ജീവന് ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി വേണം; കേന്ദ്രത്തെ സമീപിക്കാൻ കേരളം

തിരുവനന്തപുരം: ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി തേടാൻ സംസ്ഥാന സർക്കാർ. ഇതിനുള്ള നടപടിക്രമങ്ങൾക്കായി വനം- വന്യജീവി വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം എന്നതും ശ്രദ്ധേയമാണ്.
നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് വിഷയത്തിൽ ആവശ്യമായ നിയമനിർമ്മാണത്തിനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിക്കണമെന്നാണ് വനംവകുപ്പ് സെക്രട്ടറിക്ക് നൽകിയിരിക്കുന്ന നിർദേശം.
വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജീവന് ഭീഷണിയാകുന്ന വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നടക്കം പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. നിലമ്പൂരിൽ പി.വി. അൻവർ അടക്കം ശക്തമായി ഉന്നയിച്ച വിഷയങ്ങളിൽ ഒന്നുകൂടിയായിരുന്നു വന്യജീവി പ്രശ്നം. ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിഷയം ശക്തമായ പ്രചാരണായുധമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സർക്കാരിന്റെ തിരക്കിട്ട നീക്കം.
Content Highlights: Kerala Seeks Central Approval to Cull Wildlife Posing Threats to Life and Property