അന്ന് മാംഗോ, ഇന്ന് മെസ്സി: ചോദിക്കുമ്പോൾ മന്ത്രി ക്ഷുഭിതനാകുന്നതെന്തിന്? 139 കോടി കൊടുത്തതിന് തെളിവെവിടെ -PK ഫിറോസ്

മന്ത്രി വി. അബ്ദുറഹ്മാൻ, പി.കെ. ഫിറോസ് | ഫോട്ടോ - പ്രദീപ് പയ്യോളി/ മാതൃഭൂമി, ഫെയ്സ്ബുക്ക്
മന്ത്രി വി. അബ്ദുറഹ്മാൻ, പി.കെ. ഫിറോസ് | ഫോട്ടോ - പ്രദീപ് പയ്യോളി/ മാതൃഭൂമി, ഫെയ്സ്ബുക്ക്

കോഴിക്കോട്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമും ലയണല്‍ മെസിയും കേരളത്തില്‍ വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളക്കളികള്‍ക്ക് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ മറുപടി പറയണമെന്ന് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് മെസിയും ടീമും കേരളത്തില്‍ കളിക്കേണ്ട സമയമാണിതെന്നും എന്നാല്‍ ഇപ്പോള്‍ വരില്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക്, മന്ത്രി വാര്‍ത്താ മാധ്യമങ്ങളോട് ക്ഷുഭിതനാകുന്നത് എന്തിനാണെന്നും ഫിറോസ് ചോദിച്ചു.

മെസിയെ കൊണ്ടുവരുന്നതിനായി മന്ത്രിയും സംഘവും സ്‌പെയിനില്‍ പോയതിന് 13 ലക്ഷം രൂപയാണ് ചെലവഴിച്ചത്. മാത്രവുമല്ല ഈ മത്സരത്തിന്റെ സ്‌പോണ്‍സറായി റിപ്പോര്‍ട്ടര്‍ ടിവിയെയാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. നിരവധി കേസുകളില്‍ പ്രതികളായവരുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ടിവിയെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സര്‍ക്കാര്‍ പരിപാടിയുടെ സ്‌പോണ്‍സറായി ചുമതലപ്പെടുത്തിയതെന്നും ഫിറോസ് ചോദിച്ചു.

മൂന്ന് ദിവസംവരെ ചാര്‍ജ് നിലനില്‍ക്കുന്ന മാംഗോ ഫോണ്‍ വിപണിയിലിറക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച ഇവര്‍ എറണാകുളം ബാങ്ക് ഓഫ് ബറോഡയില്‍നിന്ന് 2 കോടി 68 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍നിന്ന് 13 കോടി രൂപയും വ്യാജരേഖ ചമച്ച് തട്ടിയ കേസില്‍ പ്രതികളാണ്. മുട്ടില്‍ മരംമുറിക്കേസിലും പ്രതികളായ ഇവര്‍ക്ക് മീനങ്ങാടി പോലീസ് സ്റ്റേഷനില്‍മാത്രം 11 കേസ് നിലനില്‍ക്കുകയും പൊലീസ് റിപ്പോര്‍ട്ട് പ്രകാരം റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുമാണ്. കൂടാതെ വയനാട് ദുരന്തത്തെ തുടര്‍ന്ന് 150 കുടുംബങ്ങള്‍ക്ക് ടൗണ്‍ഷിപ്പെന്ന കള്ളപ്രഖ്യാപനം നടത്തിയവരാണെന്നും ഫിറോസ് വ്യക്തമാക്കി.

മെസിയുടെ വരവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ ദിവസേന 2000 പേര്‍ പണിയെടുക്കുന്നുണ്ടെന്നായിരുന്നു പ്രചാരണം. എന്നാല്‍ നൂറില്‍ താഴെയുള്ളവരാണ് ഈ ദിവസങ്ങളില്‍ സ്റ്റേഡിയത്തിനകത്തും പുറത്തുമായി പണിയെടുത്തത്. മെസി വരുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ ഈ രീതിയിലായിരുന്നോ പണികള്‍ നടക്കേണ്ടിയിരുന്നതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പരിപാടിയുടെ പേരില്‍ നിരവധി കേസില്‍ പ്രതികളായവര്‍ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം മീറ്റിങ്ങ് കൂടാന്‍ അവസരം നല്‍കിയതിനും സര്‍ക്കാര്‍ മറുപടി പറയണം. ഇതുമായി ബന്ധപ്പെട്ട് 139 കോടി രൂപയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് അയച്ചതെന്നായിരുന്നു റിപ്പോര്‍ട്ടര്‍ ടി.വി ഉടമകളുടെ അവകാവാദം. കേരള സര്‍ക്കാറിന് വേണ്ടി ചെയ്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രിയും കായിക മന്ത്രിയും തയ്യാറുണ്ടോയെന്നും ഫിറോസ് വെല്ലുവിളിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമല സ്വര്‍ണം ഏല്‍പ്പിച്ചത് പോലെയാണ് സര്‍ക്കാറിന്റെ പ്രൊജക്റ്റ് ചാനല്‍ ഉടമകളെ ഏല്‍പ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. കോടികളുടെ ഇടപാട് നടന്ന ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ നടത്തിയ വ്യാജ പ്രചാരണത്തിന് പിന്നില്‍ വലിയ നിഗൂഢതകളുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ചിലവഴിക്കേണ്ട കള്ളപ്പണം വെളുപ്പിക്കലാണോ ഇതിന്റെ പിന്നിലെന്നും ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. പിഎംശ്രീ പദ്ധതി ആര്‍എസ്എസിന്റെ അജണ്ടയാണ്. ഇത് നടപ്പാക്കാന്‍ കേരളത്തില്‍ വേദിയൊരുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ഭരണത്തിന്റെ അവസാനഘട്ടത്തില്‍ ഒപ്പിട്ടത് ആര്‍എസ്എസുമായുള്ള കൃത്യമായ ധാരണയുടെ ഭാഗമാണെന്നും ഇത് കേരളജനത പൊറുക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Youth League Alleges Deception, Demands Probe into Messi Visit Planning