കേന്ദ്രം തടഞ്ഞുവെച്ച 1200 കോടി വാങ്ങിയെടുക്കണം; സിപിഐയുടെ എതിര്‍പ്പ് മറികടന്ന്‘പിഎം-ശ്രീ’ നടപ്പാക്കാൻ പിൻവാതിൽ നീക്കം

#പി.കെ. മണികണ്ഠൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi
പ്രതീകാത്മക ചിത്രം| ഫോട്ടോ: mathrubhumi

തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിർപ്പ് തുടരുമ്പോഴും മന്ത്രിസഭയെയും മുന്നണിയെയും മറികടന്ന് ‘പിഎം-ശ്രീ സ്കൂൾ’ നടപ്പാക്കാൻ അണിയറനീക്കം. പിഎം-ശ്രീ നടപ്പാക്കാത്തതിനാൽ രണ്ടു വർഷമായി സമഗ്രശിക്ഷാ കേരളയ്ക്ക് (എസ്എസ്‌കെ) കേന്ദ്രസർക്കാർ തടഞ്ഞുവെച്ച 1200 കോടി രൂപ നേടിയെടുക്കാനാണ് ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെ, മന്ത്രി വി. ശിവൻകുട്ടി പിഎം-ശ്രീയുമായി മുന്നോട്ടുപോകാൻ ഉദ്യോഗസ്ഥർക്കു പച്ചക്കൊടി കാണിച്ചെന്നാണ് വിവരം. ധനപ്രതിസന്ധി രൂക്ഷമായിരിക്കേ, അവകാശപ്പെട്ട പണം പാഴാക്കരുതെന്നാണ് മന്ത്രിയുടെ നിർദേശം.

ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്കൂൾ പ്രത്യേകം വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എൻഇപി) മികവ് പ്രദർശിപ്പിക്കുന്നതാണ് ‘പിഎം-ശ്രീ’ പദ്ധതി. വിദ്യാഭ്യാസത്തിൽ വർഗീയതയും വാണിജ്യവത്കരണവും ആരോപിച്ച് ഇടതുപക്ഷം രാഷ്ട്രീയവും നയപരവുമായി പദ്ധതിയെ എതിർക്കുകയാണ്. അടുത്തയിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരെ സന്ദർശിച്ചപ്പോഴും ഇക്കാര്യത്തിൽ ചർച്ചനടത്തിയതായാണ് സൂചന.

2023-24-ലാണ് കേന്ദ്രം ഫണ്ട് തടഞ്ഞത്. പദ്ധതിശുപാർശ മന്ത്രിസഭയിലെത്തിയപ്പോൾ സിപിഐ എതിർത്തതിനാൽ മുന്നോട്ടുപോയില്ല. തമിഴ്‌നാടിനെപ്പോലെ സുപ്രീംകോടതിയിൽ പോകാൻ ആലോചന വന്നെങ്കിലും സമയം പാഴാക്കലാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാദം. വിഷയം മന്ത്രിസഭയിലും ഇടതുമുന്നണിയിലും ചർച്ചയ്ക്കുവന്നാൽ തടസ്സം ഉന്നയിക്കപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഉദ്യോഗസ്ഥർ വഴി നടപ്പാക്ക‌ാനുള്ള രഹസ്യനീക്കം.

പിഎം-ശ്രീ സ്‌കൂൾ

എൻഇപിയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കാനുള്ളതാണ് പിഎം-ശ്രീ സ്കൂൾ. അതിനാൽ, ഇതു നടപ്പാക്കാൻ എൻഇപി ഒപ്പിടണം. 2023-27 വർഷത്തേക്ക് വിഭാവനംചെയ്ത പദ്ധതിയാണിത്. ഓരോ ബ്ലോക്കിലും രണ്ടു സ്കൂൾ പിഎം-ശ്രീയായി വികസിപ്പിക്കും. ഒരു സ്കൂളിന് ശരാശരി 1.13 കോടി. കേന്ദ്ര-സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിൽ. അതിനാൽ, കേരളം പണംമുടക്കി വികസിപ്പിച്ച സ്‌കൂൾ കേന്ദ്ര ബ്രാൻഡിങ്ങിനു വിട്ടുകൊടുക്കണമോയെന്നാണ് സിപിഐയുടെ ചോദ്യം.

Content Highlights: Kerala government aims to implement PM-SHRI Schools to secure ₹1200 crore in central funding, bypassing CPI`s opposition citing concerns of communalism and commercialization in NEP.