സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം: 300 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കും

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് അയവുവരുത്തിക്കൊണ്ട് തിങ്കളാഴ്ച മുതൽ 300 മെഗാവാട്ട് അധിക വൈദ്യുതി ഉറപ്പുവരുത്തി കെഎസ്ഇബി. എൻടിപിസി വഴി ലഭ്യമാകുന്ന 150 മെഗാവാട്ട് വൈദ്യുതിക്ക് പുറമേ ഒഡീഷയിലെ പൊതുമേഖലാ കമ്പനിയായ ഗ്രിഡ്കോയിൽ (GRIDCO) നിന്ന് 150 മെഗാവാട്ട് കൂടി ലഭ്യമാക്കാനുള്ള ധാരണയിലേക്ക് കെ.എസ്.ഇ.ബി എത്തിച്ചേർന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെട്ടത്. പുതുതായി 300 മെഗാവാട്ട് അധികമായി ലഭിക്കുന്നതോടെ ഈ കുറവ് 600 മെഗാവാട്ടിലേക്ക് ചുരുക്കാൻ സാധിക്കും. ബാക്കി ആവശ്യമായി വരുന്ന വൈദ്യുതി വൈകിട്ട് 6 മണിക്കുശേഷം പ്രധാനപ്പെട്ട മൂന്ന് പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ഓരോ 15 മിനിറ്റ് ബ്ലോക്കുകളിലായി വാങ്ങാനാണ് കെ.എസ്.ഇ.ബി. ശ്രമിക്കുന്നത്. ഞായറാഴ്ച രാത്രി റിയൽ ടൈം മാർക്കറ്റിൽ നിന്ന് 550 മെഗാവാട്ടോളം വൈദ്യുതി വാങ്ങാൻ സാധിച്ചിരുന്നു.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെ.എസ്.ഇ.ബി ഡയറക്ടർമാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി അവിടുത്തെ വൈദ്യുതി ബോർഡുകളുമായും സർക്കാരുമായും ചർച്ചകൾ നടത്തിവരുന്നുണ്ട്. അതേസമയം, ഉയർന്ന വില നൽകി വൈദ്യുതി വാങ്ങിയാൽ ഉണ്ടാകുന്ന അധിക സാമ്പത്തിക ഭാരം ജനങ്ങളിലേക്കെത്തിക്കാൻ തത്കാലം സർക്കാറിന് നീക്കമില്ല. യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നിരക്ക് നൽകി വൈദ്യുതി വാങ്ങരുതെന്ന ദേശീയ നയം നിലനിൽക്കുന്നതിനാൽ അതിലും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കങ്ങളിൽ നിന്ന് കെ.എസ്.ഇ.ബി വിട്ടുനിൽക്കുകയാണ്.

കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതോടെ സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്ന നിയന്ത്രണങ്ങളിൽ ഗണ്യമായ കുറവുണ്ടാകും. ദിവസം മൂന്ന് തവണവരെ വൈദ്യുതി തടസ്സം അനുഭവപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഇത് ഒരു തവണയായി കുറയ്ക്കാൻ കെ.എസ്.ഇ.ബിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പവർ മാർക്കറ്റുകളിൽ കാര്യക്ഷമമായി ഇടപെട്ട് പ്രതിസന്ധി പരമാവധി പരിഹരിക്കാനാണ് അധികൃതരുടെ ശ്രമം.