‘അങ്ങ് ചെയ്തതുപോലെ ജനദ്രോഹപരമായ നടപടി ഈ സർക്കാർ എടുക്കില്ല’; വൈദ്യുതി വിഷയത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നത് ഉൾപ്പെടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് മറുപടി നൽകുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്. ഇത് തെറ്റാണ്. മുഖ്യമന്ത്രിക്ക് വന്ന ഫയലിൽ, അങ്ങ് മികച്ച ഉദ്യോഗസ്ഥനെന്ന് വാർത്താസമ്മേളനത്തിൽ സാക്ഷ്യപ്പെടുത്തിയ മുൻ കെ.എസ്.ഇ.ബി ചെയർമാൻ ഹിമാചൽ താരിഫ് സംബന്ധിച്ച് 29-10-2026-ന് പറഞ്ഞത്; 12.50/kWh Shall not be treated as confirmed unless expressly accepted in writing by the competent HP authority.
12.50 രൂപയ്ക്ക് വൈദ്യുതി നൽകുമെന്ന ഉറപ്പ് ഹിമാചൽ പ്രദേശ് അധികാരികൾ കെ.എസ്.ഇ.ബിക്ക് നൽകിയിട്ടില്ലെന്ന് ഇതിൽ വ്യക്തമാണ്. കെ.എസ്.ഇ.ബി പോലും ലഭിച്ചിട്ടില്ലെന്ന് പറയുന്ന പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്? ഇത് പുറത്തു വിടാൻ അങ്ങ് തയാറാകണം.
പ്രതിപക്ഷ നേതാവ് വാദിക്കുന്ന ഹിമാചൽ കരാർ പി.ടി.സി എന്ന ഇടനിലക്കാർ വഴിയാണെന്നും അവരുടെ മാർജിൻ കൂടി ഉൾപ്പെടുത്തിയാണ് 14.50 രൂപ നിരക്ക് നിശ്ചയിച്ചതെന്നുമുള്ളത് അങ്ങേയ്ക്ക് അറിയാത്തതാണോ അതോ സൗകര്യപൂർവം മറച്ചുവച്ചതാണോ?
കെ.എസ്.ഇ.ബിയിൽ നിന്നും രാജസ്ഥാൻ റെഗുലേറ്ററി കമ്മിഷനിൽ നിന്നും ലഭ്യമായ രേഖകൾ അനുസരിച്ച് 17-10-2026-നു തന്നെ ഹിമാചലിന്റെ അടിയന്തര ആവശ്യ പ്രകാരം രാജസ്ഥാൻ ബോർഡ് വൈദ്യുതി വാങ്ങാനുള്ള കരാർ അംഗീകരിച്ചുവെന്നും 18-10-2026-ന് കത്ത് നൽകിയെന്നും വ്യക്തമാണ്. രാജസ്ഥാന് 15.50 രൂപയ്ക്ക് നൽകാമെന്നേറ്റ വൈദ്യുതി എങ്ങനെയാണ് 12.50 രൂപയ്ക്ക് ഹിമാചൽ കെ.എസ്.ഇ.ബിക്ക് നൽകുന്നത്? അത്തരത്തിൽ എന്ത് ഉറപ്പ്, ആർക്ക് നൽകിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്?
