‘സർക്കാരിന്റെ ഹെലികോപ്റ്റർ വാടക വിവരങ്ങൾ ആഭ്യന്തര രഹസ്യം’: വിവരാവകാശം നിഷേധിച്ച് കേരള പോലീസ്

#ന്യൂസ് ഡെസ്ക്
ഹെലികോപ്റ്റർ, വി.ഡി. സതീശൻ | Photo: Mathrubhumi
ഹെലികോപ്റ്റർ, വി.ഡി. സതീശൻ | Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ വാടകയും ഉപയോഗവും സംബന്ധിച്ച വിശദാംശങ്ങൾ അതീവ രഹസ്യമാണെന്ന് വ്യക്തമാക്കി കേരള പോലീസ്. ഹെലികോപ്റ്ററിന്റെ വാടക, കരാർ പകർപ്പ്, കമ്പനിയുടെ വിവരങ്ങൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവരാവകാശ അപേക്ഷയ്ക്കാണ് വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന് പോലീസ് മറുപടിനൽകിയത്. 

വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയാണ് ജൂലൈ 31 വരെയുള്ള ഹെലികോപ്റ്റർ ഉപയോഗത്തിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. ഏത് കമ്പനിയിൽനിന്നാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്, എത്ര തുക ഇതുവരെ വാടക നൽകി, ഏതൊക്കെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു തുടങ്ങി ഏഴ് കാര്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

എന്നാൽ, ഈ വിവരങ്ങൾ പോലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും വിവരാവകാശ നിയമപ്രകാരം ഇത് നൽകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകി.

ഹെലികോപ്റ്റർ പ്രതിമാസം 85 ലക്ഷത്തോളം രൂപ വാടകനൽകിയാണ് ഉപയോഗിക്കുന്നതെന്ന വിവരങ്ങൾ മുൻപ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടികളിലൂടെ പുറത്തുവന്നിരുന്നു. സർക്കാർ ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത തുക വാടകയായി നൽകണമെന്ന വിവരവും മുൻപത്തെ കരാർ വിവരങ്ങളും ഇത്തരത്തിൽ വിവരാവകാശത്തിലൂടെ ലഭിച്ചിരുന്നു.

Content Highlights: Kerala Police denied an RTI request regarding helicopter rental costs and contract details., The information was withheld citing the 'confidential' nature of the Police Headquarters department., RTI activist Raju Vazhakkala sought details on rental companies, total payments, and usage logs., Previous disclosures revealed a monthly rental cost of approximately 85 lakhs for the helicopter.