വനിതാ മുഖ്യമന്ത്രിയെ ഉറ്റുനോക്കുമ്പോൾ; ഗൗരിയമ്മയോട് അന്ന് സിപിഎം ചെയ്തത്, ആരുണ്ട് കോൺഗ്രസിന്?

#കെ.എ ജോണി
Photo: mathrubhumi archives
Photo: mathrubhumi archives

ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ പ്രസ്താവനകളിലൊന്ന് രാഹുൽ ഗാന്ധിയുടേതായിരുന്നു. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുന്ന ദിവസം താൻ ഉറ്റുനോക്കുകയാണെന്നാണ് കോട്ടയത്തെ പ്രചാരണ യോഗത്തിൽ രാഹുൽ പറഞ്ഞത്. രാഹുലിന്റെ ആത്മാർത്ഥതയോ ഉദ്ദേശ്യ ശുദ്ധിയോ ചോദ്യം ചെയ്യേണ്ടതില്ല. പക്ഷേ, ഇക്കഴിഞ്ഞ 70 വർഷത്തെ കേരള ചരിത്രത്തിൽ കോൺഗ്രസിന് ഒരിക്കലും ഒരു വനിതാ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുണ്ടായിട്ടില്ല. കരുണാകരനോ ആന്റണിക്കോ ഉമ്മൻചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ വി.ഡി സതീശനോ ഒപ്പം ഉയർത്തിക്കാട്ടാവുന്ന ഒരു വനിതാ നേതാവ് ഇതുവരെ കേരളത്തിൽ കോൺഗ്രസിനുണ്ടായിട്ടില്ല. 1938-ൽ കെപിസിസി പ്രസിഡന്റായ ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മയല്ലാതെ മറ്റൊരു വനിത കെപിസിസിയുടെ തലപ്പത്തെത്തിയിട്ടില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ വനിതയെ ആണ് കോൺഗ്രസ് കേരളത്തിൽ നിർത്തിയത്. സിറ്റിങ് എംപിമാരുള്ളതുകൊണ്ടായിരുന്നു ഇതെന്ന വിശദീകരണമാണ് കോൺഗ്രസ് നൽകിയത്. ആലപ്പുഴയിൽ സിറ്റിങ് എംപിയുണ്ടായിരുന്നില്ല. എന്നിട്ടും രാജ്യസഭ എംപിയായിരുന്ന കെ.സി വേണുഗോപാലിനെയാണ് അവിടെ കോൺഗ്രസ് കളത്തിലിറക്കിയത്. ഇത്തവണ 95 സീറ്റിൽ ഒമ്പതിടത്ത് മാത്രമാണ് കോൺഗ്രസ് വനിതകൾക്ക് സീറ്റ് നൽകിയിരിക്കുന്നത്. 86 സീറ്റിൽ മത്സരിക്കുന്ന സിപിഎം 12 വനിതകളെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്. 98 ഇടങ്ങളിൽ പോരാടുന്ന ബിജെപിയുടെ സ്ഥാനാർത്ഥികളിൽ 14 പേരാണ് വനിതകൾ. നിയമസഭയിൽ സാന്നിദ്ധ്യമെങ്കിലുമുണ്ടാവുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നതിനാൽ വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് അവരോട് ചോദിക്കുന്നതിൽ അർത്ഥമില്ല. പക്ഷേ, സിപിഎമ്മിനോടും കോൺഗ്രസിനോടും ഈ ചോദ്യം ചോദിക്കുക തന്നെ വേണം.

കേരളത്തിലെ വോട്ടർമാരിൽ 1.38 കോടി വനിതകളാണ്. പുരുഷ വോട്ടർമാർ 1.31 കോടിയും. എന്നിട്ടും പത്ത് ശതമാനം സീറ്റ് (46) മാത്രമേ വനിതകൾക്ക് കിട്ടിയിട്ടുള്ളു. കഴിഞ്ഞ നിയമസഭയിൽ 11 വനിതാ എംഎൽഎമാരാണുണ്ടായിരുന്നത്. ഇത്തവണയും എത്ര പേർക്ക് നിയമസഭയിലെത്താൻ കഴിയുമെന്നത് കണ്ടറിയണം. കാരണം വിജയസാധ്യത കുറവുള്ള സീറ്റുകളാണ് പലപ്പോഴും വനിതകൾക്കായി മാറ്റിവെയ്ക്കുന്നത്.