ഹിമാചലിന്റെ പഴയ നിരക്ക് ചൂണ്ടിക്കാട്ടി ജി.എൻ.എയെ ന്യായീകരിക്കുന്നുവെന്നതാണ് അങ്ങയുടെ മറ്റൊരു വാദം. ഹിമാചലിന്റെ പഴയ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ജി.എൻ.എയാണ് മികച്ചതെന്ന് അങ്ങ് അംഗീകരിച്ചല്ലോ. ഹിമാചൽ കെ.എസ്.ഇ.ബിക്ക് ഒറ്റ നിരക്കു മാത്രമെ നൽകിട്ടുള്ളൂ. അതിൽ പഴയ നിരക്ക്, പുതിയ നിരക്ക് എന്നൊന്നില്ല. ജി.എൻ.എ ഒരു ഉൽപാദന കമ്പനി അല്ലെന്ന് ഇപ്പോൾ പറയുന്ന ഇതേ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ സ്ഥാപനം വഴി പലവട്ടം വൈദ്യുതി വാങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് നോട്ടെഴുതി കൊടുത്തവർ അത് മനപൂർവം മറന്നതാണോ? അങ്ങനെയെങ്കിൽ അവർ അങ്ങയെ നാണം കെടുത്താനാണ് ശ്രമിക്കുന്നത്. ജി.എൻ.എ വഴി കഴിഞ്ഞ സർക്കാർ വാങ്ങിയ വൈദ്യുതിയുടെ കണക്കുകൾ അങ്ങ് ആവശ്യപ്പെട്ടാൽ നൽകാൻ തയാറാണ്.
സംസ്ഥാനത്ത് ഇപ്പോൾ വൈദ്യുതി ക്ഷാമം ഇല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയെന്നുമാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. മുൻ കെ.എസ്.ഇ.ബി ചെയർമാൻ വൈദ്യുതി മന്ത്രി വഴി മുഖ്യമന്ത്രിക്ക് അയച്ച ഫയലിൽ 29-10-2026-ന് എഴുതിയത് ഞാൻ അങ്ങയുടെ അറിവിലേക്ക് പറയട്ടെ;
An immediate decision is imperative, as the proposal has been under consideration for more than two weeks. The State's existing power shortage, compounded by deficient rainfall, constrained hydro availability and the reported El Niño conditions, leaves little scope to absorb further supply uncertainty. If the available power is lost without an equivalent firm replacement, KSEBL may be left with no practical option but to impose prolonged power cuts, including during the critical summer months. Further delay therefore carries a direct risk to continuity of electricity supply across Kerala.
സെപ്തംബർ മാസത്തിൽ കേരളത്തിൽ പവർ കട്ട് ഏർപ്പെടുത്തേണ്ടി വന്നു. തുടർന്ന് ഒക്ടോബറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങിയാണ് സംസ്ഥാനം പവർ കട്ടിനെ മറികടന്നത്. കേരളത്തിലെ വൈദ്യുതി സംബന്ധിച്ച അതോറിട്ടിയായ കെ.എസ്.ഇ.ബി ഓപ്പൺ ടെൻഡർ വഴി ആവശ്യമായ വൈദ്യുതി ലഭ്യമല്ലെന്നും പവർ കട്ട് ഒഴിവാക്കാൻ അവരുടെ മുന്നിലുള്ള കരാറുകളിൽ അടിയന്തര തീരുമാനം കൈക്കൊള്ളാനുമാണ് സർക്കാരിന് ഫയലുകൾ സമർപ്പിച്ചത്. പവർ കട്ട് ഒഴിവാക്കാൻ ഏതാണ് അഭികാമ്യമെന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ മുന്നിൽ വച്ചത്. ആ ഫയലിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് നവംബറിൽ പവർ കട്ട് ഉണ്ടാകുമെന്ന് ഒക്ടോബർ അവസാന വാരം തന്നെ മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്ത വന്നു. അത് തെറ്റായിരുന്നെങ്കിൽ ആരാണ് അത്തരം വാർത്തകൾക്ക് പിന്നിൽ പ്രവർത്തിച്ചത്?
വിപണിയിൽ കൂടുതൽ വൈദ്യുതി ലഭ്യമാണ്, ഡാമുകളിൽ കൂടുതൽ വെള്ളമുണ്ട്, പൊതുവിപണിയേക്കാൾ മൂന്നര രൂപ ജി.എൻ.എ അധികം ഈടാക്കുന്നു എന്നൊക്കെയുള്ള വാദങ്ങളും ഉന്നയിച്ചു കണ്ടു.
