പി.എസ്.സി. പരീക്ഷാ ക്രമക്കേട്: അന്വേഷണത്തിലും തട്ടിപ്പ്, അന്വേഷണ ചുമതല പരീക്ഷാ കൺട്രോളർക്കുതന്നെ

തിരുവനന്തപുരം: ആസൂത്രണബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണത്തിലും തട്ടിപ്പിന് പി.എസ്.സി. ശ്രമം. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള പരീക്ഷാകൺട്രോളറെത്തന്നെയാണ് ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണവും കമ്മിഷൻ ഏൽപ്പിച്ചത്. ഇത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു. ഗുരുതര ക്രമക്കേടിന്റെ അന്വേഷണം പോലീസിനോ പോലീസിൽനിന്ന് ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന പി.എസ്.സി.യുടെ വിജിലൻസ് വിഭാഗത്തിനോ കൈമാറാത്തതും ദുരൂഹമാണ്.
ആസൂത്രണബോർഡിലെ ഉയർന്ന തസ്തികയായ ചീഫിന്റെ നിയമനത്തിന് നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിലാണ് ക്രമക്കേടുണ്ടായത്. പത്ത് ചോദ്യങ്ങൾക്ക് മാർക്കിടാതെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തുകയായിരുന്നു. നിയമനം നേടിയയാൾ ഇടതു സംഘടനാ നേതാവാണെന്ന് ആരോപണമുണ്ട്. സംഭവം വിവാദമായതോടെ തിങ്കളാഴ്ച കമ്മിഷൻ യോഗംചേർന്ന് പി.എസ്.സി.യുടെ ഇന്റേണൽ വിജിലൻസ് ഓഫീസറെ അന്വേഷണം ഏൽപ്പിക്കുന്ന വിചിത്രമായ തീരുമാനമാണ് ഉണ്ടായത്. പരീക്ഷാ കൺട്രോളർ തന്നെയാണ് ഇന്റേണൽ വിജിലൻസ് ഓഫീസർ.
പി.എസ്.സി.യുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന പോലീസിൽനിന്ന് ഡെപ്യൂട്ടേഷനിൽ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ടായിട്ടും അന്വേഷണം അദ്ദേഹത്തെ ഏൽപ്പിച്ചില്ല. ആദ്യം മുതൽ സംഭവത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് പി.എസ്.സി.യുടെ ഭാഗത്തുനിന്നുണ്ടായത്. വിവാദമുയർന്നിട്ടും റാങ്ക്പട്ടിക റദ്ദാക്കാൻ തീരുമാനിച്ചിട്ടില്ല. വിട്ടുപോയ ഉത്തരങ്ങൾക്ക് മൂല്യനിർണയം നടത്തി റാങ്ക്പട്ടിക അതിനനുസൃതമായി പരിഷ്‌കരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഗുരുതര ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട് ഒരാഴ്ചയായിട്ടും ഉത്തരവാദികളെ കണ്ടെത്താനോ ബന്ധപ്പെട്ടവർക്കെതിരേ നടപടിയെടുക്കാനോ തയ്യാറായതുമില്ല.
Content Highlights: Allegations of irregularities in the Planning Board Chief recruitment exam., Ten questions were left un-evaluated before the rank list was published., PSC has assigned the investigation to the same Exam Controller responsible for the conduct., Internal Vigilance is handling the probe instead of the Police or deputed Vigilance officers., The rank list remains active despite calls for cancellation.