ഗൗരിയമ്മയോട് ചെയ്തത്

1987-ൽ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവാനുള്ള സാദ്ധ്യത ഏറെയായിരുന്നു. ഇടത് മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ കെ.ആർ ഗൗരിയമ്മയായിരിക്കും മുഖ്യമന്ത്രി എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. പക്ഷേ, അവസരത്തിനൊത്തുയരാതെ സിപിഎം ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കി. 1996-ൽ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്ന സിപിഎം നടപടി ചരിപ്രരമായ മണ്ടത്തരം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഗൗരിയമ്മയുടെ കാര്യത്തിലും സിപിഎമ്മിന് സംഭവിച്ചത് ഇതേ മണ്ടത്തരമാണ്. 1957-ലെയും 1967-ലെയും ഇഎംഎസ് മന്ത്രിസഭകളിലും 1980-ലെ നായനാർ സർക്കാരിലും അംഗമായിരുന്ന ഗൗരിയമ്മ ഭരണ മികവിലും നേതൃശേഷിയിലും ആർക്കും പിന്നിലായിരുന്നില്ല.

കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാത്രമല്ല സിപിഎമ്മിന്റെ ഉന്നത നേതൃ നിരയിലേക്കും ഗൗരിയമ്മയ്ക്ക് കടന്നുവരാനായില്ല. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ഗൗരിയമ്മയ്ക്ക് ഇടം കിട്ടിയതേയില്ല. 1959-ൽ ഇന്ദിരാഗാന്ധി കോൺഗ്രസ് പ്രസിഡന്റാവുമ്പോൾ കേരളത്തിൽ റവന്യു മന്ത്രിയായിരുന്നു ഗൗരിയമ്മ എന്ന് മറക്കരുത്.

താൻപോരിമയായിരുന്നു ഗൗരിയമ്മയ്‌ക്കെതിരെ പാർട്ടിയിൽ ഉയർന്ന വലിയൊരു വിമർശം. ഇന്നിപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന വിമർശത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ ഈ ആരോപണം ഒരു കോമഡിയാവുന്നു. പാർട്ടി കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും എടുത്ത തീരുമാനം ചരിത്രപരമായ മണ്ടത്തരം എന്നു വിശേഷിപ്പിച്ച ജ്യോതി ബസുവിനെതിരെ ഒരു തരത്തിലുള്ള അച്ചടക്ക നടപടിയുമുണ്ടായില്ല എന്നതും കാണാതിരിക്കരുത്. ജ്യോതി ബസുവിന് സിപിഎം കൊടുത്ത ഇളവുകൾ 1994-ൽ ഗൗരിയമ്മയുടെ കാര്യത്തിലുണ്ടായില്ല. പാർട്ടിക്കുവേണ്ടി വൈവാഹിക ജീവിതം പോലും ബലികഴിച്ച ഒരാൾക്ക് മുന്നിലാണ് 75-ാമത്തെ വയസ്സിൽ പാർട്ടിയുടെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടത്. മുടിക്കെട്ടഴിച്ച്, പട്ടുടുത്ത്, ഉടവാളെടുത്ത് കൊടുങ്ങല്ലൂരു പോയി കാവു തീണ്ടാമെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു കവിതയിൽ ഗൗരിയമ്മയോട് പറയുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ സവർണ്ണ -പുരുഷ കാവുകൾ ഗൗരിയമ്മയെ പോലെ തീണ്ടിയ മറ്റൊരു വനിതയില്ല. എന്നിട്ടും ഗൗരിയമ്മയെ എന്തുകൊണ്ട് മുഖ്യമന്ത്രിയാക്കിയില്ല എന്ന ചോദ്യം സിപിഎമ്മിനെ എക്കാലവും പിന്തുടരും.