കെ.എസ്.ഇ.ബി സർക്കാരിന് നൽകിയ ഫയലിൽ മത്സരാധിഷ്ഠിത മാർഗങ്ങൾ വഴി ആറ് ടെൻഡറുകൾ കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ DEEP പോർട്ടൽ വഴി നടത്തിയെന്നും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഇതിൽ നിന്നും ലഭ്യമായിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ റെഗുലേറ്ററി കമ്മിഷന് മുന്നിൽ നൽകിയ പ്രപ്പോസലുകളിൽ, സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത കൂടുതലുള്ള നോൺ സോളാർ സമയങ്ങളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാനുള്ള പ്രെപ്പോസലുകൾ ഉണ്ടായിട്ടില്ലെന്നും വ്യക്തമാണ്. പൊതുവിപണിയിൽ നിന്നും 5 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമായാൽ ജി.എൻ.എയ്ക്ക് 3.50 രൂപ അധികമായി നൽകേണ്ടി വരുമെന്നതാണ് അങ്ങയുടെ വാദം. അങ്ങനെയെങ്കിൽ ഹിമാചലിന് നൽകേണ്ടി വരുന്നത് ഒരു യൂണിറ്റിന് 9.50 രൂപയാണ്. ഇക്കാര്യം പ്രതിപക്ഷ നേതാവ് പറയാത്തത് പി.ടി.സി എന്ന ഇടനിലക്കാരൻ വഴി വന്ന ഹിമാചലിന്റെ പ്രെപ്പോസലിനെ ന്യായീകരിക്കുന്നതിന് തുല്യമല്ലേ?
ഹിമാചൽ, ജി.എൻ.എ താരതമ്യത്തിൽ മുഖ്യമന്ത്രി എടുത്ത തീരുമാനത്തെ അങ്ങ് ചോദ്യം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്ക് മുന്നിൽ വന്ന ഫയലുകൾ പരിശോധിച്ച ശേഷം സംസ്ഥാന താൽപര്യം മുൻനിർത്തിയാണ് തീരുമാനം എടുത്തത്. സംസ്ഥാനത്തിന് വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ള നോൺ സോളാർ, പീക്ക് അവറുകളിൽ ആരാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുകയെന്ന പരിശോധനയാണ് നടത്തിയത്. കെ.എസ്.ഇ.ബി ചെയർമാൻ നോട്ടിൽ കുറിച്ച പ്രകാരം, ജി.എൻ.എയിൽ നിന്നും ഹിമാചൽ കരാറിനെക്കാൾ 385 മില്യൺ യൂണിറ്റ് നോൺ സോളാർ സമയങ്ങളിൽ ലഭിക്കുമെന്നുണ്ട്. പീക്ക് സമയമായ വൈകിട്ട് 6:30 മുതൽ രാത്രി 10:30 വരെ ഹിമാചൽ നൽകുന്ന ശരാശരി വൈദ്യുതി ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ജി.എൻ.എ നൽകുന്ന 500 മെഗാവാട്ടിലും നന്നേ കുറവുമാണ്. കൂടാതെ ഹിമാചൽ കരാർ റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച ഉയർന്ന താരിഫായ 10 രൂപയ്ക്കും അംഗീകരിച്ച നിരക്കിനും മുകളിലായതു കൊണ്ടും അധിക ബാധ്യത സംസ്ഥാന സർക്കാരിന് മുകളിൽ വരുമെന്നും ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജി.എൻ.എയിൽ നിന്നും പകൽ സമയത്ത് ലഭിക്കുന്ന അധിക വൈദ്യുതിയിലൂടെ കേരളത്തിലെ ജലവൈദ്യുതി ഉൽപാദനം വേനൽക്കാലത്തേക്ക് ക്രമീകരിക്കാൻ സാധിക്കും. മേൽപറഞ്ഞ എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തത്.
