്ന് ഉറപ്പുവരുത്തി എഴുന്നള്ളിപ്പുകളും അനുബന്ധ ആഘോഷങ്ങളും അനാവശ്യ വിവാദങ്ങളിൽ കുരുക്കാതെ പിഴവുകൾ തീർത്ത് നടത്തണമെന്ന് തന്ത്രി സമാജം ആവശ്യപ്പെട്ടു.

പൗരാണിക കാലം മുതൽ കേരളത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന ഒന്നാണ് ആനയെഴുന്നള്ളിപ്പ്. പെട്ടെന്നുണ്ടാകുന്ന ചില പൊതു ചർച്ചകളുടെ മാത്രം ഭാഗമായി  ആനയെഴുന്നള്ളിപ്പ് പാടെ വേണ്ടെന്നുവെക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനു മുമ്പ് അക്കാര്യമെങ്ങനെ കുറ്റമറ്റതായും അപകടരഹിതമായും തുടർന്നും നടത്താനാവും എന്നാണ് ചിന്തിക്കേണ്ടത്. അങ്ങനെ സാധ്യമാകുമെങ്കിൽ, അതിനു വേണ്ട കാര്യങ്ങൾ ചെയ്തുകൊണ്ട് ആനയെഴുന്നള്ളിപ്പ് തുടരുകയാണ് വേണ്ടത്.

പരമ്പരാഗതമായുള്ള ആചാരപരമായ ചടങ്ങുകൾക്കൊക്കെയും കർശന നിയന്ത്രണങ്ങളോടെ ആന എഴുന്നള്ളിപ്പ് നടപ്പിലാക്കണം. ഈയടുത്ത കാലത്ത്, ഉദ്ദേശം 15 വർഷത്തിനു മുമ്പ് മുതൽ തുടങ്ങിയിട്ടുള്ള ആന എഴുന്നള്ളിപ്പുകൾ അവയുടെ ആഘോഷപരവും ആചാരപരവും ക്ഷേത്ര ബന്ധിതമായ കൃത്യതയും ആവശ്യകതയും പരിശോധിച്ച് തുടരേണ്ടവ മാത്രം തുടരുകയും അല്ലാത്തവ നിർത്തുകയും ചെയ്യണം. ആചാരപരമായ കാരണങ്ങളാൽ പുതുതായി എഴുന്നള്ളിപ്പ് ആരംഭിക്കേണ്ടി വരുന്ന ഇടങ്ങളിൽ വിദഗ്‌ധ പരിശോധനയ്ക്ക് ശേഷം കർശന വ്യവസ്ഥകളോടെ ഉചിതമായ ഇടത്തു മാത്രം അനുവദിക്കണം.

ഇപ്പോഴുള്ള ഗജപരിപാലനവും, എഴുന്നള്ളിപ്പുകൾക്ക് വിനിയോഗിക്കലും ചില സ്ഥലത്തെങ്കിലും ആനകൾക്കും ഭക്തജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലാണുള്ളത്. നാട്ടാനകളുടെ പൂർണ്ണ വിവരങ്ങൾ അധികൃതരുടെ കൈവശമുള്ളതിനാൽ ഓരോ ആനയ്ക്കും മദപ്പാട് ഉണ്ടാവുന്നതടക്കമുള്ള കാര്യങ്ങൾ പ്രത്യേകം രേഖപ്പെടുത്തുകയും അതിനു മുൻപും ശേഷവുമായി 90 ദിവസം അതത് ആനകളെ എഴുന്നള്ളിക്കുന്നത് കർശനമായും നിരോധിക്കുകയും വേണം. ഓരോ എഴുന്നള്ളിപ്പിനു മുമ്പും വൈദ്യപരിശോധന ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കർശനമായും പരിപാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. 

പാപ്പാന്മാർക്ക് യോഗ്യമായ പരിശീലനം നൽകിയ ശേഷം മാത്രമേ ആന പരിപാലനത്തിന് നിയോഗിക്കപ്പെടുകയുള്ളൂ എന്നത് വിട്ടുവീഴ്ച്ചയില്ലാതെ ഉറപ്പുവരുത്തണം. എഴുന്നള്ളിപ്പിന് ശേഷവും ആനകൾക്ക് മതിയായ വിശ്രമവും വേണ്ടത്ര ആഹാരവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതേസമയം പ്രസക്തിയോ ആവശ്യകതയോ ഇല്ലാതെ കേവലം പണത്തിന്റെയും സ്വാധീനത്തിന്റെയും മറവിൽ അപ്പപ്പോൾ മുളച്ചുപൊന്തുന്ന പൂരങ്ങളും ഗജമേളകളും ഒരു വിട്ടുവീഴ്ച്ചകളുമില്ലാതെ നിയന്ത്രിക്കേണ്ടതാണെന്നും തന്ത്രി സമാജം അഭിപ്രായപ്പെട്ടു. 

Content Highlights: Thanthri Samajam urges for stricter regulations, not a ban, on temple elephant processions in Kerala