പ്രളയഭീതി ഒഴിഞ്ഞിട്ടില്ല; 11 ജില്ലകളിൽ അവധി, ആറ് ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴയുടെ തീവ്രതയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും നാശനഷ്ടങ്ങളും തുടരുകയാണ്. നിലവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോട്, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്,കുറ്റ്യാടി ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിടാനുള്ള സാധ്യതയുണ്ട്. കാലവർഷക്കെടുതിയിൽ ഇതുവരെ 11 പേരുടെ ജീവൻ നഷ്ടപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും അവധി നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ രാത്രി പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കട്ടപ്പന-കുമളി സംസ്ഥാന പാതയിലും വണ്ണപ്പുറം-ചേലച്ചുവട് പാതയിലും ഗതാഗതം ഭാഗികമാണ്. നേരിമംഗലം-അടിമാലി പാതയിൽ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മഴമുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ അടച്ചിടാൻ നിർദ്ദേശമുണ്ട്. കല്ലാർകുട്ടി, പാമ്പള, കല്ലാർ ഡാമുകൾ നിലവിൽ തുറന്നിരിക്കുകയാണ്. ഇരട്ടയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അതിതീവ്ര മഴ പെയ്യുന്നതിനാൽ ഷട്ടറുകൾ ഏതുസമയവും തുറന്നേക്കാം. ഇത് കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാൻ കാരണമാകുമെന്നതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റാന്നി, കോഴഞ്ചേരി, ആറന്മുള, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ആളുകളോട് മാറിതാമസിക്കാൻ ഭരണകൂടം അറിയിച്ചു.
കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിൽ നിന്നുള്ള വെള്ളം എത്തിയതോടെ നഗരമേഖലകളിൽ ദുരിതം ഇരട്ടിയായി. എറണാകുളം ജില്ലയിൽ കാറ്റും മഴയും തുടരുന്നു. മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ആലുവ ശിവക്ഷേത്രം ഇപ്പോഴും ഭാഗികമായി വെള്ളത്തിനടിയിലാണ്. ജില്ലയിൽ നിലവിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമേകിയിട്ടുണ്ട്. നിലവിൽ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 826 പേർ കഴിയുന്നുണ്ട്. കക്കയം ഡാമിന്റെ ഷട്ടർ തുറന്നതിനെ തുടർന്ന് കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട് എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പുഴകളിലും കടലിലും ഇറങ്ങരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlights: Yellow alert issued across all districts in Kerala., School holidays declared in 11 districts and specific taluks., Red alerts issued for Idukki and Pathanamthitta dams., Traffic restrictions imposed on major hill station routes., Relief camps operational in affected districts like Kozhikode and Ernakulam.