മുഖ്യമന്ത്രി അനധികൃതമായി ഫയലിൽ ഇടപെട്ടുവെന്നും വൈദ്യുതി മന്ത്രിയെ മറികടന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഫയലുകൾ നിയന്ത്രിക്കുന്നുവെന്നും അങ്ങ് ആരോപിച്ചല്ലോ. സർക്കാരിന്റെ ഫയൽ നീക്കം സംബന്ധിച്ച വിവരങ്ങൾ അങ്ങേയ്ക്ക് നേരിട്ട് ലഭിക്കില്ലെന്നിരിക്കെ ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്? അങ്ങ് പറയുന്ന ഫയൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി വൈദ്യുതി മന്ത്രി അയച്ചതാണ്. അല്ലാതെ മുഖ്യമന്ത്രി വിളിപ്പിച്ചതല്ല. മുഖ്യമന്ത്രിയുടെ മുന്നിൽ തീരുമാനത്തിനെത്തിയ ഒരു ഫയലിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത കൂടി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുകയാണ് ചെയ്തത്.
ഉദ്യോഗസ്ഥർ നൽകുന്ന ഫലുകളിൽ ഒരു പരിശോധനയും നടത്താതെ ഒപ്പിടാനല്ല ജനങ്ങൾ ഈ സർക്കാരിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടാണ് ഫയൽ പരിശോധിച്ചതും കൃത്യമായ തീരുമാനം എടുത്തതും. ഉദ്യോഗസ്ഥർ കൊണ്ടു വരുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് ഞങ്ങളുടെ ശൈലിയല്ല.
ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ച് ജനങ്ങളുടെ പണം കൊള്ളയടിക്കലാണ് സർക്കാരിന്റെ നീക്കമെന്ന് അങ്ങ് ആരോപിക്കുന്നു. സോളാർ സമയത്തിന് പുറത്തും പീക്ക് അവറിലും ഉയർന്ന നിരക്കിൽ കുറവ് വൈദ്യുതി നൽകുന്ന കരാറിന് വേണ്ടി അങ്ങ് എന്തിനാണ് കുട പിടിക്കുന്നതെന്ന് മനസിലാകുന്നില്ല. കെ.എസ്.ഇ.ബി എതിർത്തിട്ടും മുഖ്യമന്ത്രി തീരുമാനം എടുത്തെന്നാണ് അങ്ങ് പറഞ്ഞത്. സർക്കാരിന്റെ തീരുമാനത്തിന് വിട്ട ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചപ്പോൾ മാത്രമാണ് തീരുമാനം അറിയിച്ചത്.
25 വർഷത്തേക്ക് 4.29 രൂപ നിരക്കിൽ യു.ഡി.എഫ് സർക്കാർ കൊണ്ടു വന്ന ദീർഘകാല കരാർ എട്ട് വർഷത്തെ ഉപയോഗത്തിന് ശേഷം റദ്ദാക്കുകയും പിന്നീട് എട്ട് മുതൽ 14 രൂപ വരെ നിരക്കിൽ സ്വകാര്യ ഏജൻസികളിൽ നിന്ന് വൈദ്യുതി വാങ്ങാൻ കുട പിടിക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു അങ്ങ്. അങ്ങ് എടുത്തതു പോലെ ജനദ്രോഹപരമായ ഒരു നടപടിയും ഈ സർക്കാർ കൈക്കൊള്ളില്ല. ജനങ്ങൾക്കു മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുന്ന ഒരു തീരുമാനവും ഈ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും വിനയപൂർവം അങ്ങയെ അറിയിക്കുന്നു.
Content Highlights: CMO firmly denies allegations of irregularities in Kerala's power purchase deals., Clarified that Himachal Pradesh did not confirm the 12.50/kWh electricity tariff rate as claimed by the opposition., Highlighted the actual threat of power cuts due to deficient rainfall and El Niño conditions in late 2026., Emphasized that decisions were made by evaluating financial implications and securing peak-hour power supply for the state.