സിറ്റിങ് 16 കഴിഞ്ഞു; വയോജന കമ്മിഷന് ഇനിയും ചട്ടങ്ങളില്ല, നിയമവലയം മാത്രം

#അമല അനിൽ
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

കോഴിക്കോട്: വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി സംസ്ഥാനത്ത് രൂപവത്കരിച്ച വയോജന കമ്മിഷൻ പ്രവർത്തിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങളില്ലാതെ. സിറ്റിങ്ങുകൾ 16 കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾക്ക് അടിത്തറയാകേണ്ട ചട്ടങ്ങൾ ഇനിയും പ്രാബല്യത്തിലായിട്ടില്ല. ചട്ടങ്ങളുടെ പരിരക്ഷയില്ലാതെ ഇതുവരെ നടത്തിയ സിറ്റിങ്ങുകൾക്കും സ്വീകരിച്ച നടപടികൾക്കും കൊടുത്ത വാക്കുകൾക്കും എന്തായിരുന്നു മാനദണ്ഡമെന്ന് ആർക്കും ഒരു പിടിയുമില്ല.

2025 ഏപ്രിൽ 25-ന് പ്രസിദ്ധീകരിച്ച കേരള സംസ്ഥാന വയോജന കമ്മിഷൻ നിയമത്തിലെ 19-ാം വകുപ്പുപ്രകാരം കമ്മിഷൻ കാര്യക്ഷമമാക്കാനുള്ള ചട്ടങ്ങൾ രൂപവത്കരിക്കേണ്ടത് സർക്കാരാണ്. വയോജനങ്ങളുടെ അവകാശലംഘനങ്ങൾ, അതിക്രമങ്ങൾ, അവഗണന തുടങ്ങിയ പരാതികളിൽ പ്രാഥമികാന്വേഷണം നടത്തി അധികാരികൾക്ക് റിപ്പോർട്ട് നൽകാനും തുടർനടപടികൾക്ക് ശുപാർശ ചെയ്യാനും കമ്മിഷന് അധികാരമുണ്ട്. ചില പ്രത്യേക സാഹചര്യത്തിൽ സിവിൽ കോടതിയുടെ ചില അധികാരങ്ങളുമുണ്ട്.

എൽ.ഡി.എഫ്. സർക്കാരിന്റെ അവസാന കാലത്താണ് കമ്മിഷൻ രൂപവത്കരിച്ചത്. 2025 മാർച്ച് 19-ന് നിയമസഭാ ഏകകണ്ഠമായി ഈ ബിൽ പാസാക്കുകയും ചെയ്തു. ബിൽ പാസായി ആറു മാസത്തിനകം ചട്ടങ്ങൾ നിലവിൽ വരണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം, ബന്ധപ്പെട്ട വകുപ്പ് (സാമൂഹികനീതി വകുപ്പ്) കാരണങ്ങൾ ചൂണ്ടിക്കാട്ടി സബോർഡിനേറ്റ് കമ്മിറ്റിയിൽനിന്ന് സമയം നീട്ടിവാങ്ങണം. നിലവിൽ, അത്തരത്തിലുള്ള ഒരു നടപടികളുമില്ലാതെയാണ് കമ്മിഷൻ പ്രവർത്തിക്കുന്നത്.

കെ. സോമപ്രസാദ്(ചെയർപേഴ്സൺ), അമരവിള രാമകൃഷ്ണൻ, ഇ.എം. രാധ, കെ.എൻ.കെ. നമ്പൂതിരി, പ്രൊഫ. ലോപസ് മാത്യൂ എന്നിവരടങ്ങിയ കമ്മിഷൻ 2025 സെപ്റ്റംബർ മൂന്നിനാണ് ചുമതലയേറ്റത്. മൂന്നുവർഷമാണ് കാലാവധി. വയോജന ക്ഷേമവകുപ്പിന് കീഴിലാണു നിലവിൽ കമ്മിഷൻ പ്രവർത്തിക്കുന്നത്. വയോജന ക്ഷേമവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശനാണ് കമ്മിഷന്റെചുമതല.

ഇതു വരെയുള്ള പ്രവർത്തനം

* പരിഗണിച്ച പരാതികൾ - 700

* തീർപ്പാക്കിയവ-610

* സ്വമേധയായെടുത്ത കേസ്-70

*പരിഹരിച്ചത്20

പരിമിതികളേറെ

ചട്ടങ്ങളില്ലാതെ പ്രവർത്തിക്കാൻ കമ്മിഷന് സാമ്പത്തികമായും അല്ലാതെയും പരിമിതികളുണ്ട്. നിയമത്തിന്റെ സാധ്യതകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രവർത്തനം.

കെ. സോമപ്രസാദ്

ചെയർപേഴ്സൺ, വയോജനകമ്മിഷൻ

ഉദ്യോഗസ്ഥരുടെ മനഃപൂർവമായ ഇടപ്പെടൽ

നിയമം നിലവിൽവന്ന് ഇത്രനാളായിട്ടും ചട്ടങ്ങൾക്ക് അനുമതി ലഭിക്കാത്തത് ചില ഉദ്യോഗസ്ഥരുടെ മനഃപൂർവമായ ഇടപെടൽ കൊണ്ടാണ്. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി രത്തൻ യു. ഖേൽക്കറുമായും ചർച്ചകൾ നടത്തുന്നുണ്ട്

-അമരവിള രാമകൃഷ്ണൻ, കമ്മിഷൻ അംഗം

ശുപാർശചെയ്യണം

ഏതുചട്ടം രൂപവത്കരിച്ചാലും അതുടനെ സഭാമുമ്പാകെ ഹാജരാക്കണമെന്നതാണ് നിയമം. വയോജന കമ്മിഷനുവേണ്ടി ബന്ധപ്പെട്ട വകുപ്പുമന്ത്രി, എം.എൽ.എ.മാരുൾപ്പെടുന്ന സമിതിക്ക് ശുപാർശചെയ്താൽ മാത്രമേചട്ടങ്ങൾ പ്രാബല്യത്തിലാവൂ.

ടി.കെ. സത്യാനന്ദൻ, സംസ്ഥാന പ്രസിഡന്റ് , ഹ്യൂമൻ റൈറ്റ്‌സ് ഫോറം

Content Highlights: The Kerala Senior Citizens Commission has completed 16 sittings without formal operational rules., The Commission was formed under the Kerala State Senior Citizens Commission Act passed in March 2025., Over 700 complaints have been reviewed, with 610 cases resolved despite regulatory limitations., Commission members cite deliberate bureaucratic delays in approving the necessary rules.