കടലാമസംരക്ഷണത്തിന് നിയമം വരുന്നു; ‘കൂടുണ്ടാക്കുന്നതിനും വളർത്തുന്നതിനും ആളുകളെ പ്രോത്സാഹിപ്പിക്കണം’

കൊല്ലം: കടലാമകളുടെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനായി സംസ്ഥാനത്ത് നിയമനിർമാണം വരുന്നു. ഇതടക്കമുള്ള പ്രവർത്തനങ്ങൾക്കായി തീരദേശ ജില്ലകളിലെ ഉദ്യോഗസ്ഥരെയും പ്രാദേശിക സമിതികളെയും ഉൾപ്പെടുത്തി സംസ്ഥാനതല, ജില്ലാതല കടലാമ സംരക്ഷണ സമിതികൾ രൂപവത്കരിച്ചു. ഫിഷറീസ് ഡയറക്ടർ ചെയർമാനായാണ് സംസ്ഥാനസമിതി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ചെയർമാനായി ജില്ലാസമിതികളും പ്രവർത്തിക്കും.
കടലാമകൾ കൂടുകൂട്ടുന്ന ബീച്ചുകളിലും അവയുടെ പ്രജനനമേഖലകളിലും ക്യാമ്പുകൾ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. കടലിലും തീരത്തും ദിവസവും പട്രോളിങ് നടത്തണം. കടലാമകൾ കൂടുണ്ടാക്കുന്ന ബീച്ചുകൾ കേന്ദ്രീകരിച്ച് മനുഷ്യരുടെയും മറ്റും ഇടപെടലുകൾ തടയണം. ആമപിടിത്തക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണം. കടലാമയുടെ പ്രാധാന്യത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികളിലും പ്രദേശവാസികളിലും അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. ആവാസവ്യവസ്ഥകൾ സൃഷ്ടിച്ച് കടലാമകളെ കൂടുണ്ടാക്കുന്നതിനും വളർത്തുന്നതിനും പ്രദേശവാസികളെ പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സംരംഭങ്ങളുമായി സംയോജിപ്പിച്ച ചട്ടങ്ങളിലൂടെ കടലാമകൾ മുട്ടയിടാൻ തിരഞ്ഞെടുക്കുന്ന നെസ്റ്റിങ് ബീച്ചുകൾ സംരക്ഷിക്കണം. ഇത്തരം തീരങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന കൃത്രിമവിളക്കുകൾ കുറയ്ക്കാനും ബീച്ചുകളിലേക്കുള്ള ആളുകളുടെ കടന്നുകയറ്റം നിയന്ത്രിക്കാനും നടപടിവേണം.
സംസ്ഥാനസമിതിയിൽ ഫിഷറീസ് അഡീഷണൽ ഡയറക്ടർ കോ-ചെയർമാനാണ്. എ.ഡി.ജി.പി., വനംവകുപ്പ് ചീഫ് കൺസർവേറ്റർ, വിവിധ കടലോര സംരക്ഷണ സമിതികളുടെ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാതല സമിതിയിൽ പോലീസ് സൂപ്രണ്ടിന്റെ പ്രതിനിധിയും വനം അസി. കൺസർവേറ്ററും ജനകീയസമിതികളുടെ പ്രതിനിധികളും അംഗങ്ങളാണ്.
നെസ്റ്റിങ് ബീച്ചുകൾ
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ പ്രധാനമായും ഒലിവ് റിഡ്‌ലി ഇനത്തിലെ കടലാമകളാണ് മുട്ടയിടാനായി എത്തുന്നത്. കൊളാവിപ്പാലം (കോഴിക്കോട്), തൈക്കടപ്പുറം (കാസർകോട്), തോട്ടപ്പള്ളി (ആലപ്പുഴ), ചാവക്കാട്-എടക്കഴിയൂർ (തൃശ്ശൂർ) എന്നിവിടങ്ങളാണ് കേരളത്തിലെ പ്രധാന നെസ്റ്റിങ് ബീച്ചുകൾ.
Content Highlights: Kerala to enact new law protecting sea turtles and habitats. State and district committees formed to enforce measures and raise awareness.