തണുപ്പിൽ പരിശീലിപ്പിക്കുന്ന നായക്ക് ചൂടിൽ ജോലിചെയ്യാനാവില്ല;ഇടുക്കിയിലെ പരിശീലനകേന്ദ്രത്തിന് വിമർശനം

#വര്‍ഗീസ് സി. ജോര്‍ജ്
പ്രതീകാത്മകചിത്രം | ചിത്രം: രാമനാഥ പൈ, മാതൃഭൂമി
പ്രതീകാത്മകചിത്രം | ചിത്രം: രാമനാഥ പൈ, മാതൃഭൂമി

കോട്ടയം: ഇടുക്കി കുട്ടിക്കാനത്ത് പുതുതായി നിര്‍മിക്കുന്ന പോലീസ് നായ പരിശീലനകേന്ദ്രത്തിന് സേനയ്ക്കുള്ളില്‍ വിമര്‍ശനം. കുട്ടിക്കാനത്തെ തണുപ്പില്‍ പരിശീലിപ്പിക്കുന്ന നായകളെ, സംസ്ഥാനത്തെ 37 വരെ ഡിഗ്രി ചൂടുള്ള മറ്റുപ്രദേശങ്ങളില്‍ ജോലിചെയ്യിപ്പിക്കാന്‍ കഴിയില്ലെന്നിരിക്കെ പണം ധൂര്‍ത്തടിക്കാനാണ് നിര്‍മാണമെന്നാണ് ആക്ഷേപം. മുന്‍പ് തൃശ്ശൂര്‍ അക്കാദമിയുടെ ചുമതലയുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ താത്പര്യത്തിനുവഴങ്ങി, പ്രാഥമികാന്വേഷണംപോലും നടത്താതെ ആഭ്യന്തരവകുപ്പ് അനുമതിനല്‍കിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

15 വര്‍ഷംമുന്‍പ് 10 കോടിയിലേറെ ചെലവിട്ട് തൃശ്ശൂരില്‍ സ്ഥാപിച്ച പരിശീലനകേന്ദ്രത്തില്‍ ഒരേസമയം 125 നായകളെ പരിശീലിപ്പിക്കാനുള്ള എല്ലാ സൗകര്യവുമുണ്ട്. 150-ല്‍ത്താഴെ നായകളാണ് പോലീസ് സേനയിലുള്ളത്. പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കാന്‍ രണ്ടുകോടി രൂപ അനുവദിച്ചു. ശീതീകരിച്ച കൂടുകള്‍, അജിലിറ്റി പാര്‍ക്ക്, പരിശീലന ഉപകരണങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ശാരീരികപരിരക്ഷയ്ക്കുള്ള ഉപകരണങ്ങള്‍ തുടങ്ങി സൗകര്യങ്ങള്‍ക്കായി പത്തുകോടിയിലേറെ രൂപ വേറെ ചെലവുവരും.

എവിടെയാണോ ജോലിചെയ്യേണ്ടത് ആ പരിതഃസ്ഥിതിയില്‍ നായയെ പരിശീലിപ്പിക്കണമെന്നാണ് ചട്ടം. മറിച്ചാണെങ്കില്‍ നായയ്ക്ക് കാര്യക്ഷമമായി ജോലിചെയ്യാനാകാതെ വരും. ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥന്റെ നിര്‍ബന്ധത്തില്‍ നേരത്തേ കുട്ടിക്കാനത്ത് ചെറിയ പരിശീലനങ്ങള്‍ നടത്തിയിരുന്നു. അന്ന് ശരിയായ പരിചരണം ലഭിക്കാതെവന്നതോടെ പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി പരിശീലനം വിലക്കി.

പരിശീലനം ഒന്‍പതുമാസം, ചെലവ് 25 ലക്ഷം

ഒരു നായയ്ക്ക് ഒന്‍പതുമാസമാണ് പരിശീലനം. ഒരുദിവസം ഭക്ഷണത്തിന് 400 രൂപ. മരുന്ന്, വാക്‌സിനേഷനുള്‍പ്പെടെ മറ്റുചെലവ് ആകെ അരലക്ഷത്തിലേറെ. കൂടെയുള്ള രണ്ടുപോലീസുകാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, കൂടുകളും മറ്റും വൃത്തിയാക്കുന്നവര്‍ എന്നിവരുടെ ശമ്പളവും കൂടിയാകുമ്പോള്‍ 25 ലക്ഷത്തിലേറെ രൂപയാണ് പരിശീലനം പൂര്‍ത്തിയാക്കുംവരെയുള്ള ചെലവ്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഓരോ വര്‍ഷവും 10 ദിവസം വീതം തുടര്‍പരിശീലനവുമുണ്ട്.

സേനയില്‍ 11 നാടന്‍ നായകള്‍

കേരള പോലീസിന്റെ കെ-9 സ്‌ക്വാഡില്‍ 11 നാടന്‍ നായകളുണ്ട്. തമിഴ്‌നാട് ഇനങ്ങളായ ചിപ്പിപ്പാറ, കന്നി, കര്‍ണാടകയിലെ മുധോള്‍ ഹൗണ്ട് ഇനങ്ങളില്‍പ്പെട്ട നായകളാണിത്. 2016-17 കാലയളവില്‍ ബ്രീഡ് ചെയ്തതില്‍ ലാബര്‍ഡോര്‍ ഇനത്തില്‍പ്പെട്ട 14 നായക്കുട്ടികളെ ലഭിച്ചിരുന്നു. ഇതില്‍ 12 എണ്ണത്തിനെ സേനയിലെടുത്തു. നര്‍ക്കോട്ടിക് വിഭാഗത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 

Content Highlights: kerala police dog training center of idukki faces backlash