റബ്ബര്‍ ടാപ്പിങ് തൊഴിലാളികളും കേരളം വിടുന്നു, കര്‍ണാടകയിലേക്ക് കുടിയേറിയത് 2000 പേര്‍

#സഞ്ജു സെബാസ്റ്റ്യന്‍
ഫോട്ടോ: മാതൃഭൂമി
ഫോട്ടോ: മാതൃഭൂമി

വടക്കഞ്ചേരി: കൂലി കൂടുതല്‍തേടി കേരളത്തില്‍നിന്ന് ടാപ്പിങ് തൊഴിലാളികള്‍ കര്‍ണാടകത്തിലേക്ക് കുടിയേറുന്നത് സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരെ വലയ്ക്കുന്നു. സ്വതന്ത്ര റബ്ബര്‍ ടാപ്പിങ് സമിതിയുടെ കണക്കനുസരിച്ച് പത്തുവര്‍ഷത്തിനിടെ രണ്ടായിരത്തോളം ടാപ്പിങ് തൊഴിലാളികള്‍ കര്‍ണാടകയിലേക്ക് പോയിട്ടുണ്ട്. റബ്ബര്‍ ബോര്‍ഡില്‍ ഇതുസംബന്ധിച്ച് കണക്കില്ലെങ്കിലും ഈ കണക്ക് അധികൃതര്‍ ശരിവെക്കുന്നുണ്ട്.

കര്‍ണാടകത്തിലെ പുത്തൂര്‍, കര്‍ക്കള, ബല്‍ത്തങ്ങാടി എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍പേരും പോയിട്ടുള്ളത്. കേരളത്തില്‍ ഒരുമരത്തിന് 2.50 രൂപ വെട്ടുകൂലി ലഭിക്കുമ്പോള്‍ കര്‍ണാടകത്തില്‍ നാലുരൂപവരെ ലഭിക്കുന്നുണ്ടെന്ന് സ്വതന്ത്ര ടാപ്പിങ് സമിതി സംസ്ഥാന പ്രസിഡന്റ് ഷാഫ് മുഹമ്മദ് പറയുന്നു. ഉത്പാദനം കൂടുതലുള്ളതിനാല്‍ കര്‍ണാടകത്തില്‍ തോട്ടം കരാറെടുത്ത് ടാപ്പ് ചെയ്യുന്നത് ലാഭകരമാണെന്ന് ടാപ്പിങ് തൊഴിലാളിയായ മംഗലംഡാം വി.ആര്‍.ടി. സ്വദേശി ജയ്സണ്‍ പറയുന്നു. കൂടുതല്‍മാസങ്ങള്‍ അവിടെ ടാപ്പിങ് ചെയ്യാനാവുമെന്നതും മെച്ചമാണ്.

തൊഴിലാളികളുടെ കുറവുമൂലം കേരളത്തിലെ പല തോട്ടങ്ങളിലും ടാപ്പിങ് കൃത്യമായി നടക്കുന്നില്ല. കര്‍ഷകര്‍ സ്വന്തമായി ചെയ്യുന്ന തോട്ടങ്ങളില്‍ മാത്രമാണ് കൃത്യമായി ടാപ്പിങ് നടക്കുന്നത്. കാലാവസ്ഥാമാറ്റം മൂലമുള്ള ഉത്പാദനക്കുറവും വന്യമൃഗശല്യവും കേരളത്തിലെ റബ്ബര്‍ക്കൃഷിക്ക് വെല്ലുവിളിയാണ്. വരുമാനം, ടാപ്പിങ് തൊഴിലാളിയും ഉടമയും തുല്യമായി വീതിക്കുന്ന പങ്ക് രീതിയിലാണ് പലരും മുന്നോട്ടുകൊണ്ടുപോകുന്നത്.

ആനുകൂല്യം വര്‍ധിപ്പിച്ച് റബ്ബര്‍ബോര്‍ഡ്

ടാപ്പിങ് രംഗത്തേക്ക് കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി ആനുകൂല്യങ്ങള്‍ റബ്ബര്‍ബോര്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസസഹായം ആറാംക്ലാസ് മുതലാക്കി. ചികിത്സാസഹായം 30,000-ത്തില്‍നിന്ന് 50,000 രൂപയാക്കി. വീടുവെക്കാന്‍ 30,000 രൂപ നല്‍കിയിരുന്നത് 40,000 രൂപയാക്കി. വനിതാ തൊഴിലാളികളുടെ മക്കള്‍ക്ക് വിവാഹ ധനസഹായമായി 10,000 രൂപ നല്‍കിയിരുന്നത് 25,000 രൂപയാക്കി. റബ്ബര്‍ പുനഃകൃഷിക്ക് ഹെക്ടറിന് 30,000 രൂപയായിരുന്നത് 50,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
 

Content Highlights: kerala rubber tapping laborers migrating to karnataka