കോൺഗ്രസിന്റെ പ്രതിസന്ധി

സ്ത്രീ ശാക്തീകരണവും ജാതിക്കും വർഗ്ഗീയതയ്ക്കും എതിരെയുള്ള പോരാട്ടങ്ങളുമാണ് സമകാലിക ഇന്ത്യയിൽ ജനാധിപത്യത്തെ മൂല്യവത്താക്കുന്നത്. ഇതിൽ ആദ്യത്തേതിൽ വാചകമടിക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന മുഖ്യധാരാ പാർട്ടികൾ ഒന്നുപോലുമില്ല. നിലവിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാൻ എന്തുകൊണ്ടും യോഗ്യയായ കെ.കെ ശൈലജയോടും സിപിഎം ചെയ്യുന്നത് കാണാതിരിക്കാനാവില്ല. വാസ്തവത്തിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ കെ.കെ.എസ്സിനെ മുൻ നിരയിൽ നിർത്താൻ സിപിഎമ്മിന് കഴിഞ്ഞിരുന്നെങ്കിൽ പിണറായിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതിൽ പാർട്ടിക്ക് ഇങ്ങനെ വലയേണ്ടി വരുമായിരുന്നില്ല.

ആദ്യ വനിതാ പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും തിരഞ്ഞെടുത്ത കോൺഗ്രസിന്റെ വർത്തമാനകാലം ഈ തലത്തിൽ ശോകമാണ്. അടുത്ത സർക്കാരിനായി കച്ചകെട്ടിയിരിക്കെ പറഞ്ഞുനിൽക്കാൻ കേരളത്തിൽ കോൺഗ്രസിന് ഒരു കെ.കെ ശൈലജ പോലുമില്ലെന്നതാണ് യാഥാർത്ഥ്യം. രമേശ് ചെന്നിത്തലയ്ക്കോ വിഡി സതീശനോ പകരം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചൂണ്ടിക്കാണിക്കാൻ പറ്റുന്ന ഒരു വനിതാ നേതാവ് കോൺഗ്രസിലുണ്ടോ എന്ന് ചോദിച്ചാൽ കോൺഗ്രസുകാർ മാനത്തേക്ക് നോക്കിയിരിക്കേണ്ടി വരും. ജനാധിപത്യം സാക്ഷാത്കരിക്കപ്പെടുന്നത് വിവിധ വിഭാഗങ്ങൾക്ക് തുല്ല്യ പ്രാതിനിധ്യമുണ്ടാവുമ്പോഴാണ്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നേറുമ്പോഴും അധികാരത്തിന്റെ ഇടനാഴികളിൽ സ്ത്രീ പ്രാതിനിധ്യം പേരിന് മാത്രമാവുന്നു. കേരളത്തിൽ തൊഴിലില്ലാതെ നിൽക്കുന്നവരിൽ ബിരുദ ധാരികളായ പുരുഷന്മാരുടെ എണ്ണം 2.5 ലക്ഷമാണെങ്കിൽ സ്ത്രീകളുടെ എണ്ണം ഒമ്പത് ലക്ഷം വരുമെന്നത് ഇതോടൊപ്പം ചേർത്ത് വെയ്ക്കണം. ബിരുദാനന്തര ബിരുദമുള്ള 46,000 പുരുഷന്മാർ തൊഴിൽ രഹിതരാണെങ്കിൽ സ്ത്രീകളുടെ എണ്ണം മൂന്ന് ലക്ഷം വരും.

വെറുതെ ഉറ്റുനോക്കുന്നതുകൊണ്ടു മാത്രം കേരളത്തിലെന്നല്ല ഒരിടത്തും വനിതാ മുഖ്യമന്ത്രിയുണ്ടാവില്ല. വനിതാ നേതാക്കളെ മുന്നിലേക്ക് കൊണ്ടുവരാൻ ആസൂത്രിത ശ്രമം വേണം. ആത്മാർത്ഥതയും.

Content Highlights: Critical analysis of the lack of female CM candidates in Congress and CPM., Historical review of the missed opportunity for KR Gouri Amma in 1987., Data-driven look at gender disparity in legislative representation and employment., Call for structural changes to promote female leadership in 2026.