പരീക്ഷാത്തട്ടിപ്പ് കേസ്; പി.എസ്.സി ചെയർമാൻ എം ആർ ബൈജുവിനെ ചോദ്യം ചെയ്യും, ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: പരീക്ഷാത്തട്ടിപ്പ് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഇന്ന് രണ്ട് പി.എസ്.സി അംഗങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്.
പി.എസ്.സി. നടത്തിയ സംസ്ഥാന ആസൂത്രണബോർഡ് ചീഫ് തസ്തികയിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു പോകാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി അതിരൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു.
സീരിയസ് കേസ് വരുമ്പോൾ ഭായ്-ഭായ് കളിച്ചിട്ടു കാര്യമില്ലെന്നും അന്വേഷണത്തിനെതിരേ പി.എസ്.സി. നൽകിയ ഹർജിയിൽ കോടതി ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പി.എസ്.സി. ഹർജി ഫയൽചെയ്തതോടെ അന്വേഷണം തടസ്സപ്പെട്ടിരിക്കുകയാണെന്ന് സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പ്രതികരണം. പി.എസ്.സി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വിശദീകരിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള എല്ലാ സ്വാതന്ത്ര്യവും സർക്കാരിനുണ്ട്. പക്ഷേ, ഹർജി ആയുധമാക്കി അന്വേഷണം സ്തംഭിപ്പിക്കുകയോ ഇഴഞ്ഞു നീങ്ങുകയോ ആണെന്നാണ് കോടതി വിമർശിച്ചത്.
ചോദ്യം ചെയ്യുന്നതിനായി ഹാജരാവാൻ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാവാൻ കഴിയില്ലെന്നാണ് പി.എസ്.സി ചെയർമാനും അംഗങ്ങളും മറുപടി നൽകിയിരുന്നത്.
Content Highlights: Crime Branch issued notice to Kerala PSC Chairman M.R. Baiju to appear for interrogation on Wednesday., Two PSC members are being interrogated as part of the exam fraud investigation., Kerala High Court severely criticized the slow pace of the investigation and the lack of cooperation from PSC.