തോട്ടംതൊഴിലാളികളുടെ കൂലി പുതുക്കിനിശ്ചയിച്ചു, ഇനി 546 രൂപ; STU, INTUC പ്രതിനിധികൾ ഒപ്പുവെച്ചില്ല

മേപ്പാടി(വയനാട്): തോട്ടംതൊഴിലാളികളുടെ കൂലി സർക്കാർ പുതുക്കിനിശ്ചയിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയോഗത്തിലാണ് തൊഴിലാളികളുടെ ദിവസക്കൂലിയിൽ 48 രൂപയുടെ വർധന പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ കൂലി 546 രൂപയായി വർധിച്ചു. യഥാർഥത്തിൽ 43 രൂപയുടെ വർധനയാണുണ്ടായത്.
ബാക്കി അഞ്ചുരൂപ പ്രത്യേക അലവൻസായാണ് അനുവദിച്ചത്. മുൻകാലപ്രാബല്യമില്ലാതെയാണ് കൂലി പുതുക്കിനിശ്ചയിച്ചത്. അലവൻസിന് ഗ്രാറ്റ്വിറ്റിയോ പി.എഫോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കില്ല. തോട്ടംതൊഴിലാളികളുടെ മിനിമം വേതനം 700 രൂപയാക്കണമെന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടത്. 2025 ഡിസംബറിൽ നിലവിലുള്ള സേവന-വേതന വ്യവസ്ഥയുടെ കാലാവധി അവസാനിച്ചിരുന്നു.
2016-ൽ ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ് 62 രൂപയുടെ ഉയർന്ന കൂലിവർധനയുണ്ടായത്. തുടർന്ന് വന്ന പിണറായിസർക്കാർ 2019-ൽ 52 രൂപയും 2023-ൽ 41 രൂപയും വർധിപ്പിച്ചു. 2023-ൽ ഒന്നരവർഷത്തെ കുടിശ്ശികയിൽ ഒരുവർഷം നഷ്ടപ്പെടുത്തി ആറുമാസത്തെ കുടിശ്ശികമാത്രമാണ് തൊഴിലാളികൾക്ക് നൽകിയത്. ഇപ്പോഴും മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കേണ്ടത് പൂർണമായും നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
എൽ.ഡി.എഫ്. സർക്കാർ തൊഴിലാളികളെ വഞ്ചിച്ചു
കല്പറ്റ: മുൻകാലപ്രാബല്യമില്ലാതെ തോട്ടംതൊഴിലാളികളുടെ അടിസ്ഥാനവേതനത്തിൽ നാമമാത്രമായ തുകയുടെ വർധന വരുത്തിയ എൽ.ഡി.എഫ്. സർക്കാർ തോട്ടംതൊഴിലാളികളെ വഞ്ചിച്ചെന്ന് തോട്ടംതൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു.) ആരോപിച്ചു. പിണറായിസർക്കാരിന്റെ കാലത്തെ മൂന്ന് കൂലിവർധനയിലും വേതനപരിഷ്‌കരണത്തോടൊപ്പം ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. 2023-ൽ മറ്റ് ആനുകൂല്യങ്ങൾ പുതുക്കിനിശ്ചയിക്കുന്നതിന് സബ് കമ്മിറ്റിയെ നിയമിച്ചെങ്കിലും സബ് കമ്മിറ്റി കൂടുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്തില്ല. ഇത്തവണയും മറ്റ് ആനുകൂല്യങ്ങൾ ഒന്നും വർധിപ്പിക്കാതെ അടിസ്ഥാന കൂലിയിൽ 43 രൂപയുടെ വർധനമാത്രമാണ് വരുത്തിയത്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോട്ടംതൊഴിലാളികളുടെ കൂലി 600 രൂപയായും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂലി 700 രൂപയായും വർധിപ്പിക്കുമെന്ന് തോട്ടംതൊഴിലാളികൾക്ക് ഉറപ്പുനൽകിയാണ് പിണറായിസർക്കാർ അധികാരത്തിൽ വന്നത്.
കേരളത്തിൽ പാസാക്കിയ മിനിമം വേജസ് നടപ്പാക്കാത്ത തൊഴിൽമേഖലയാണ് തോട്ടംമേഖല. തോട്ടംതൊഴിലാളികളുടെ കൂലി 700 രൂപയാക്കി മുൻകാലപ്രാബല്യത്തോടെ വർധിപ്പിക്കണമെന്നാണ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടത്. ഡിമാൻഡ് നോട്ടീസ് നൽകിയിട്ടും സർക്കാർനടപടിയിൽ പ്രതിഷേധിച്ച് എസ്.ടി.യു., ഐ.എൻ.ടി.യു.സി. യൂണിയൻ പ്രതിനിധികൾ കൂലിപുതുക്കിയ എഗ്രിമെന്റിൽ ഒപ്പുവെക്കാതെ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
Content Highlights: Daily wage increased by Rs 48, bringing the total to Rs 546., Wage hike includes Rs 43 base increase and Rs 5 as special allowance., Unions demand a minimum wage of Rs 700., Wage revision implemented without retrospective effect., Major trade unions protested against the lack of additional benefits.