കഴിഞ്ഞ വർഷത്തേതിനൊപ്പമോ കൂടുതലോ പെറ്റിക്കേസുകൾ വേണം; നെട്ടോട്ടമോടി പോലീസ്

#എം.അനിൽകുമാർ
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ക്വാട്ട തികയ്ക്കാനായി പോലീസുകാർ പെറ്റിപിടിക്കാനുള്ള നെട്ടോട്ടത്തിൽ. കഴിഞ്ഞ വർഷത്തെ കേസുകളുടെ എണ്ണത്തിനൊപ്പമെത്തിക്കണമെന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് പെറ്റിപിടിത്തവുമായി പോലീസ് രംഗത്തുള്ളത്.

വർഷം അവസാനിക്കാനിരിക്കെ കഴിഞ്ഞ വർഷത്തെ കണക്കിനൊപ്പമോ, കൂടുതലോ പെറ്റിക്കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാരിൽ പലരും ശബരിമല ഡ്യൂട്ടിയിലാണ്. ഇതിനു പുറമെ മറ്റുസ്ഥലങ്ങളിലും പ്രത്യേക ഡ്യൂട്ടിക്കായി ലോക്കൽ പോലീസുകാരെയാണ് വിന്യസിക്കുന്നത്. പല സ്റ്റേഷനുകളിലും പോലീസുകാരുടെ കുറവുള്ളപ്പോഴാണ് പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാനായി ലോക്കൽ പോലീസിലുള്ളവർ നെട്ടോട്ടമോടുന്നത്.

പല പോലീസ് സ്‌റ്റേഷനുകളിലും ഇരുപതോ അതിൽ കൂടുതലോ പെറ്റിക്കേസുകൾ രജിസ്റ്റർ ചെയ്താലെ കണക്കൊപ്പിക്കാൻ കഴിയൂ. ഇതിനായി വാഹനവുമായി നിരത്തിലിറങ്ങുന്നവരെയാണ് പോലീസ് പെറ്റിക്കേസിനായി ലക്ഷ്യംവെയ്ക്കുന്നത്. നിലവിൽ എ.ഐ. ക്യാമറകളിൽ ഗതാഗതനിയമ ലംഘനം രേഖപ്പെടുത്തുന്നുണ്ട്. ഇതിനു പുറമെയാണ് പോലീസിന്റെ പരിശോധനയും.

റോഡുവക്കിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്തുപോലും എണ്ണം കൂട്ടാനായി പെറ്റിക്കേസ് എടുക്കുന്നതായി ആക്ഷേപം ഉയരുകയാണ്. വാഹനത്തിന്റെ രേഖകളിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ കേസും ഉറപ്പാണ്. ഉടമയെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തി കേസെടുക്കുകയാണ് ചെയ്യുന്നത്. പോലീസ് ഇത്തരത്തിൽ ഒപ്പിച്ചെടുക്കുന്ന പെറ്റിക്കേസുകളുടെ പിഴത്തുക ഓൺലൈനായി അടയ്ക്കാനാവില്ല. പകരം കോടതിയിൽ ഹാജരായി അടയ്‌ക്കേണ്ടിവരുന്നു.

Content Highlights: Kerala police face pressure to meet last year`s case quota