സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന് പാര്‍ട്ടികള്‍;വിചാരണ തടസ്സപ്പെട്ട് രാഷ്ട്രീയകൊലപാതക കേസുകള്‍

പ്രതീകാത്മക ചിത്രം | Photo: Special Arrangement
പ്രതീകാത്മക ചിത്രം | Photo: Special Arrangement

തലശ്ശേരി: ജില്ലയിലെ രാഷ്ട്രീയകൊലപാതക കേസുകളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കോടതിയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തന്നെ വേണമെന്നത് കേസിന്റെ വിചാരണയെ ബാധിക്കുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കി അനുമതി ലഭിക്കാത്ത 10 കേസുകളില്‍ വിചാരണ തടസ്സപ്പെട്ടു.

സര്‍ക്കാര്‍ അനുമതി നിഷേധിച്ച കേസുകളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കുകയാണ്. ഇത്തരം കേസുകളില്‍ നിശ്ചിത കാലാവധിക്കകം തീരുമാനമെടുക്കണമെന്ന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കുന്നത്. സര്‍ക്കാര്‍ തിരുമാനം വൈകുമ്പോള്‍ കേസിന്റെ വിചാരണയും നീളുന്നു.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ട ഒന്‍പത് ബിജെപി പ്രവര്‍ത്തകരുടെയും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും കേസിന്റെ വിചാരണ ഇക്കാരണത്താല്‍ തടസ്സപ്പെട്ടുകിടക്കുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കുമ്പോള്‍ മറ്റു പാര്‍ട്ടിപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

രണ്ടുവര്‍ഷത്തിനിടെ സിപിഎം പ്രവര്‍ത്തകരായ 12 പേര്‍ കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍, ബിജെപി പ്രവര്‍ത്തകന്‍ പാപ്പിനിശ്ശേരി അരോളിയിലെ സുജിത്ത് (26) കൊല്ലപ്പെട്ട കേസിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് അമ്മ സുലോചന നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

ഇത് സംബന്ധിച്ച് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബിനെ (29) കൊലപ്പെടുത്തിയ കേസില്‍ വിചാരണ മാറ്റിവെച്ചിരിക്കുകയാണ്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മുഹമ്മദ് നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. അതുവരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവ്.

സിപിഎം പ്രവര്‍ത്തകരായ ധനരാജ് (പയ്യന്നൂര്‍), ലതേഷ് (തലായി), ഹരിദാസ് (ന്യൂമാഹി), വിനോദ് (പൊയിലൂര്‍), ജിജേഷ് (ടെമ്പിള്‍ഗേറ്റ്), രവീന്ദ്രന്‍ (പിണറായി), ഓണിയന്‍ പ്രേമന്‍ (കണ്ണവം), മനോജ് (കല്യാശ്ശേരി), കെ. മോഹനന്‍ (വാളാങ്കിച്ചാല്‍) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചു. ഇതില്‍ ചില കേസുകള്‍ ഇതുവരെ വിചാരണ തുടങ്ങിയില്ല. വിചാരണ തുടങ്ങിയ ചില കേസുകള്‍ നീണ്ടു പോകുകയുമാണ്.

ബിജെപി പ്രവര്‍ത്തകരായ സുജിത്ത് (പാപ്പിനിശ്ശേരി), വിനോദ് (പയ്യന്നൂര്‍), ബിജു (പയ്യന്നൂര്‍), ശ്യാമപ്രസാദ് (കണ്ണവം), ഷമേജ് (കല്ലായിചുങ്കം), രാമചന്ദ്രന്‍ (പയ്യന്നൂര്‍), രമിത്ത് (പിണറായി), വിനീഷ് (തില്ലങ്കേരി), സന്തോഷ് (അണ്ടലൂര്‍) എന്നിവര്‍ കൊല്ലപ്പെട്ട കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അനുവദിച്ചില്ല. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലും അഡീഷണല്‍ ജില്ലാ കോടതിയിലുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെ അഞ്ച് പ്രോസിക്യൂട്ടര്‍മാരുണ്ട്. പ്രോസിക്യൂട്ടര്‍മാര്‍ പോരാ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തന്നെ വേണമെന്ന നിലപാടിലാണ് രാഷ്ട്രീയ നേതൃത്വം.

Content Highlights: Kerala Political Murder Cases Delay: High Court Intervention