‘എന്റെ സഞ്ചയികാ പൈസ അവർക്ക് കൊടുത്തോളൂ...’; 3 കുരുന്നുകളുടെ ജീവനായി 4-ാംക്ലാസുകാരന്റെ വലിയ മനസ്സ്

#സ്വന്തം ലേഖകൻ
എസ്.എം.എ. ബാധിതരായ കുട്ടികൾ, സഹായം നൽകിയ നാലാം ക്ളാസുകാരൻ അലോക് എസ്. ദേവ്
എസ്.എം.എ. ബാധിതരായ കുട്ടികൾ, സഹായം നൽകിയ നാലാം ക്ളാസുകാരൻ അലോക് എസ്. ദേവ്

മുക്കം: ‘അച്ഛാ നമ്മളും പൈസ കൊടുക്കേണ്ടേ... എന്നാൽ, എന്റെ സഞ്ചയികാ പൈസ അവർക്ക് കൊടുത്തോളൂ...’ -എസ്.എം.എ. രോഗം ബാധിച്ച മൂന്ന് കുരുന്നുകളുടെ അതിജീവനത്തിനായി നാടൊന്നാകെ പ്രാർഥിക്കുമ്പോൾ തന്നാലാവും സഹായവുമായി നാലാം ക്ളാസുകാരൻ. തോട്ടത്തിൻകടവ് ചന്ദ്രത്തിൽ ബിപിൻ സുഗതേവ്-അശ്വതി ദമ്പതിമാരുടെ മകനായ പൂവാട്ടുപറമ്പ് എൽ.പി. സ്കൂൾ വിദ്യാർഥി അലോക് എസ്. ദേവാണ് മൂന്ന് പിഞ്ചോമനകളുടെയും അവരുടെ കുടുംബത്തിന്റെയും നോവറിഞ്ഞെത്തിയത്. ഓമശ്ശേരി കല്ലുരുട്ടി പൂവ്വത്തേരിചാലിൽ വീട്ടിൽ പി.ഡി. അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സാവാർത്ത കേട്ടറിഞ്ഞതാണ് അലോക്.

രണ്ടാംക്ലാസ് വരെകല്ലുരുട്ടി സെയ്ന്റ് തോമസ് യു.പി. സ്കൂളിലാണ് അലോക് പഠിച്ചത്. പിന്നീടാണ് സ്കൂൾ മാറിയത്. മകന്റെ ആവശ്യം സഞ്ചയികാ പുസ്തകത്തിന്റെ ഫോട്ടോസഹിതം പിതാവ് ചികിത്സാസഹായസമിതി കൺവീനർമാരിലൊരാളായ അബീഷ് ജോസഫിനെ അറിയിച്ചു. 2887 രൂപ ശനിയാഴ്ച അലോക് ചികിത്സാ സഹായസമിതിയെ ഏൽപ്പിക്കും.

കുട്ടികളാണ് സഹായഹസ്തവുമായി കൂടുതൽ മുന്നോട്ടുവരുന്നതെന്ന് ചികിത്സാ സഹായസമിതി ഭാരവാഹികൾ പറഞ്ഞു.

4.37 കോടി രൂപ

മൂന്നു കുഞ്ഞുങ്ങൾക്കും രണ്ടുവയസ്സ് പൂർത്തിയാവുന്നതിനുമുൻപേ ജീൻതെറപ്പി ചെയ്യണം. ഇതിനും തുടർചികിത്സകൾക്കുമായി അൻപതുകോടിയോളം രൂപയാണ് ആവശ്യമായുള്ളത്. 4.37 കോടിരൂപ ഇതുവരെ അക്കൗണ്ടിലെത്തി. വെള്ളിയാഴ്ച മാത്രം ഒരുകോടി 56 ലക്ഷം രൂപ ലഭിച്ചു. ആവശ്യമായ ബാക്കി തുക കിട്ടുമെന്ന പ്രത്യാശയിലാണ് നാട്.

ശ്രദ്ധിക്കാൻ

ഗൂഗിൾപേ വഴി പണമയക്കാൻ ശ്രമിക്കുമ്പോൾ സസ്പീഷ്യസ് അക്കൗണ്ട് എന്ന് ചിലപ്പോൾ കാണിക്കുന്നുണ്ട്. കൂടുതൽപേർ അക്കൗണ്ടിലേക്ക് പണമയക്കുമ്പോൾ ഗൂഗിൾപേയുടെ പോളിസി അനുസരിച്ചാണ് ഈ മെസേജ് കാണിക്കുന്നതെന്നും സംശയിക്കേണ്ടതില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചിട്ടുണ്ട്.

Content Highlights: A 4th-grade student, Alok S. Dev, donated his 'Sanchika' school savings of Rs 2,887 for the treatment of three SMA-affected children., The children—Ethan, David, and Oliver—require gene therapy before turning two, costing around Rs 50 crore in total.