വേനൽമഴയ്ക്കൊപ്പം ശക്തമായ കാറ്റ്; കാർ ഷോറൂമിന്റെ മേൽക്കൂര തകർന്നു, ഓട്ടോയ്ക്കുമേൽ വൈദ്യുതി തൂൺ വീണു

#ന്യൂസ് ഡെസ്ക്
ടാറ്റ ഷോറൂമിൻ്റെ തകർന്നുവീണ മേൽക്കൂര, ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണ വൈദ്യുതി തൂണുകൾ
ടാറ്റ ഷോറൂമിൻ്റെ തകർന്നുവീണ മേൽക്കൂര, ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണ വൈദ്യുതി തൂണുകൾ

കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച പെയ്ത വേനൽമഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ. എറണാകുളം, കോട്ടയം ജില്ലകളിലെ പല ഭാഗങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

കോട്ടയം ജില്ലയിലെ ഉഴവൂർ ആൽപ്പാറ ഭാഗത്ത് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ ശക്തമായ കാറ്റുണ്ടായി. വഴിയോരത്തെ മരം വൈദ്യുതി ലൈനിന് മുകളിലേക്ക് വീണതിനെത്തുടർന്ന് ഒന്നിലേറെ വൈദ്യുതി തൂണുകൾ നിലംപൊത്തി. ഇതിലൊരു തൂൺ ആൽപ്പാറ കവലയിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പതിച്ചു.

അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ പൂവത്തുങ്കൽ മണിയാക്കുപാറ കീക്കരയിൽ ബാബുവിനെയും യാത്രക്കാരൻ ജോയിയേയും ഉഴവൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരങ്ങളും വൈദ്യുതി തൂണുകളും വീണതിനെത്തുടർന്ന് ആൽപ്പാറയിൽനിന്ന് പൂവത്തിങ്കൽ, ഉഴവൂർ, മോനിപ്പള്ളി ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. തങ്കച്ചന്റെ നേതൃത്വത്തിലുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

മൂവാറ്റുപുഴ കൊച്ചി-ധനുഷ് കോടി പാതയോരത്തുള്ള ടാറ്റാ കാർ ഷോറൂമിൽ ശക്തമായ കാറ്റിൽ വൻ നാശനഷ്ടം ഉണ്ടായി. ഷോറൂമിൻ്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര തകർന്ന് താഴെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്ക് പതിച്ചു. സർവ്വീസിനായി എത്തിച്ച വാഹനങ്ങളുടെയും പുതിയ വാഹനങ്ങളുടെയും മുകളിൽ മേൽക്കൂരയുടെ ഷീറ്റും കമ്പികളും വീണ് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.

കോതമംഗലം കുട്ടമ്പുഴയിൽ കനത്ത മഴയും കാറ്റും നാശം വിതച്ചു. ശക്തമായ കാറ്റിൽ കുട്ടമ്പുഴ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മേഖലയിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത കൃഷിനാശവും മറ്റും സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

Content Highlights: Heavy summer rains and strong winds hit Ernakulam district., Electric pole collapse in Uzhavoor injured two people., Tata car showroom roof collapsed in Muvattupuzha causing vehicle damage., Widespread property and crop damage reported in Kuttampuzha., Emergency rescue operations are underway in affected areas.